കാഴ്ച നഷ്ടപ്പെട്ടിട്ടും അതേ ജോലി തുടരുന്നു; വൈറലായി വീഡിയോ
വേഗതയില്‍ കായ ചീകി തിളക്കുന്ന എണ്ണയിലേക്ക് ഇടുന്നതും, വഴറ്റുന്നതും, ഉപ്പ് വിതറുന്നതും, പാകമാകുമ്പോള്‍ ചിപ്‌സ് കോരിയെടുത്ത് മാറ്റുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഫുഡ് വ്‌ലോഗറായ സന്‍സ്‌കാര്‍ ഖെമാനിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വീഡിയോ പങ്കുവച്ചത്
സദാസമയവും ആളിക്കത്തുന്ന അടുപ്പിന് മുകളിലിരിക്കുന്ന വലിയ ചട്ടിയില്‍ ( Vessel ) നിന്നുള്ള ചൂടും പുകയും എരിച്ചിലും... വര്‍ഷങ്ങളോളം ഈ ശീലത്തിലിരുന്ന് ക്രമേണ കാഴ്ച നഷ്ടപ്പെട്ട വഴിയോരക്കച്ചവടക്കാരനെ കുറിച്ചുള്ളൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ( Social Media ) വൈറലായിക്കൊണ്ടിരിക്കുന്നത്.
റോഡരികില്‍ പന്തല്‍ പോലുള്ള ചെറിയ കടയില്‍ ചിപ്‌സ് തയ്യാറാക്കുകയാണ് അദ്ദേഹം. ഈ ജോലി വര്‍ഷങ്ങളോളം ചെയ്തത് മൂലം കാഴ്ച നഷ്ടപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. എന്നിട്ടും ഉപജീവനത്തിന് മറ്റ് സാധ്യതകളേതുമില്ലാതെ അതേ ജോലി തന്നെ തുടരുകയാണ് അദ്ദേഹം.
വേഗതയില്‍ കായ ചീകി തിളക്കുന്ന എണ്ണയിലേക്ക് ഇടുന്നതും, വഴറ്റുന്നതും, ഉപ്പ് വിതറുന്നതും, പാകമാകുമ്പോള്‍ ചിപ്‌സ് കോരിയെടുത്ത് മാറ്റുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഫുഡ് വ്‌ലോഗറായ സന്‍സ്‌കാര്‍ ഖെമാനിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വീഡിയോ പങ്കുവച്ചത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്.
നാസിക്കിലുള്ളവരെല്ലാം ഇദ്ദേഹത്തിന്റെ പക്കല്‍ നിന്ന് ചിപ്‌സ് വാങ്ങിക്കണമെന്നും എല്ലാവരും ഒന്നിച്ചുനിന്നാല്‍ നമുക്കിദ്ദേഹത്തിന്റെ കാഴ്ച തിരിച്ചുനല്‍കാന്‍ സാധിക്കുമെന്നും സന്‍സ്‌കാര്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേരാണ് ദിവസങ്ങള്‍ക്കുള്ളില്‍ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
ജീവിക്കാന്‍ വേണ്ടി ഓരോ മനുഷ്യരും എടുക്കുന്ന പ്രയത്‌നത്തെ കുറിച്ചും ദുരിതങ്ങളെ കുറിച്ചുമെല്ലാം വീഡിയോയ്ക്ക് താഴെ കമന്റുകള്‍ വന്ന് നിറഞ്ഞിട്ടുണ്ട്. ചിലര്‍ കച്ചവടക്കാരന്റെ വിലാസം ചോദിച്ച്, അദ്ദേഹത്തെ സഹായിക്കാനുള്ള സന്മനസും അറിയിക്കുന്നുണ്ട്.
വീഡിയോ കാണാം...
Also Read:- കുടുംബം നോക്കാന്‍ പതിനാലുകാരന്റെ വഴിക്കച്ചവടം; വൈറലായി വീഡിയോ