സാമൂഹിക അകലം പാലിച്ചുകൊണ്ട് എങ്ങനെ ഹൽദി ചടങ്ങ് നടത്താം? കിടിലന്‍ ഐഡിയയുമായി വീഡിയോ വൈറല്‍
സാമൂഹിക അകലം പാലിച്ചുകൊണ്ട് നടത്തിയ ഒരു ഹല്‍ദി ചടങ്ങിന്‍റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള പരിശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. കൊവിഡ് എത്രകാലം തുടരുമെന്ന് വ്യക്തമല്ലാത്തതിനാല്‍ മരുന്ന് കണ്ടെത്തും വരെ സാമൂഹിക അകലം പാലിക്കുക, മുഖാവരണം ഉപയോഗിക്കുക എന്നിവയാണ് ഏറ്റവും വലിയ പ്രതിവിധികള്‍. രോഗവ്യാപന പ്രതിരോധവുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ വരെ പരമാവധി ഒഴിവാക്കുകയാണ് ആളുകള്‍.
ചിലര്‍ വിവാഹങ്ങള്‍ നീട്ടിവയ്ക്കുമ്പോള്‍ മറ്റുചിലര്‍ ലളിതമായി ചടങ്ങുകള്‍ നടത്തുകയാണ് ചെയ്യുന്നത്. അത്തരത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് നടത്തിയ ഒരു ഹല്‍ദി ചടങ്ങിന്‍റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കല്യാണ പെണ്ണിനെ മഞ്ഞൾ അണിയിക്കുന്ന ഹൽദി ആഘോഷം ഇന്ന് ജാതി-മത വ്യത്യാസമില്ലാതെ എല്ലാവിഭാഗക്കാരും പിന്തുടർന്ന് തുടങ്ങിയിരിക്കുന്നു. കേരളത്തിൽ അത്ര പ്രചാരത്തിൽ ഇല്ലെങ്കിലും ഉത്തരേന്ത്യൻ വിവാഹങ്ങളിൽ ഹൽദി ചടങ്ങ് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ, പൊലിമ കൂട്ടിയും കുറഞ്ഞുമൊക്കെ ഇത്തരം ചടങ്ങുകൾ നടക്കാറുണ്ട്. കൊറോണ കാലത്തും സാമൂഹിക അകലം പാലിച്ചുകൊണ്ട് ഹൽദി ചടങ്ങ് നടത്താം എന്നു കൂടി കാണിക്കുകയാണ് ഈ വീഡിയോ.
പായൽ ഭയാന എന്ന ട്വിറ്റർ ഉപഭോക്താവ് ആണ് ഈ കിടിലന്‍ ഹൽദി ചടങ്ങിന്റെ വീഡിയോ പങ്കുവച്ചത്. കല്യാണ പെണ്ണിന്‍റെ ശരീരത്തിൽ മഞ്ഞൾ പുരട്ടുന്നതാണ് വീഡിയോയില്‍ കാണുന്നത്. പക്ഷേ കൈ കൊണ്ടല്ലെന്ന് മാത്രം. പെയിന്റ് ചെയ്യാനുപയോഗിക്കുന്ന റോളർ ബ്രഷിലാണ് പെണ്‍കുട്ടിയുടെ ശരീരത്തിൽ മഞ്ഞൾ പുരട്ടുന്നത്.
നീളമുള്ള ഒരു പിടിയും ഒപ്പം ഘടിപ്പിച്ചിട്ടുണ്ട്. റോളർ എടുത്ത് മഞ്ഞൾ മിശ്രിതത്തിൽ മുക്കി ചുവരിന് പെയിന്റടിക്കുന്നതുപോലെ യുവതിയുടെ ശരീത്തിൽ മഞ്ഞൾ പുരട്ടുന്ന വീഡിയോ ഇതിനോടകം വൈറലായി മാറി. കൊവിഡ് കാല സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള ഹൽദി ചടങ്ങ് പൊളിച്ചു എന്നാണ് ആളുകളുടെ അഭിപ്രായം.
Also Read: കൊറോണ കാലത്തെ വിവാഹം; വധൂവരന്മാരടക്കം എല്ലാവരും എത്തിയത് മാസ്ക് ധരിച്ച്, മാതൃക...