ദുരന്തകാലത്തെ നായകന്‍; 1,100 മൃതദേഹങ്ങള്‍ക്ക് അന്ത്യകമ്മം ചെയ്ത പൊലീസുകാരന് അഭിനന്ദനം
കൊവിഡ് പ്രതിസന്ധിക്കിടയിലും മുന്‍-പിന്‍ നോക്കാതെ സേവനരംഗത്ത് അടിയുറച്ച് നില്‍ക്കുന്നത് പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരുമാണെന്ന് ഏവരും ഒരേ സ്വരത്തില്‍ പറയുന്നു. പലയിടങ്ങളിലും സുരക്ഷാകവചമായ പിപിഇ സ്യൂട്ട് പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണ് പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരും ജോലി ചെയ്യുന്നതെന്നും അക്കാര്യങ്ങള്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയരുന്നുണ്ട്
കൊവിഡ് 19 മഹാമാരിയോട് ഓരോ നിമിഷവും പോരാടിക്കൊണ്ടിരിക്കുകയാണ് രാജ്യം. ദിവസവും ലക്ഷക്കണക്കിന് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ആയിരങ്ങള്‍ പ്രതിദിനം കൊവിഡ് മൂലം മരിച്ചുവീഴുന്നു.
കൊവിഡ് ബാധിച്ച മരിച്ചവരുടെ മൃതദേഹം, നമുക്കറിയാം മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്‌കരിക്കാന്‍ കഴിയൂ. ഇതിന് ബന്ധുക്കളെ ആശ്രയിക്കാനും സാധിക്കുകയില്ല. അതിനാല്‍ തന്നെ മിക്കയിടങ്ങളിലും പൊലീസും ആരോഗ്യപ്രവര്‍ത്തകരും തന്നെയാണ് പ്രധാനമായും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അത്തരത്തില്‍ കൊവിഡ് മൂലം മരിച്ച 1,100 പേരുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ച പൊലീസുകാരന് അഭിനന്ദനമര്‍പ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. ദില്ലി പൊലീസിലെ എഎസ്‌ഐ ആണ് അമ്പത്തിയാറുകാരനായ രാകേഷ് കുമാര്‍.
നീണ്ട കാലത്തെ സര്‍വീസിനിടയില്‍ ഇങ്ങനെയൊരു ദുരന്തത്തെ താന്‍ നേരിട്ടിട്ടില്ലെന്നും ആദ്യഘട്ടങ്ങളില്‍ പകച്ചുപോയെങ്കിലും പിന്നീട് മനസിനെ ധൈര്യപ്പെടുത്തി മുന്നേറുകയായിരുന്നുവെന്നും അഭിനന്ദനങ്ങള്‍ക്കുള്ള പ്രതികരണമായി രാകേഷ് കുമാര്‍ പറയുന്നു.
പലരും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് തന്റേടത്തോടെയും അര്‍പ്പണബോധത്തോടെയും രാകേഷ് കുമാര്‍ ചെയ്തത്. സ്വന്തം സഹപ്രവര്‍ത്തകര്‍ പോലും അദ്ദേഹത്തിന്റെ ഈ ഇച്ഛാശക്തിയെ പ്രകീര്‍ത്തിക്കുകയാണ്. ദില്ലി പൊലീസ് കമ്മീഷ്ണര്‍ എസ് എന്‍ ശ്രീവാസ്തവ അടക്കമുള്ള ഉദ്യോഗസ്ഥരും രാകേഷിന് നന്ദിയും അഭിനന്ദനവും അറിയിച്ചിട്ടുണ്ട്.
തന്റെ മകളുടെ വിവാഹം പോലും മാറ്റിവച്ചുകൊണ്ടാണ് രാകേഷ് കുമാര്‍ കൊവിഡ് ഡ്യൂട്ടിയില്‍ സജീവമായി തുടരുന്നത്. നിലവില്‍ പ്രാധാന്യം ജോലിക്ക് തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ മറുപടി. ദില്ലിയിലെ ലോദി റോഡ് ശ്മശാനത്തിലാണ് അദ്ദേഹത്തിന് ഡ്യൂട്ടി. ഇവിടെ നിന്നുള്ള ചില ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്.
കൊവിഡ് പ്രതിസന്ധിക്കിടയിലും മുന്‍-പിന്‍ നോക്കാതെ സേവനരംഗത്ത് അടിയുറച്ച് നില്‍ക്കുന്നത് പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരുമാണെന്ന് ഏവരും ഒരേ സ്വരത്തില്‍ പറയുന്നു. പലയിടങ്ങളിലും സുരക്ഷാകവചമായ പിപിഇ സ്യൂട്ട് പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണ് പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരും ജോലി ചെയ്യുന്നതെന്നും അക്കാര്യങ്ങള്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയരുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona