അതിമനോഹരമായ പിങ്ക് ഡയമണ്ട്; ഇതിന്‍റെ വിലയെത്രയെന്ന് അറിയാമോ?
പല ഡയമണ്ടുകളും അവയുടെ സവിശേഷതകളും ലഭ്യതയുമെല്ലാം മുൻനിര്‍ത്തി ലേലത്തിലാണ് വിറ്റഴിക്കപ്പെടുക. മിക്കപ്പോഴും ഇങ്ങനെയുള്ള ലേലങ്ങളില്‍ നിശ്ചയിക്കപ്പെടുന്ന വിലയെക്കാളെല്ലാം മുകളിലാണ് ഡയമണ്ടുകള്‍ വില്‍ക്കപ്പെടാറ്.
വജ്രം അഥവാ ഡയമണ്ട് പലവിധത്തിലുള്ളതുണ്ട്. ഇതില്‍ നിറവ്യത്യാസവും ഗുണമേന്മയിലുള്ള വ്യത്യാസവും വലുപ്പവുമെല്ലാം അടിസ്ഥാനപ്പെടുത്തി വിലയിലും മാറ്റങ്ങള്‍ വരാറുണ്ട്. ലോകമാകെയും തന്നെ വലിയൊരു മാര്‍ക്കറ്റാണ് ഡയമണ്ടിനുള്ളതെന്ന് നമുക്കറിയാം. ഇതില്‍ ആയിരങ്ങള്‍ മുതല്‍ ലക്ഷം-കോടികള്‍ വരെ വില വരുന്ന ഡയമണ്ടുകളുണ്ട്.
പല ഡയമണ്ടുകളും അവയുടെ സവിശേഷതകളും ലഭ്യതയുമെല്ലാം മുൻനിര്‍ത്തി ലേലത്തിലാണ് വിറ്റഴിക്കപ്പെടുക. മിക്കപ്പോഴും ഇങ്ങനെയുള്ള ലേലങ്ങളില്‍ നിശ്ചയിക്കപ്പെടുന്ന വിലയെക്കാളെല്ലാം മുകളിലാണ് ഡയമണ്ടുകള്‍ വില്‍ക്കപ്പെടാറ്.
ഇപ്പോഴിതാ അപൂര്‍വമായി ലഭിക്കുന്ന അതിമനോഹരമായ പിങ്ക് ഡയമണ്ട് ലേലത്തില്‍ വില്‍പനയ്ക്കൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ജനീവയില്‍ നിന്ന് വരുന്നത്. അപൂര്‍വമായ ആഭരണങ്ങള്‍ വില്‍പന ചെയ്യുന്ന ലേലം നവംബര്‍ 8നാണ് നടക്കുക. ഇക്കൂട്ടത്തിലാണ് വശ്യമായ പിങ്ക് ഡയമണ്ടും വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.
കാഴ്ചയില്‍ തന്നെ അത്യാകര്‍ഷകമായി തോന്നുന്ന പിങ്ക് ഡയമണ്ട് 18.18 കാരറ്റുണ്ട്.
'ഇപ്പോള്‍ തന്നെ ഈ ഡയമണ്ടിന് വലിയ തോതിലുള്ള ഡിമാൻഡ് ഉയരുന്നുണ്ട്. ഇതിന്‍റെ നിറമാണ് ഏറ്റവും വലിയ ആകര്‍ഷണം. പിങ്ക് ഷേയ്ഡ് ആണിതിന്. നാച്വറല്‍ നിറമാണ് ഇത്. ക്ലീൻ സ്റ്റോണ്‍. ദീര്‍ഘകാലമായി ഇത്രയും അമൂല്യമായ ഡയമണ്ട് നമ്മള്‍ ലേലത്തിന് വച്ചിട്ടേയില്ല...'- ജനീവയില്‍ ലേലത്തിനൊരുങ്ങുന്ന ക്രിസ്റ്റീസ് ജുവല്ലറി ഡിപാര്‍ട്ട്മെന്‍റ് ഹെഡ് മാക്സ് ഫേസെറ്റ് പറയുന്നു.
ഇത്രയും അമൂല്യമായ ഈ ഡയമണ്ടിന് 200 കോടി മുതല്‍ 300 കോടി വരെയാണ് വില പ്രതീക്ഷിക്കുന്നത്. അത്രയും ഡിമാൻഡ് ഉണ്ട് ഈ വജ്രത്തിനെന്ന് സാരം.
കഴിഞ്ഞ മാസം ഹോങ്കോങ്ങില്‍ വച്ച് നടന്നൊരു ലേലത്തില്‍ ഒരു പിങ്ക് ഡയമണ്ട് 460 കോടി രൂപയ്ക്ക് വിറ്റഴിഞ്ഞത് വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 200 കോടിയായിരുന്നു ഇതിന് പരമാവധി പ്രതീക്ഷിച്ചിരുന്ന തുക. എന്നാല്‍ ലേലം അവിചാരിതമായി കത്തിക്കയറുകയും അത് 460 കോടിയില്‍, അതായത് ഇരട്ടിയിലധികം വിലയിലേക്ക് എത്തുകയുമായിരുന്നു.
Also Read:- 460 കോടിയുടെ 'മുതല്‍'; അസാധാരണമായ ലേലം...