'പുഷ് അപ്പ്, നീന്തൽ, ഐക്കിഡോ, സിക്സ് പാക്ക്' - രാഹുൽ ഗാന്ധി എന്ന ഫിറ്റ്നെസ് ഫ്രീക്ക്
രാഹുൽ ഗാന്ധി വലിയ ഓട്ടപ്രിയനാണെന്നാണ് കോൺഗ്രസ് വക്താവായ രൺദീപ് സുർജേവാല അവകാശപ്പെടുന്നത്. നിത്യേന 12 കിലോമീറ്റർ ദൂരമെങ്കിലും അദ്ദേഹം ഓടുമത്രേ.
രാഹുൽ ഗാന്ധിയെ ഇൻസ്റ്റഗ്രാമിലോ, ഫേസ്ബുക്കിലോ ട്വിറ്ററിലോ ഒക്കെ ഫോളോ ചെയ്യുന്നവർ, തെരഞ്ഞെടുപ്പ് കാമ്പെയ്‌നുകളുടെ ഭാഗമായി നടത്തപ്പെടുന്ന പൊതുജനസമ്പർക്ക പരിപാടികളിൽ എന്തെങ്കിലുമൊക്കെ കായികാഭ്യാസ പ്രകടനങ്ങൾ നടത്തുന്ന അദ്ദേഹത്തിന്റെ വീഡിയോകൾ ശ്രദ്ധിച്ചു കാണും. മിക്കവാറും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട് എന്നും ശ്രദ്ധിച്ചാൽ മനസിലാക്കാം. നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് പൊതുവേ അത്ര പതിവില്ലാത്ത ഒരു ഗുണമാണ് ശാരീരിക ക്ഷമത എന്നതാവും ഈ വീഡിയോകൾ വൈറലാവാനുള്ള ഒരു കാരണം. ഈ വീഡിയോകളിൽ ഏറെ ദുഷ്കരമായ പല ശാരീരിക അഭ്യാസങ്ങളും നിഷ്പ്രയാസം ചെയ്യുന്ന രാഹുൽ ഗാന്ധിയെ നമുക്ക് കാണാനാവും.
ഉദാ. കുറച്ചുനാൾ മുമ്പ് വളരെയധികം വൈറലായ ഒരു രാഹുൽ ചിത്രമെടുത്ത് പരിശോധിച്ചു നോക്കാം.
ഈ ചിത്രം, കേരളത്തിലെത്തി മീൻ പിടിക്കാൻ കടലിൽ പോയതിനിടെ, കടലിലേയ്ക്ക് എടുത്തുചാടി നനഞ്ഞൊട്ടിയ റ്റീഷർട്ടുമായി നിൽക്കുന്ന രാഹുലിന്റേതാണ്. ഇത് ഹിറ്റാവാനുള്ള കാരണം വ്യക്തമാണ്. രാഹുലിന്റെ സിക്സ്പായ്ക്ക് ആബ്സ്. സാമൂഹിക മാധ്യമങ്ങളിൽ പലരും ഒരേസ്വരത്തിൽ ചോദിക്കുന്ന ചോദ്യമിതാണ്. എന്തൊരു മസിലാണിയാൾക്ക്..! ഏത് ജിമ്മിലാണ് രാഹുൽ പോവുന്നത് ?
ഈ ആബ്സ് ഒരു ബോക്സറുടേതാണ് എന്ന് ദേശീയ ബോക്സിങ് ചാമ്പ്യൻ വിജേന്ദർ സിങ്ങും ട്വീറ്റ് ചെയ്തു. ഇങ്ങനെ ആബ്സ് ഉണ്ടാക്കാൻ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച ടിപ്സ് രാഹുൽ നൽകണം എന്നായി മറ്റൊരാൾ.
രാഹുൽ ഗാന്ധി വലിയ ഓട്ടപ്രിയനാണെന്നാണ് കോൺഗ്രസ് വക്താവായ രൺദീപ് സുർജേവാല അവകാശപ്പെടുന്നത്. നിത്യേന 12 കിലോമീറ്റർ ദൂരമെങ്കിലും അദ്ദേഹം ഓടുമത്രേ. ഫ്രീയാവുന്നത് ഇനി അർദ്ധരാത്രിയിൽ ആണെങ്കിലും രാഹുൽ നേരെ വീട്ടിൽ വന്ന് ഒന്ന് കുളിച്ച് ഓടാൻ പോകുമെന്നാണ് ദ പ്രിന്റിന് നൽകിയ ഒരു അഭിമുഖത്തിൽ രൺദീപ് പറഞ്ഞത്.. കാമ്പെയ്ൻ തിരക്കുകൾ കാരണം ഇപ്പോൾ രാത്രി പതിനൊന്നിനും പന്ത്രണ്ടിനും ഇടയ്ക്കാണത്രെ രാഹുലിന്റെ ഓട്ടങ്ങൾ.
രാഹുലിന്റെ മറ്റൊരു പ്രകടനം പുഷ് അപ്പ് എടുക്കലാണ്. തമിഴ്‌നാട്ടിലെ മുളകുമൂട്ടിൽ വെച്ച് ഒരു ജൂഡോ അഭ്യാസിക്കൊപ്പം മത്സരിച്ച് പുഷ് അപ്പ് എടുത്ത് ജയിക്കുന്ന രാഹുലിന്റെ വീഡിയോ വൈറൽ ആയിരുന്നു.
ഈ പുഷ് അപ്പ് പ്രകടനം വൈറലായതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ 'രാഹുൽ പുഷ് അപ്പ് ചലഞ്ച്' എന്നപേരിൽ ഒരു ചലഞ്ച് തന്നെ വ്യാപകമായി നടന്നു. ഈ ചലഞ്ച് ഏറ്റെടുത്ത് പുഷ് അപ്പ് ചെയ്യുന്നതിന്റെ വീഡിയോകൾ പലരും പങ്കുവെച്ചു.
ഏറ്റവും ഒടുവിലായി നമ്മൾ കണ്ടത് രാഹുലിന്റെ ഐക്കിഡോ പാഠങ്ങളാണ്. ജാപ്പനീസ് ആയോധന കലയായ ഐക്കിഡോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട് രാഹുൽ. കൊച്ചി സെന്റ് തെരേസാസ് കോളേജിലെ വിദ്യാർഥിനികൾക്ക് താൻ സ്വായത്തമാക്കിയ ആയോധന കലാരൂപത്തിന്റെ ചില ബാലപാഠങ്ങൾ രാഹുൽ ഗാന്ധി വിശദീകരിച്ചു നൽകുന്നതിന്റെ വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു.
എല്ലാവരുടെയും ഉള്ളിൽ അപാരമായ ശക്തി ഉണ്ടെന്നും, എല്ലാം നമ്മൾ നമുക്കുനേരെ വരുന്ന അക്രമങ്ങളെ പ്രതിരോധിക്കാൻ സ്വീകരിക്കുന്ന രീതിയെയും നമ്മുടെ ഏകാഗ്രതയെയും ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. എതിരാളിയുടെ ശക്തിയെക്കൂടി നമുക്ക് അനുകൂലമായി പ്രയോജനപ്പെടുത്തുന്ന ഐക്കിഡോയുടെ തത്വങ്ങൾ തന്നെയാണ് താനും തന്റെ പാർട്ടിയും രാഷ്ട്രീയത്തിലും പ്രവർത്തികമാക്കിയിട്ടുള്ളത് എന്നും രാഹുൽ പറഞ്ഞു.