'ഇവന്‍ എന്താ കോളേജില്‍ വന്നതാണോ'; യുഡിഎഫ് എംഎല്‍എമാരെ കളിയാക്കുന്നവരോട് പ്രതിഭയ്ക്ക് പറയാനുള്ളത്
കായംകുളം എംഎല്‍എ യു പ്രതിഭ തന്‍റെ സൗന്ദര്യസങ്കല്‍പ്പത്തെ കുറിച്ചും ഫാഷനെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയില്‍ പറഞ്ഞു
തന്‍റെ സൗന്ദര്യ സങ്കല്‍പ്പത്തെ കുറിച്ചും ഫാഷനെ കുറിച്ചും ആദ്യമായി തുറന്നുപറഞ്ഞ് അഡ്വ. യു പ്രതിഭ എംഎല്‍എ. ഞാന്‍ ഒട്ടും ബ്യൂട്ടി കോണ്‍ഷ്യസ് അല്ല. വൃത്തിയായി പോകണം എന്നു മാത്രമേയുളളൂ. എന്നാല്‍ പുതിയ ട്രെന്‍ഡുകള്‍ ഇഷ്ടമാണ്. അവയൊക്കെ ശ്രദ്ധിക്കാറുണ്ടെന്നും കായംകുളം എംഎല്‍എ പ്രതിഭ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയില്‍ പറഞ്ഞു.
രാഷ്ട്രീയനേതാവ് അങ്ങനെ രൂപം മാറണോ...
ഞാന്‍ എല്‍എല്‍ബി രണ്ടാം വര്‍ഷം പഠിക്കുന്ന സമയത്താണ് പഞ്ചായത്ത് അംഗമായി മത്സരിക്കുന്നത്. അന്ന് ക്യാംപയനിയിങ്ങിന് സാരിയുടുത്ത് പോകണമെന്ന് പറഞ്ഞപ്പോള്‍ അതിശയമായിരുന്നു. രാഷ്ട്രീയനേതാവ് ആയതുകൊണ്ട് അങ്ങനെ രൂപം മാറണോ എന്ന് തോന്നിപോയി. അന്ന് സാരിയുടുത്ത് തന്നെ വോട്ട് ചോദിക്കേണ്ടി വന്നു. എന്നാലും അതിനുശേഷം ജനങ്ങളെ കാണാന്‍ പോയത് ചുരുദാര്‍ ഇട്ടുതന്നെയായിരുന്നു. നമ്മള്‍ വേറെ ഒരാളായി മാറേണ്ടതില്ല. നമ്മള്‍ എങ്ങനെയാണോ അങ്ങനെ തന്നെ ഇരുന്നാല്‍ മതി.
രാഷ്ട്രീയക്കാര്‍ക്ക് സ്ലീവ് ലെസ് പാടില്ലേ....
പൊതുജനങ്ങള്‍ക്ക് ചിലപ്പോള്‍ ഒരു രാഷ്ട്രീയനേതാവ് സ്ലീവ് ലെസ് വസ്ത്രം ഇട്ടുചെല്ലുന്നത് ഇഷ്ടമാകില്ല. അങ്ങനെയുളള സാഹചര്യങ്ങളില്‍ വേണമെങ്കില്‍ ഇടാതിരിക്കാം. പക്ഷേ അത് ഒരാളുടെ ഇഷ്ടമാണ്. ഒരാളുടെ വസ്ത്രധാരണത്തെ മറ്റൊരാള്‍ നിയന്ത്രിക്കരുത്.
അടുത്തിടെ ഞാന്‍ എന്‍റെ മണ്ഡലത്തിലെ ഒരു പരിപാടിക്ക് ചുരുദാറിട്ട് പോയി. അന്ന് ആ പരിപാടി കഴിഞ്ഞ് പലരും എന്നോട് പറഞ്ഞു, 'സഖാവിന് സാരിയാണ് ഭംഗി, സാരിയിട്ട് വന്നൂടെ' എന്ന്. എനിക്ക് സാരിയോടൊ ചുരിദാറിനോടൊ ലെഗ്ഗിങ്സിനോടൊ വിരോദമില്ല. എനിക്ക് എന്‍റെതായ ഇഷ്ടങ്ങളും അഭിപ്രായങ്ങളും ഉണ്ട്. ഞാന്‍ എന്ത് ഇടണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്. ഞാന്‍ മോഡേണ്‍ ആണെന്നോ ഫാഷനബിള്‍ ആണെന്നോ പറയുന്നില്ല. എന്നാല്‍ സൗദി അറേബ്യയിലെ വിപ്ലവത്തിനെ പിന്‍താങ്ങുകയും സ്വന്തം ബ്രാഞ്ചിലെ സഖാവ് ചുരുദാറിടുമ്പോള്‍ മോശം എന്നു പറയുന്നതുമാണ് യോജിക്കാന്‍ കഴിയാത്തത്. അതൊരു ഇരട്ടത്താപ്പാണ്.
മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ ഒരു മേക്കോവര്‍ ആകാം...
എന്തിനാ ഈ പുരുഷന്മാര്‍ ഇത്രയും പശ മുക്കിയിടുന്നത് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി അലക്കിതേച്ച ഖദര്‍ അല്ല ധരിക്കുന്നത്. സാധാരണ മുണ്ടാണ് ഉടുക്കുന്നത്. പക്ഷേ വേണമെങ്കില്‍ ഒരു മേക്കോവര്‍ ആകാം. അദ്ദേഹം വിദേശത്ത് പോകുമ്പോള്‍ നല്ല സ്യൂട്ട് ഒക്കെയാണ് ഇടുന്നത്. നമ്മുടെ നാട്ടിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ യുവാക്കളില്‍ അപൂര്‍വം ചിലര്‍ ഒഴിച്ചാല്‍ ബാക്കി പലരും അവര്‍ പുറത്തുപോകുമ്പോള്‍ മുണ്ടും ഷര്‍ട്ടുമാണ് ഇടുന്നത്. അതിന്‍റെ ഒന്നും ആവശ്യമില്ല.
നിങ്ങള്‍ക്ക് നിയമസഭയില്‍ ജീന്‍സ് ഇട്ടുവന്നൂടെ...
ആണ്‍സുഹൃത്തുക്കളായ രാഷ്ട്രീയനേതാക്കളോട് ഞാന്‍ ചോദിക്കാറുണ്ട്, നിങ്ങള്‍ക്ക് നിയമസഭയില്‍ ജീന്‍സ് ഇട്ടുവന്നൂടെ എന്ന്. മന്ത്രി തോമസ് ഐസക് ഫാബ് ഇന്ത്യയുടെ നല്ല കളര്‍ഫുള്‍ കുര്‍ത്തകളാണ് ഇടുന്നത്. അതിന്‍റെ കൂടെ മുണ്ടിന് പകരം ഒരു പാന്‍റ് ഒക്കെയാകാം. യുഡിഎഫിലെ യുവ എംഎല്‍എമാരില്‍ പലരും കളര്‍ഫുളായിട്ട് വരുമ്പോള്‍ ചിലര്‍ കളിയാക്കുന്ന കേള്‍ക്കാം. 'ഇവന്‍ എന്താ കോളേജിലേക്കാണോ' എന്ന് പറഞ്ഞ്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് വിഷമം വരാറുണ്ട്.
രാഷ്ട്രീയ രംഗത്തെ സ്ത്രീകള്‍ എന്തു വസ്ത്രം ധരിക്കണം...
രാഷ്ട്രീയ രംഗത്തെ സ്ത്രീകള്‍ എന്തു വസ്ത്രം വധരിക്കണമെന്ന് ചോദിച്ചാല്‍ അത് അവരുടെ ഇഷ്ടമാണ്. ഇന്ദിരാഗാന്ധി ഒക്കെ വളരെ സ്റ്റൈലിഷായിരുന്നു. ആ കാലത്തെ മോഡേണ്‍ ഡിസൈനുകളായിരുന്നു ധരിച്ചിരുന്നത്. സിംപിള്‍ ആന്‍റ് എലഗന്‍റ് ആയിരുന്നു ഇന്ദിരഗാന്ധിയുടെ വസ്ത്രങ്ങള്‍. എന്നാല്‍ അവരെ വിലയിരുത്തിയത് അവരുടെ പ്രവര്‍ത്തനം കൊണ്ടാണ്. ജയലളിതയെ വിലയിരുത്തിയത് വേറെ രീതിയിലായിരുന്നു. രാഷ്ട്രീയരംഗത്തെ സ്ത്രീകളെ കുറിച്ച് ഗോസിപ്പിറങ്ങാന്‍ സാധ്യത ഏറെയാണ്. വെളള സാരിയൊക്കെ ഇട്ട് നടക്കുന്ന സ്ത്രീ ആണെങ്കില്‍ കുഴപ്പമില്ല. അവരായിരിക്കും ആ വര്‍ഷത്തെ സമാധാനത്തിനുളള പുരസ്കാരം പോലും സ്വന്തമാക്കുന്നത്.
ഇപ്പോഴത്തെ നിയമസഭയിലെ മന്ത്രിമാര്‍ക്ക് മാറ്റങ്ങളുണ്ട്. മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, കെ കെ ശൈലജ എന്നിവരൊക്കെ കളര്‍ഫുള്‍ വസ്ത്രങ്ങളാണ് ഇടുന്നത്. ഞങ്ങള്‍ക്ക് അങ്ങനെ തുടങ്ങിവെക്കാന്‍ സാധിച്ചു. നിയമസഭയ്ക്ക് അകത്ത് വരുമ്പോള്‍ അങ്ങനെ വെള്ളയും വെള്ളയും ധരിച്ച് വരണമെന്ന് ഞങ്ങളെ ആരും പഠിപ്പിച്ചിട്ടില്ല. ഒരു സിനിമാതാരം അല്‍പവസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ടാളും ധാരാളം ആരാധകര്‍ ഉണ്ടാകും.
250രൂപയുടെ സാരിയാണെങ്കിലും കണ്ടാല്‍ 2500 പറയും...
പൊതുപരിപാടികളില്‍ പോകുമ്പോള്‍ വസ്ത്രത്തിന്‍റെ കാര്യത്തില്‍ അങ്ങനെ ശ്രദ്ധിക്കാറില്ല. കൈയില്‍ കിട്ടുന്നത് എടുത്തു ഇടുന്നു എന്നുമാത്രം. തെരഞ്ഞെടുപ്പ് പരിപാടികളില്‍ പോലും ഞാന്‍ കളര്‍ഫുള്‍ വസ്ത്രങ്ങളാണ് ധരിച്ചത്. മറ്റൊരു രസകരമായ കാര്യം നമ്മള്‍ 250 രൂപയുടെ സാരിയാണ് ഉടുത്തിരിക്കുന്നതെങ്കിലും 2500 രൂപ പറയും എന്നൊരു ഗുണമുണ്ട്.
ഇഷ്ടമുളള വസ്ത്രം...
ഇഷ്ടമുളള വസ്ത്രം ഇടാനുളള സാഹചര്യമാണ് വേണ്ടത്. അടുത്തിടെ ബജറ്റിന്‍റെ അന്ന് ഞാന്‍ ഒരു കുര്‍ത്തയാണ് ഇട്ടത്. പട്ടിയാല മോഡല്‍ വസ്ത്രമായിരുന്നു അത്. വളരെ ലൂസായിരുന്നു. എന്നിട്ടും ആ വസ്ത്രം ഇടേണ്ടായിരുന്നു എന്ന് എന്നോട് പലരും പറഞ്ഞു. അതുകേട്ട് ഞാന്‍ തന്നെ ഞെട്ടിപോയി. എന്താ അതില്‍ തെറ്റ് എന്ന് ഞാന്‍ ആലോചിച്ച് പോയി.
വീഡിയോ കാണാം
മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ ഒരു മേക്ക് ഓവറൊക്കെ ആകാം " : എംഎല്‍എ യു പ്രതിഭ