നവജാതശിശുവിന് 'മാനിക്യൂര്‍'; വിവാദമായി അമ്മ പോസ്റ്റ് ചെയ്ത ഫോട്ടോ
ചുരുങ്ങിയ സമയത്തിനകം തന്നെ ഫോട്ടോ വിവാദത്തിലാവുകയായിരുന്നു. മൂര്‍ച്ചയേറിയ നഖം വച്ച് കുഞ്ഞ് അബദ്ധത്തില്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പിക്കാന്‍ സാധ്യതയുണ്ടെന്നും കണ്ണിലെങ്ങാന്‍ കൈ തട്ടിയാല്‍ കാഴ്ചശക്തിയെ തന്നെ അത് ബാധിക്കുമെന്നുമുള്ള തരത്തില്‍ നിരവധി പേര്‍ കമന്റ് ചെയ്തു. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ഇത് ബാലപീഡനമായി കണക്കാക്കണമെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്തവരുണ്ട്. ഏത് സാഹചര്യത്തിലായാലും അത്തരം വിഷയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാതെ പതിവായി അവയെല്ലാം കൃത്യമായി ചെയ്തുവരുന്നവര്‍.
എന്നാല്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ നാം അല്‍പം ശ്രദ്ധ പുലര്‍ത്താറുണ്ട്, അല്ലേ? മുതിര്‍ന്നവര്‍ ചെയ്യുന്ന തരത്തിലുള്ള സൗന്ദര്യസംരക്ഷണ രീതികളൊന്നും തന്നെ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ നമ്മള്‍ പരീക്ഷിക്കാറില്ല. കുഞ്ഞുങ്ങളുടെ ശരീരം അത്രയും 'സെന്‍സിറ്റീവ്' ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് ഈ കരുതല്‍.
ഇപ്പോഴിതാ നവജാത ശിശുവിന് 'മാനിക്യൂര്‍' ചെയ്ത് വിവാദത്തിലായിരിക്കുകയാണ് ഒരമ്മ. 'റെഡ്ഡിറ്റ്' എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലാണ് കുഞ്ഞിന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞിന്റെ നഖം വൃത്തിയാക്കി, 'ഷാര്‍പ്പ്' ആയി വെട്ടി, മുതിര്‍ന്നവരുടേതിന് തുല്യമാക്കിയിരിക്കുകയാണ് അമ്മ. ശേഷം അമ്മ തന്നെയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത് എന്നാണ് സൂചന.
ചുരുങ്ങിയ സമയത്തിനകം തന്നെ ഫോട്ടോ വിവാദത്തിലാവുകയായിരുന്നു. മൂര്‍ച്ചയേറിയ നഖം വച്ച് കുഞ്ഞ് അബദ്ധത്തില്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പിക്കാന്‍ സാധ്യതയുണ്ടെന്നും കണ്ണിലെങ്ങാന്‍ കൈ തട്ടിയാല്‍ കാഴ്ചശക്തിയെ തന്നെ അത് ബാധിക്കുമെന്നുമുള്ള തരത്തില്‍ നിരവധി പേര്‍ കമന്റ് ചെയ്തു. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ഇത് ബാലപീഡനമായി കണക്കാക്കണമെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.
അതേസമയം വിവാദത്തിലായ അമ്മയുടെയും കുഞ്ഞിന്റെയും വിശദാംശങ്ങള്‍ ലഭ്യമല്ല. ചിത്രം വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇനി, ഈ ചിത്രം വ്യാജമാണോ എന്ന തരത്തിലുള്ള സംശയങ്ങളും ഇതിനിടെ ഉയരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കൂടി, പൊതുവില്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട വിഷയമായതിനാല്‍ ഇതിന് വലിയ പ്രാധാന്യമുണ്ടെന്നാണ് കരുതപ്പെടുന്നത്. നഖം വളര്‍ത്തുക മാത്രമല്ല, മുതിര്‍ന്നവര്‍ ചെയ്യുന്ന സൗന്ദര്യസംരക്ഷണ രീതികളൊന്നും തന്നെ ഒരു കാരണവശാലും കുട്ടികളില്‍ പരീക്ഷിക്കരുത്.
തിരിച്ചറിവുണ്ടാകുന്നത് വരെയെങ്കിലും കുട്ടികളെ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതുണ്ട്. ഈ ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ് വിവാദത്തിലായ ചിത്രവും ചെയ്യുന്നത്.
Also Read:- നഖങ്ങൾ പൊട്ടി പോകുന്നുണ്ടോ...? എങ്കിൽ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ...