Monday Blues : തിങ്കളാഴ്ചയാകുന്നത് ഇഷ്ടമല്ലേ? ഈ അനിഷ്ടം നിസാരമാക്കി തള്ളേണ്ട...
തിങ്കളാഴ്ചയാകുമ്പോള്‍ നിരാശ ബാധിക്കുന്ന അവസ്ഥ തനിക്ക് മാത്രമേ ഉള്ളൂവെന്ന് ചിന്തിക്കുന്നവരായിരിക്കും അധികവും. എന്നാല്‍ ഇത് നിങ്ങള്‍ക്ക് മാത്രമുള്ള പ്രത്യേകതയല്ലെന്ന് മനസിലാക്കുക. ആഗോളതലത്തില്‍ തന്നെ വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നൊരു വിഷയമാണിത്.
ആഴ്ചാവസാനം ( Weekend Days ) ശനിയോ ഞായറോ ആകുമ്പോള്‍ മിക്കവരും സന്തോഷിക്കാറുണ്ട്. ജോലിയോ ക്ലാസോ ഇല്ലാതെ വെറുതെ വീട്ടിലിരിക്കാനോ, ഇഷ്ടമുള്ള മറ്റ് കാര്യങ്ങള്‍ ചെയ്യാനോ, യാത്ര പോകാനോ എല്ലാം കിട്ടുന്ന സമയമാണല്ലോ ഇത്. എന്നാല്‍ അതുപോലെ തന്നെ ആഴ്ചാവസാനത്തെ ( Weekend Days ) അവധിക്ക് ശേഷം തിങ്കളാഴ്ചയാകുമ്പോള്‍ നിരാശപ്പെടുന്നവരും ( Monday Blues ) ഏറെയാണ്.
ഇങ്ങനെ തിങ്കളാഴ്ചയാകുമ്പോള്‍ നിരാശ ( Monday Blues ) ബാധിക്കുന്ന അവസ്ഥ തനിക്ക് മാത്രമേ ഉള്ളൂവെന്ന് ചിന്തിക്കുന്നവരായിരിക്കും അധികവും. എന്നാല്‍ ഇത് നിങ്ങള്‍ക്ക് മാത്രമുള്ള പ്രത്യേകതയല്ലെന്ന് മനസിലാക്കുക. ആഗോളതലത്തില്‍ തന്നെ വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നൊരു വിഷയമാണിത്. 'മണ്ടേ ബ്ലൂസ്' എന്നാണ് ഈ തിങ്കളാഴ്ച നിരാശയെ പൊതുവേ വിശേഷിപ്പിക്കപ്പെടാറ്.
ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടൊരു പ്രശ്നമല്ലാത്തതിനാല്‍ തന്നെ ശാസ്ത്രീയമായ വിശകലനങ്ങളോ, പരിഹാരങ്ങളോ ഇതുവരെ ആയിട്ടും ഇതിന് നിര്‍ദേശിക്കപ്പെട്ടിട്ടില്ല. അതേസമയം വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ തന്നെ മനശാസ്ത്ര വിദഗ്ധര്‍ ഇതിന് ചില നിര്‍വചനങ്ങളും, ഇതിന്‍റെ ലക്ഷണങ്ങളും ചില പരിഹാരങ്ങളും നിര്‍ദേശിക്കാറുമുണ്ട്.
'തിങ്കളാഴ്ച നിരാശ' നിസാരമല്ല...
പ്രധാനമായും ജോലിസംബന്ധമായ അസംതൃപ്തിയാണ് അധികപേരെയും തിങ്കളാഴ്ച മാത്രമുള്ള നിരാശയിലേക്ക് തള്ളവിടുന്നതത്രേ. ജോലിസ്ഥലത്തെ സമ്മര്‍ദ്ദം, അധികഭാരം, ജോലിയില്‍ പിറകിലാകുന്ന അവസ്ഥ, ശമ്പളക്കുറവ് സഹപ്രവര്‍ത്തകരുടെയോ മേലുദ്യോഗസ്ഥരുടെയോ ഭാഗത്ത് നിന്നുള്ള മോശം പെരുമാറ്റം എന്നിങ്ങനെ എന്തുമാകാം ഇതിലേക്ക് നയിക്കുന്നത്.
ഇത്തരത്തില്‍ തിങ്കളാഴ്ച മാത്രം നിരാശ ബാധിക്കുന്നവര്‍ ഇതൊരു നിസാര സംഗതിയായി കണക്കാക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പതിവായി ഇത് അനുഭവിക്കുന്നത് ക്രമേണ ഉത്കണ്ഠയിലേക്കോ വിഷാദരോഗത്തിലേക്കോ നിയച്ചേക്കാമത്രേ. അതുപോലെ കരിയര്‍ കുടുംബജീവിതം, സാമൂഹികജീവിതം എന്നിവയും കൂട്ടത്തില്‍ ബാധിക്കപ്പെടാം. ചുരുക്കി പറഞ്ഞാല്‍ തിങ്കളാഴ്ച നിരാശ നിങ്ങളെ ആകെയും തന്നെ വിഴുങ്ങിയേക്കാമെന്ന്.
എങ്ങനെ തിരിച്ചറിയാം?
'മണ്ടേ ബ്ലൂസ്' എങ്ങനെ തിരിച്ചറിയാൻ സാധിക്കും? ഇതിന് ലക്ഷണങ്ങളുണ്ടോ? നേരത്തേ പറഞ്ഞതുപോലെ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടൊരു മാനസികപ്രശ്നമല്ലാത്തതിനാല്‍ തന്നെ ഇതിന് ശാസ്ത്രീയമായി ലക്ഷണങ്ങള്‍ വിശദീകരിക്കപ്പെട്ടിട്ടുമില്ല. എങ്കിലും ചില സൂചനകള്‍ വച്ച് നിങ്ങള്‍ക്ക് ഇക്കാര്യം പരിശോധിക്കാം.
പ്രധാനമായും ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമുള്ള ദുഖം, അതിനൊപ്പം നേരിയ തലവേദന, പേശീവേദന, ശ്വാസതടസമുള്ളതായി തോന്നല്‍, നെഞ്ചിടിപ്പ് കൂടുക, ബിപി കൂടുക എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങളായി വരാറ്.
പരിഹാരം?
ടെന്‍ഷന്‍ അകറ്റാനും നല്ല ഉറക്കം ലഭിക്കാനുമെല്ലാം ചെയ്യുന്ന 'മസില്‍ റിലാക്സേഷൻ ടെക്നിക്' ആയ 'പ്രോഗസീവ് റിലാക്സേഷൻ' നല്ലൊരു പരിഹാരമാണ്. അതുപോലെ ബ്രീത്തിംഗ് എക്സര്‍സൈസും ചെയ്യാം. പൊതുവേ ദിവസവും അല്‍പനേരം വ്യായാമം ചെയ്യുന്നതും ഈ പ്രശ്നം ക്രമേണ പരിഹരിക്കാൻ സഹായിക്കും.
നല്ലൊരു സുഹൃദ് വലയം സൂക്ഷിക്കുന്നതിലൂടെയും 'മണ്ടേ ബ്ലൂസ്' കൈകാര്യം ചെയ്യാൻ സാധിക്കും. ഓഫീസിലോ അല്ലെങ്കില്‍ ജോലിസ്ഥലത്തോ എല്ലാവരുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കുക. ഓരോരുത്തരും ഓരോ തരത്തിലായിരിക്കാം നമ്മളോട് പെരുമാറുക. ബുദ്ധിപൂര്‍വ്വം അവരെയെല്ലാം നമുക്കൊപ്പം നിര്‍ത്തുകയാണ് വേണ്ടത്.
എല്ലാ ദിവസവും ഏഴോ എട്ടോ മണിക്കൂര്‍ നേരത്തേ ആഴത്തിലുള്ള ഉറക്കമെങ്കിലും ഉറപ്പുവരുത്തണം. ഉറക്കത്തില്‍ കുറവ് വന്നാലും നിരാശ കൂടാം. ഒരു രീതിയിലും സ്വയം പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ കാണുക. അല്ലെങ്കില്‍ കരിയര്‍ കൗണ്‍സിലറെയോ അക്കാഡമിക് കൗണ്‍സിലറെയോ കാണാം.
എന്തായാലും തിങ്കളാഴ്ച നിരാശ നമുക്ക് എളുപ്പത്തില്‍ അതിജീവിക്കാവുന്നതേയുള്ളൂ. ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും മനസ് വച്ചാല്‍ നമുക്ക് മറികടക്കാം. ആദ്യം അതിന് വേണ്ടത് തുറന്ന സമീപനവും ആത്മവിശ്വാസവുമാണ്. നേരിടാന്‍ ഭയം തോന്നുന്ന എന്തിന് നേരെയും ലളിതമായി ഒന്ന് നടന്നുനോക്കാം. അപ്പോഴറിയാം അതെത്രമാത്രം നിസാരമായ പ്രശ്നമായിരുന്നുവെന്ന്. എല്ലാവര്‍ക്കും 'ഹാപ്പി മണ്ടേ'....
Also Read:- വിവാഹത്തിന് മുമ്പ് ഗൈനക്കോളജിസ്റ്റിനെ കാണണം; എന്തുകൊണ്ട്?