അപൂര്‍വ്വരോഗത്തോട് പോരാടി 27 വര്‍ഷം; ഒടുവില്‍ അഭിമാനപൂര്‍വ്വം മടക്കം...
ഏത് പ്രതികൂല സാഹചര്യത്തിലും ഊര്‍ജ്ജസ്വലതയോടെ അതിന് വേണ്ട പരിഹാരങ്ങള്‍ ആലോചിക്കുന്ന വ്യക്തിയായിരുന്നു ലതീഷ. ഈ കൊവിഡ് കാലത്ത് ഓക്‌സിജന്‍ ക്ഷാമം നേരിട്ടപ്പോള്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ സധൈര്യം തന്റെ പ്രശ്‌നങ്ങള്‍ തുറന്നെഴുതി, സഹായം തേടിയിരുന്നു ലതീഷ
അപൂര്‍വ്വരോഗങ്ങള്‍ ബാധിച്ചവരുടെ എത്രയോ അതിജീവനാനുഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. ഇവരില്‍ ഓരോരുത്തരെയും ഓരോ വലിയ പാഠപുസ്തകങ്ങളെയെന്ന പോലെ തന്നെ അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടിവരും. അത്രമാത്രം നമ്മെ അമ്പരപ്പിക്കുന്നതാണ് ഇവരെല്ലാം ജീവിതത്തോട് കാട്ടിയിട്ടുള്ള സമര്‍പ്പണബോധവും അഭിനിവേശവും.
ലതീഷയുടെ കാര്യവും മറിച്ചല്ല. കോട്ടയം എരുമേലി സ്വദേശിയായ ലതീഷ അന്‍സാരി. ഇരുപത്തിയേഴാം വയസില്‍ ഈ ലോകത്തോട് യാത്ര പറയുമ്പോള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഓര്‍ക്കാന്‍ തെളിച്ചമുള്ള ഒരുപിടി ഓര്‍മ്മകള്‍ കൂടി ലതീഷ ബാക്കിവച്ചിട്ടുണ്ട്.
എരുമേലി പുത്തന്‍പീഡികയില്‍ അന്‍സാരിയുടെയും ജമീലയുടെയും മകളാണ് ലതീഷ. ജന്മാ തന്നെ, എല്ല് പൊടിഞ്ഞുപോരുന്ന 'ഓസ്റ്റിയോജനസിസ് ഇംപെര്‍ഫക്ട്' എന്ന അസുഖം ലതീഷയെ പിടികൂടിയിരുന്നു. രോഗത്തിന്റെ ഭാഗമായി തന്നെ സവിശേഷമായ ആകാരമായിരുന്നു ലതീഷയ്ക്ക് ഉണ്ടായിരുന്നത്.
ഒന്നരയടി പൊക്കവും ചെറിയ കുട്ടികളുടെ ശരീരഭാരം പോലെ ചെറിയ ശരീരഭാരവും. പ്രായോഗിക ജീവിതത്തില്‍ ഇങ്ങനെ പരിമിതികളേറെ വന്നെങ്കിലും ലതീഷ ആത്മവിശ്വാസത്തോടെ പോരാടി. അസുഖത്തിന്റെ എല്ലാ വിഷമതകളും അനുഭവിച്ചുകൊണ്ട് തന്നെ പഠിച്ചു. എംകോം ഉയര്‍ന്ന മാര്‍ക്കോടെ പാസായി. ഒടുവില്‍ സിവില്‍ സര്‍വീസ് പരിശീലനം വരെ എത്തി. ഇതിനിടെ നാട്ടില്‍ തന്നെ ബാങ്കില്‍ ജോലി ലഭിച്ചെങ്കിലും അത് പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു.
ജന്മനാ ഉള്ള അസുഖത്തിന് പുറമെ ലതീഷയെ ബാധിച്ച 'പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍' എന്ന അസുഖമായിരുന്നു ജോലി ചെയ്യുന്നതില്‍ നിന്ന് പോലും ലതീഷയെ വിലക്കിയത്. ഓക്‌സിജന്‍ ശ്വസിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് 'പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍' എന്ന അവസ്ഥയിലുണ്ടാകുന്നത്. ഇത് കൂടിയായപ്പോള്‍ ലതീഷയുടെ ജീവിതം മുഴുവന്‍ സമയ പോരാട്ടത്തിലായി. 24 മണിക്കൂറും ഓക്‌സിജന്‍ വിതരണം ഉണ്ടെങ്കിലേ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ എന്ന സാഹചര്യമായി.
ഏത് പ്രതികൂല സാഹചര്യത്തിലും ഊര്‍ജ്ജസ്വലതയോടെ അതിന് വേണ്ട പരിഹാരങ്ങള്‍ ആലോചിക്കുന്ന വ്യക്തിയായിരുന്നു ലതീഷ. ഈ കൊവിഡ് കാലത്ത് ഓക്‌സിജന്‍ ക്ഷാമം നേരിട്ടപ്പോള്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ സധൈര്യം തന്റെ പ്രശ്‌നങ്ങള്‍ തുറന്നെഴുതി, സഹായം തേടിയിരുന്നു ലതീഷ. സ്വന്തമായ യൂട്യൂബ് ചാനലും ഫേസ്ബുക്ക് അക്കൗണ്ടുമെല്ലാമായി എവിടെയും 'ആക്ടീവ്' ആയി നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു ലതീഷയുടേത്. അതിജീവനത്തിന്റെ ഈ ശക്തമായ പാഠം പലപ്പോഴും ദേശീയതലത്തില്‍ വരെ ശ്രദ്ധ നേടിയിട്ടുണ്ട്. 'ഈസ്‌റ്റേണ്‍ ഭൂമിക വനിതാരത്‌നം' പുരസ്‌കാരം, 'ഡോ. ബത്രാസ് പൊസിറ്റീവ് ഹെല്‍ത്ത് അവാര്‍ഡ്' എന്നീ ആദരവുകള്‍ ഇങ്ങനെ ലതീഷയെ തേടിയെത്തിയതാണ്.
നേരത്തെ ഓക്‌സിജന്‍ ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിനും നിരവധി പ്രതികരണങ്ങളാണ് വന്നിരുന്നത്. തുടര്‍ന്ന് നന്ദി അറിയിച്ച് ലതീഷ വീണ്ടുമൊരു കുറിപ്പ് കൂടി പങ്കുവച്ചിരുന്നു. ഇതിനിടെ ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെ അന്ത്യം സംഭവിക്കകയും ചെയ്തു. വൈകീട്ട് അഞ്ച് മണിക്ക് എരുമേലി ടൗണ്‍ നൈനാര്‍ പള്ളിയിലാണ് ഖബറടക്കം.
Also Read:- മാസ്‌ക് ധരിക്കാന്‍ മടി കാണിക്കുന്നവരൊക്കെ കാണണം, ഫാത്തിമയുടെ ജീവിതം....