Kshama Bindu : സ്വയം വിവാഹം കഴിക്കാൻ യുവതി; വിവാദങ്ങള്‍ തീരുന്നില്ല
ഒരു വ്യക്തി അയാളെ തന്നെ ഇണയായി തെരഞ്ഞെടുക്കുന്നതിനെയാണ് 'സോളോഗമി'യെന്ന് പറയുന്നത്. പല വിദേശരാജ്യങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാലിത് ആദ്യമായാണ് ഇന്ത്യയില്‍ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്
വ്യക്തികളുടെ ലൈംഗികത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നൊരു സമയമാണിത്. സ്വവര്‍ഗാനുരാഗവും സ്വവര്‍ഗാനുരാഗികളുടെ വിവാഹവുമെല്ലാം ( Homosexual Marriage ) ഭാഗികമായെങ്കിലും അംഗീകരിക്കുന്ന പ്രവണത കേരളമടക്കം സാസ്കാരികമായും വിദ്യാഭ്യാസപരമായും മുന്നിട്ടുനില്‍ക്കുന്നയിടങ്ങളില്‍ കാണുന്നുണ്ട്. ഇതുമായി ബന്ധപ്പെടുത്താവുന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
സ്വയം വിവാഹം ചെയ്യുകയാണെന്ന് അറിയിച്ചുകൊണ്ട് ഇരുപത്തിനാലുകാരിയായ യുവതി രംഗത്തെത്തിയതാണ് സംഭവം. ഇതോടെ 'സോളോഗമി'യെന്ന പുതിയൊരു പ്രയോഗം ( Sologamy Marriage )കൂടി ഇവിടെ ചര്‍ച്ചകളില്‍ നിറഞ്ഞു. ഒരു വ്യക്തി അയാളെ തന്നെ ഇണയായി തെരഞ്ഞെടുക്കുന്നതിനെയാണ് 'സോളോഗമി'യെന്ന് പറയുന്നത്.
പല വിദേശരാജ്യങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വവര്‍ഗാനുരാഗികളുടെ വിവാഹം ( Homosexual Marriage ) രാജ്യത്ത് നിലവില്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാലിത് ആദ്യമായാണ് ഇന്ത്യയില്‍ ഇത്തരമൊരു സംഭവം ( Sologamy Marriage ) ഉണ്ടാകുന്നത്. ഗുജറാത്തിലെ വഡോദര സ്വദേശിയായ ക്ഷമ ബിന്ദു എന്ന യുവതിയാണ് താന്‍ സ്വയം വിവാഹിതയാകുന്നു എന്ന് അറിയിച്ചത്. സംഗതി പരസ്യമായി പ്രഖ്യാപിച്ചതോടെ വിവാദങ്ങളും ഉയര്‍ന്നു. വലിയൊരു വിഭാഗം പേരും ക്ഷമയെ വിമര്‍ശിക്കുകയാണ് ചെയ്തത്. ക്ഷമയെ പിന്തുണയ്ക്കുന്നൊരു വിഭാഗവും ഉണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ക്ഷമ ഇക്കാര്യം അറിയിച്ചത്. എന്നലിപ്പോഴും സമൂമാധ്യമങ്ങളിലും മറ്റും വിഷയം 'ട്രെന്‍ഡിംഗ്' ആയി പോവുകയാണ്. ഇപ്പോഴിതാ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മിലിന്ദ് ഡിയോറയുടെ അഭിപ്രായയവും ശ്രദ്ധേയമായിരിക്കുകയാണ്.
ക്ഷമയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മിലിന്ദ് ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്‍റെ സംസ്കാരത്തിന് തന്നെ എതിരാണ് ഇത്തരം പ്രവണതകളെന്നും ഇത് ബുദ്ധിശൂന്യമാണെന്നുമാണ് മിലിന്ദ് ഡിയോറയുടെ അഭിപ്രായം സൂചിപ്പിക്കുന്നത്.
ഇതിനെ തുടര്‍ന്ന് പലരും വീണ്ടും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു. മിലിന്ദിന്‍റെ അഭിപ്രായത്തോട് ഏറെ പേരും യോജിക്കുന്നുണ്ടെങ്കിലും വിമര്‍ശനങ്ങളും കുറവല്ല. ചൊവ്വാദോഷമുള്ള യുവതികളുടെ ഭാവിവരന്മാര്‍ക്ക് പ്രശ്നങ്ങള്‍ സംഭവിക്കാതിരിക്കാന്‍ അവരെക്കൊണ്ട് ആദ്യം വാഴയെയോ മറ്റ് മരങ്ങളെയോ പട്ടിയെയോ മണ്‍പാത്രത്തെയോ വിവാഹം ചെയ്യിപ്പിക്കുന്നതില്‍ തെറ്റില്ലെങ്കില്‍ ഇതിലും എന്താണ് തെറ്റെന്നാണ് ചിലര്‍ ചോദിക്കുന്നത്.
എന്തായാലും ക്ഷമയുടെ പ്രഖ്യാപനം ഇപ്പോഴും വലിയ അലയൊലികളാണ് സൃഷ്ടിക്കുന്നത്. പരമ്പരാഗത രീതികളെ തകര്‍ത്ത്, പലര്‍ക്കും മാതൃകയാകാനാണ് താന്‍ ശ്രമിക്കുന്നതെന്നായിരുന്നു ക്ഷമ പറഞ്ഞത്. സത്യസന്ധമായ പ്രണയം തിരഞ്ഞുമടുക്കുന്നവര്‍ക്ക് തന്‍റെ പാത പിന്തുടരാമെന്നും 'ബൈസെക്ഷ്വല്‍' ആണെന്ന് സ്വയം അംഗീകരിച്ച ക്ഷമ പറയുന്നു. സ്ത്രീയോടും പുരുഷനോടും ലൈംഗികതാല്‍ര്യം തോന്നുന്ന വ്യക്തിത്വമാണ് 'ബൈസെക്ഷ്വല്‍'. ജൂണ്‍ 11ന് ഹിന്ദു ആചാരപ്രകാരം താന്‍ സ്വയം വിവാഹം ചെയ്യുമെന്നാണ് ക്ഷമ അറിയിച്ചിരിക്കുന്നത്. ഇതിന് തന്‍റെ അമ്മ അനുവാദം നല്‍കിയിട്ടുണ്ടെന്നും ക്ഷമ അറിയിക്കുന്നു.
Also Read:- 'ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍ ആളുകളില്‍ ഈ രോഗത്തിന് കൂടുതല്‍ സാധ്യത'