അമ്മയെ കുറിച്ചുള്ള ഹൃദ്യമായ ഓര്‍മ്മ പങ്കിട്ട് കൃഷ്ണകുമാര്‍; കുറിപ്പ് വായിക്കാം
''തൈര് സാദം വാങ്ങി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. കാരണം അമ്മയുണ്ടാക്കിയ തൈര് സാദം ആയിരുന്നു നല്ലതെന്നു പറയണമെന്ന് തോന്നി. പക്ഷെ പറഞ്ഞാല്‍ കേള്‍ക്കാവുന്ന ദൂരത്തല്ല അമ്മയും അച്ഛനും...''
അമ്മയെ കുറിച്ചുള്ള ഹൃദ്യമായ ഓര്‍മ്മ പങ്കിട്ട് നടന്‍ കൃഷ്ണകുമാര്‍. മനസില്‍ എന്നും സൂക്ഷിച്ചുവയ്ക്കുന്ന തനിനാടന്‍ രുചികളെല്ലാം അമ്മമാരുടെ കൈപ്പുണ്യത്തില്‍ നിന്നുണ്ടായവ തന്നെയായിരിക്കും. മിക്കവരുടെയും അനുഭവം ഇതുതന്നെയായിരിക്കും. ഇതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു കുറിപ്പാണ് കൃഷ്ണകുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
അമ്മമാരുടെ കൈപ്പുണ്യവും കരുതലും മാത്രമല്ല, അവരുടെ വാക്കുകളുടെ മൂല്യവും അതിന്റെ അര്‍ത്ഥതലങ്ങളുമെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് കൃഷ്ണകുമാറിന്റെ വാക്കുകള്‍. നിരവധി പേരാണ് ഫേസ്ബുക്ക് കുറിപ്പിനോട് പ്രതികരണമറിയിക്കുന്നത്. ്അമ്മയുടെയും അച്ഛന്റെയും ഫോട്ടോകള്‍ കൂടി ചേര്‍ത്താണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം...
തൈര് സാദം.. Curd rice.. പണ്ട് അമ്മ ഉണ്ടാക്കി തരുമ്പോള്‍ പുച്ഛമായിരുന്നു. കുറ്റം പറയുമായിരുന്നു.. അന്നൊക്കെ വയര്‍ സംബന്ധമായ എന്തെങ്കിലും അസുഖമുണ്ടായാല്‍ അമ്മ തൈര് സാദം ഉണ്ടാക്കി തരും. എന്നിട്ട് അമ്മ പറയും വയറു തണുക്കട്ടെ. ശെരിയാണ്, വലിയ മരുന്നൊന്നും കഴിക്കാതെ സുഖമാകുമായിരുന്നു.
അന്ന് ഇത് മാത്രമല്ല മക്കളുടെ ആരോഗ്യം നന്നായിരിക്കണേ എന്ന് വിചാരിച്ചു മാതാപിതാക്കള്‍ എന്ത് പറഞ്ഞാലും നമ്മള്‍ എതിര്‍ക്കും, തര്‍ക്കിക്കും. പലപ്പോഴും അവരെ വല്ലാതെ വേദനിപ്പിച്ചു ഞാന്‍ ജയിച്ചെന്നു വിചാരിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ കറങ്ങിനടന്നപ്പോള്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നും ഫുഡ് പോയ്‌സണ്‍ അടിച്ചു വയറു നാശമായപ്പോള്‍ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി.. ഒപ്പം ഡോക്ടര്‍ പറഞ്ഞു രാത്രി ഭക്ഷണം തൈര് സാദം കിട്ടിയാല്‍ അത് കഴിക്കുക. വയറു തണുക്കും. അമ്മ പറഞ്ഞ അതേ വരികള്‍. അറിയാതെ മനസ്സില്‍ അമ്മയുടെ ചിത്രം തെളിഞ്ഞു.
തൈര് സാദം വാങ്ങി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. കാരണം അമ്മയുണ്ടാക്കിയ തൈര് സാദം ആയിരുന്നു നല്ലതെന്നു പറയണമെന്ന് തോന്നി. പക്ഷെ പറഞ്ഞാല്‍ കേള്‍ക്കാവുന്ന ദൂരത്തല്ല അമ്മയും അച്ഛനും..
പണ്ട് എവിടെയോ വായിച്ച ഒരു കാര്യം ഓര്‍മ വന്നു.. ശബ്ദം പതുക്കെയാണ് സഞ്ചരിക്കുന്നത്. അതേ അമ്മ പറഞ്ഞ വാക്കുകള്‍ കേള്‍ക്കാന്‍, മനസ്സിലാക്കാന്‍ 53 വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു. അന്ന് വല്ലാതെ കുറ്റം പറഞ്ഞു മാറ്റി വെച്ച തൈര് സാദം, ഇന്ന് രക്ഷക്കെത്തി.
ജീവിതത്തിലും ഇതൊരു പാഠമാണെന്ന് തോന്നുന്നു. ആരെപ്പറ്റിയും വല്ലാതെ കുറ്റം പറഞ്ഞ് മാറ്റിനിര്‍ത്തരുത്. നാളെ അവരാവും ആപത്ഘട്ടങ്ങളില്‍ നമ്മുടെ രക്ഷയ്‌ക്കെത്തുക. മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കളും ഓര്‍ക്കുക പരമാവധി അവരെ സ്‌നേഹിക്കുക, സഹായിക്കുക.. അവര്‍ തരുന്ന എന്ത് ഭക്ഷണവും കഴിച്ചിട്ട് മോശമാണെങ്കിലും നല്ലത് പറയുക...
അവര്‍ തരുന്ന ഭക്ഷണത്തില്‍ നിറയെ സ്‌നേഹമുണ്ട്. അവര്‍ക്കു കിട്ടുന്ന ലാഭം ആ നല്ല വാക്കുകള്‍ മാത്രമാണ്... എല്ലാവര്‍ക്കും സന്തുഷ്ടമായ കുടുംബജീവിതം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു...