'ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്'!; ഇതാരുടേതെന്നറിയാമോ?
വീടിന്റെ ഉടമസ്ഥാവകാശം ചൊല്ലിയാണ് തര്‍ക്കങ്ങളേറെയും നടന്നത്. വിചിത്രമായ വ്യക്തിത്വമുള്ള ഒരു കോടീശ്വരന്റെ വീടാണിതെന്ന് വാദിച്ചുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തി. അദ്ദേഹം അദ്ദേഹത്തിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വീടാണ് ഇതെന്നായിരുന്നു ഇവരുടെ വാദം
പച്ച പിടിച്ചുകിടക്കുന്ന ഒരു കുഞ്ഞ് ദ്വീപ്. ചുറ്റോടുചുറ്റും നീലക്കടല്‍. ആ ദ്വീപില്‍ ആകെ കാണാനുള്ളത് ഒരേയൊരു വീട് മാത്രം. വെളുത്ത പെയിന്റടിച്ച്, ദൂരക്കാഴ്ചയില്‍ പഴമയുടെ സൗന്ദര്യവും പേറിനില്‍ക്കുന്നൊരു വീട്. 'ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്' എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാണുമ്പോള്‍ ആരെയും ഒന്ന് മോഹിപ്പിക്കുന്നതാണ് ഈ വീട്. തിരക്കുകളില്‍ നിന്നെല്ലാം മാറി, ഏതാനും ദിവസങ്ങളെങ്കിലും അവിടെ ചിലവിടാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പിക്കുന്ന വശ്യത. എന്നാല്‍ ഈ വീടിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ഏറെ തര്‍ക്കങ്ങളുണ്ടായി.
വീടിന്റെ ഉടമസ്ഥാവകാശം ചൊല്ലിയാണ് തര്‍ക്കങ്ങളേറെയും നടന്നത്. വിചിത്രമായ വ്യക്തിത്വമുള്ള ഒരു കോടീശ്വരന്റെ വീടാണിതെന്ന് വാദിച്ചുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തി. അദ്ദേഹം അദ്ദേഹത്തിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വീടാണ് ഇതെന്നായിരുന്നു ഇവരുടെ വാദം.
എന്നാല്‍ ഇത് ഐസ്ലാന്‍ഡിലുള്ള ഒരു ഗായകന്റെ വീടാണെന്ന പക്ഷവുമായി വേറൊരു വിഭാഗവും സജീവമായി. ഇതിനെല്ലാം പുറമെ പല പല വാദങ്ങളും വീടിനെച്ചൊല്ലി ഉയര്‍ന്നു. എന്തിനധികം ഇങ്ങനെയൊരു വീട് യഥാര്‍ത്ഥത്തില്‍ ഇല്ലെന്നും ഇത് ഫോട്ടോഷോപ്പ് ആണെന്നും വരെ അഭിപ്രായമുയര്‍ന്നു.
സംഗതി, ഇത് യഥാര്‍ത്ഥത്തില്‍ ഉള്ള വീട് തന്നെയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐസ്ലാന്‍ഡിലെ എലിഡേയ് ദ്വീപിലാണത്രേ ഈ വീടുള്ളത്. 'എലിഡേയ് ഹണ്ടിംഗ് അസോസിയേഷന്‍' വകയാണ് വീടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
1950കളില്‍ പണി കഴിപ്പിച്ച വീട് 'ഹണ്ടിംഗ് ക്യാബിന്‍' ആയി അസോസിയേഷന്‍ ഉപയോഗിച്ചുവരികയാണത്രേ. ഇതിലെ അംഗങ്ങള്‍ക്ക് മാത്രമാണ് അങ്ങോട്ട് പ്രവേശനമുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതായാലും മോഹിപ്പിക്കുന്ന ഈ ഭവനം ഒരിക്കെലങ്കിലും സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന അഭിപ്രായമാണ് ഏറ്റവും ഒടുവില്‍ മിക്കവരും പങ്കുവയ്ക്കുന്നത്. വീടിന്റെ ചിത്രങ്ങള്‍ വീണ്ടും വീണ്ടും കാണുമ്പോള്‍ അതേ അഭിപ്രായം തന്നെ നമ്മളും ശരിവച്ചേക്കാം.
Also Read:- ക്രിസ്തു കുട്ടിക്കാലം ചിലവഴിച്ചെന്ന് കരുതപ്പെടുന്ന വീട് കണ്ടെത്തി...