ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടറെ ആരോഗ്യവകുപ്പ് അസി.സെക്രട്ടറിയാക്കി; ബൈഡന് ഇപ്പോഴേ കയ്യടി...
ട്രംപിന് ശേഷം ബൈഡന്‍ അധികാരത്തിലേറുമ്പോള്‍ ആദ്യം പുറത്തുവരുന്ന വാര്‍ത്തകള്‍ തന്നെ ഇത്തരത്തില്‍ മാനുഷികപക്ഷത്ത് നിന്നുള്ളതാണെന്ന് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ഇനി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ഗുണപരമായി നടപ്പിലാക്കാന്‍ ബൈഡന് സാധിക്കുമെന്ന വിഷയം തന്നെയാണ് പ്രഥമ പരിഗണനയിലെത്തുക
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കുകയാണ്. കൊവിഡ് 19 എന്ന മഹാമാരി സമ്മാനിച്ച തിരിച്ചടികളുടെ ചൂടിലും വേവിലുമാണ് അമേരിക്കയിന്ന്. ആഗോളതലത്തില്‍ തന്നെ കൊവിഡ് ഇത്രയധികം ബാധിച്ച മറ്റൊരു രാജ്യമില്ല.
ഈ പ്രതിസന്ധി സാഹചര്യത്തിലാണ് അമേരിക്കയില്‍ അധികാരക്കൈമാറ്റം നടക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. ഇതിനിടെ തന്റെ ആരോഗ്യവകുപ്പ് അസി. സെക്രട്ടറി സ്ഥാനത്തേക്ക് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടറെ നിയമിച്ച ബൈഡന്റെ നീക്കത്തിന് വമ്പിച്ച കയ്യടിയാണ് ലഭിക്കുന്നത്.
പീഡിയാട്രീഷ്യനായ ഡോ. റേച്ചല്‍ ലിവൈനിനെയാണ് ബൈഡന്‍ അസി. ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. അമേരിക്കന്‍ സെനറ്റില്‍ ഇത്രയും ഉയര്‍ന്ന പദവിയിലെത്തുന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണ് ലിവൈന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ പെന്‍സില്‍വാനിയ ഹെല്‍ത്ത് സെക്രട്ടറിയായ ലിവൈന്‍, മികച്ച കൊവിഡ് പ്രതിരോധ പരിപാടികളിലൂടെ ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ്. അതിനാല്‍ത്തന്നെ കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിനാവശ്യമായ തീരുമാനങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ ലിവൈന് കഴിയുമെന്നാണ് ബൈഡന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
' ഈ മഹാമാരിക്കാലത്തെ അതിജീവിക്കാന്‍ നമുക്കാവശ്യമായ വിദഗ്‌ധോപദേശങ്ങള്‍ നല്‍കാനും മുന്നില്‍ നിന്ന് നയിക്കാനും ലിവൈന് കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ അവരുടെ മതമോ ജാതിയോ ലിംഗഭേദമോ സ്വത്വമോ നോക്കേണ്ടതില്ല. നമ്മുടെ ആരോഗ്യവകുപ്പിന് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാനും മാത്രം കഴിവും പ്രാപ്തിയുമുള്ള ഒരാളാണ് ലിവൈന്‍..'- ബൈഡന്‍ പുറത്തിറക്കിയ പ്രസ്താവനയിലെ വാക്കുകളാണിത്.
ഡൊണാള്‍ഡ് ട്രംപിനെതിരെ വ്യാപകമായി ഉയര്‍ന്നിരുന്ന വിമര്‍ശനമായിരുന്നു, അദ്ദേഹം സ്വജനപക്ഷപാതവും വംശീയതയും പരിപോഷിപ്പിക്കുന്നു എന്നത്. പരസ്യമായിത്തന്നെ പലപ്പോഴും നിറവുമായും ലിംഗഭേദവുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ മനുഷ്യത്വവിരുദ്ധമായ നിലപാടുകളെടുത്തതിനെ തുടര്‍ന്ന് ട്രംപ് വിവാദങ്ങളില്‍ പെട്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ട്.
ട്രംപിന് ശേഷം ബൈഡന്‍ അധികാരത്തിലേറുമ്പോള്‍ ആദ്യം പുറത്തുവരുന്ന വാര്‍ത്തകള്‍ തന്നെ ഇത്തരത്തില്‍ മാനുഷികപക്ഷത്ത് നിന്നുള്ളതാണെന്ന് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ഇനി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ഗുണപരമായി നടപ്പിലാക്കാന്‍ ബൈഡന് സാധിക്കുമെന്ന വിഷയം തന്നെയാണ് പ്രഥമ പരിഗണനയിലെത്തുക. ഇക്കാര്യത്തിലും ട്രംപിനെതിരെ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും വ്യാപകമായിരുന്നു.
എന്തായാലും പ്രഗത്ഭരുടെ സംഘത്തെ തന്നെ സര്‍ക്കാര്‍ പ്രതിനിധികളായി നിയമിച്ചുകൊണ്ട് പ്രതിസന്ധിക്കാലത്തെ അതിജീവിക്കാനാണ് ബൈഡന്റെ നീക്കം. കാലിഫോര്‍ണിയ എ.ജിയായ സേവ്യര്‍ ബെകേറയെ ആണ് ആരോഗ്യവകുപ്പ് സെക്രട്ടറിയായി ബൈഡന്‍ നിയമിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കീഴിലാണ് ഡോ. റേച്ചല്‍ ലിവൈന്‍ പ്രവര്‍ത്തിക്കുക.