'ഞാൻ 10 കിലോ ശരീരഭാരം കൂട്ടിയത് ഇങ്ങനെ': വീഡിയോയുമായി ഇഷാനി കൃഷ്ണ
41 കിലോ ശരീരഭാരത്തിൽ നിന്നുമാണ് താരം 51 കിലോയിൽ എത്തിയത്. വെയ്റ്റ് ഗെയ്ൻ ട്രാൻസ്ഫൊർമേഷന്‍ വീഡിയോ ഇഷാനി തന്നെയാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്.
നടന്‍ കൃഷ്ണ കുമാറിന്‍റെ മകളും യുവനടിയുമായ ഇഷാനി കൃഷ്ണ സമൂഹ മാധ്യമങ്ങളിലെ തിളങ്ങുന്ന താരമാണ്. മൂന്ന് മാസം കൊണ്ട് പത്ത് കിലോ ശരീരഭാരം കൂട്ടിയ ഇഷാനിയുടെ മേക്കോവര്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
41 കിലോ ശരീരഭാരത്തിൽ നിന്നുമാണ് താരം 51 കിലോയിൽ എത്തിയത്. വെയ്റ്റ് ഗെയ്ൻ ട്രാൻസ്ഫൊർമേഷന്‍ വീഡിയോ ഇഷാനി തന്നെയാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. മൂന്ന് മാസം താൻ കഴിച്ച ഭക്ഷണവും വർക്കൗട്ട് രീതികളും ഇഷാനി വീഡിയോയിലൂടെ വിവരിക്കുന്നുണ്ട്.
‘ശരീരഭാരം കൂട്ടാനായി മാർച്ച് ആദ്യമാണ് ജിമ്മിൽ ചേരുന്നത്. വർക്കൗട്ടിനേക്കാൾ ഡയറ്റിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ട്രെയിനര്‍ പറഞ്ഞു. അത്യാവശ്യമൊക്കെ ഭക്ഷണം കഴിക്കുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഈ ഡയറ്റ് തുടങ്ങി കഴിഞ്ഞപ്പോഴാണ് മനസിലായത് അത് പോരായിരുന്നു എന്ന്. ജീവിതത്തിൽ ഇന്നേ വരെ ഞാൻ ഇങ്ങനെ കഴിച്ചിട്ടില്ല’- ഇഷാനി പറയുന്നു.
വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ മുമ്പ് കഴിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ പ്രഭാത ഭക്ഷണം കഴിക്കണമെന്നും ഇഷാനി പറയുന്നു. പാല്‍, മുട്ടയുടെ വെള്ള, മത്സ്യം, ചിക്കന്‍ എന്നിവ താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതൊക്കെ കഴിക്കുന്നതു കൊണ്ട് മുഖക്കുരുവിന്‍റെ പ്രശ്നങ്ങളുമുണ്ടായി. പക്ഷേ താന്‍ അത് കാര്യമാക്കിയില്ല എന്നും ഇഷാനി പറയുന്നു. ഉച്ചയൂണിന് ശേഷം രണ്ട് മണിക്കൂര്‍ ഉറങ്ങും. വൈകുന്നേരം രണ്ട് ഏത്തപ്പഴം കഴിച്ചതിന് ശേഷമാണ് വർക്കൗട്ട് ചെയ്യുന്നത്. രാത്രി ചപ്പാത്തി, ദാല്‍ എന്നിവയാണ് കഴിക്കുന്നത് എന്നും താരം പറഞ്ഞു. ധാരാളം വെള്ളം കുടിക്കണമെന്നും ഇഷാനി പറയുന്നു.
'ഭക്ഷണവും വർക്കൗട്ടും മാത്രം പോര, നമ്മുടെ മനസും നല്ലപോലെ തയാറെടുക്കണം. ജീവിതത്തിൽ കൃത്യമായ അച്ചടക്കം കൊണ്ടുവരാൻ ശ്രമിക്കണം. അങ്ങനെയാണെങ്കിൽ മാത്രമേ ഇതിൽ വിജയിക്കൂ. മെലിഞ്ഞ പെൺകുട്ടികളും ആൺകുട്ടികളും വീഡിയോ ഇപ്പോൾ കാണുന്നുണ്ടാകും. നിങ്ങളെല്ലാവരും ജീവിതത്തിൽ ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുമുണ്ടാകും. എന്റെ തന്നെ ചിത്രങ്ങൾക്കു താഴെ, ‘സാരിയിൽ തുണിചുറ്റിവച്ച പോലെ ഉണ്ട്, കമ്പ് പോലെ ഉണ്ട്’ എന്നൊക്കെയുള്ള കമന്റുകൾ വന്നിട്ടുണ്ട്. ആദ്യമൊക്കെ വിഷമമാകുമായിരുന്നു. അങ്ങനെയുള്ള കമന്റുകൾ കണ്ടിട്ടാണ് ശരീരഭാരം കൂട്ടണമെന്ന ആഗ്രഹം എന്റെ ഉള്ളിൽ ഉണ്ടായത് തന്നെ. ഈ നെഗറ്റീവ് കമന്റുകളാണ് എനിക്ക് പ്രചോദനമായത്’- ഇഷാനി പറയുന്നു.
Also Read: ഗൗരവഭാവത്തോടെ മുട്ട കഴിക്കുന്ന ഉണ്ണിമുകുന്ദന്‍; രസകരമായ വീഡിയോ; കമന്‍റുകളുമായി ആരാധകര്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona