തലമുടി തഴച്ച് വളരാനും തിളക്കമുള്ളതാകാനും; എട്ട് 'സൂപ്പര്‍ ഫുഡുകള്‍' പരിചയപ്പെടുത്തി ലക്ഷ്മി നായർ

തലമുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന എട്ട് 'സൂപ്പര്‍ ഫുഡുകള്‍' പരിചയപ്പെടുത്തുകയാണ് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ. 

Hair growing super foods by lekshmi nair

തിളക്കവും ആരോഗ്യവുമുള്ള തലമുടി (hair) എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനിനൊപ്പം (protein) വിറ്റാമിനുകളും (vitamins) മിനറലുകളും  ആവശ്യമാണ്. അതുകൊണ്ടുതന്നെ, ശരിയായ ഭക്ഷണം (food) തലമുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകമാണ്. 

ഇവിടെയിതാ അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന എട്ട് 'സൂപ്പര്‍ ഫുഡുകള്‍' പരിചയപ്പെടുത്തുകയാണ് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്. 

തലമുടി വളരാൻ സഹായിക്കുന്ന ആ എട്ട് ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. കൂടാതെ ഇവ പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. താന്‍ ദിവസവും ഒരു മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുമെന്നും ലക്ഷ്മി പറയുന്നു. 

രണ്ട്...

സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ തലമുടിയുടെ ആരോഗ്യത്തോടൊപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ബെറി പഴങ്ങളോടൊപ്പം മറ്റ് പഴങ്ങളും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ പപ്പായ, ഓറഞ്ച്, നാരങ്ങ തുടങ്ങി വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

ഫാറ്റി ഫിഷ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫാറ്റി ഫിഷ്  ഗണത്തില്‍പ്പെടുന്ന മീനുകളായ  സാല്‍മണ്‍, അയല, മത്തി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറേ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റ്സും ഒമേഗ-3യുമാണ് ഇതിന് സഹായിക്കുന്നത്. 

നാല്...

മധുരക്കിഴങ്ങ് ആണ് അടുത്തത്.  വിറ്റാമിൻ 'എ'യുടെയും ബീറ്റാ കരോട്ടിന്റെയും ഉറവിടമാണ് മധുരക്കിഴങ്ങ്. ഇവ തലമുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

അഞ്ച്...

ഇലവർഗങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് ചീരകൾ. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. നമ്മുടെ ഭക്ഷണത്തില്‍ നമ്മള്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്ന ഒരു ഇലക്കറി കൂടിയാണ് ചീര. ഇതില്‍ പാലക് ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ലക്ഷ്മി നായര്‍ പറയുന്നത്. 

ആറ്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ, സിങ്ക് തുടങ്ങിയവ അടങ്ങിയ വാള്‍നട്സ്, ബദാം, കശുവണ്ടി തുടങ്ങിയ നട്സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും.

ഏഴ്...

ഫ്ലാക്സ് സീഡ്, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയ  വിവിധ തരം വിത്തുകള്‍ (സീഡ്‌സ്) ഡയറ്റില്‍ ഉള്‍പ്പെടുത്താം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ തലമുടിയുടെ ആരോഗ്യത്തിനും തലമുടി വളരാനും സഹായിക്കും. 

എട്ട്...

സോയാബീന്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബയോട്ടിന്‍റെ പ്രകൃതിദത്തമായ ഉറവിടമായ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണ്. 

 

Also Read: ചർമ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചെറുപ്പം നിലനിർത്താനും ഈ 'ഇല' ഉപയോഗിക്കാം; വീഡിയോയുമായി ലക്ഷ്മി നായർ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Latest Videos
Follow Us:
Download App:
  • android
  • ios