'അദ്ദേഹത്തെ മറക്കാനാകില്ല'; കൊവിഡ് ബാധിച്ച് മരിച്ച തെരുവുകച്ചവടക്കാരന്റെ കുടുംബത്തിന് താങ്ങായി നാട്ടുകാര്‍

പത്തും ഇരുപതും കൊല്ലത്തോളമായി മുടങ്ങാതെ യാദവ് ജീയുടെ കൈപുണ്യം രുചിക്കുന്നവരുണ്ട് ഇവരുടെ കൂട്ടത്തില്‍. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ, മുത്തച്ഛനെപ്പോലെ, സുഹൃത്തിനെപ്പോലെയെല്ലാമാണ് ഇവര്‍ക്ക് അദ്ദേഹം. കൊവിഡ് ബാധിച്ച് അദ്ദേഹം മരിച്ചപ്പോള്‍ അനാഥമായ കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലേക്ക് അങ്ങനെ അവരെത്തി
 

crowdfunding for street seller who died of covid 19

കൊവിഡ് 19 എന്ന രോഗത്തെ കുറിച്ച് കേട്ടാല്‍ തന്നെ ഞെട്ടലോടെയും പേടിയോടെയുമാണ് പൊതുവില്‍ ആളുകള്‍ പ്രതികരിക്കുന്നത്. ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും കൊവിഡ് ബാധിച്ചുവെന്നറിഞ്ഞാല്‍ പിന്നെ ആ വഴിക്ക് പോകാത്തവരാണ് അധികവും. അത്തരത്തിലുള്ള അയിത്തം കല്‍പിക്കലിനെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ ഇതിനോടകം വന്നുകഴിഞ്ഞട്ടുമുണ്ട്. 

എന്നാല്‍ അതില്‍ നിന്നെല്ലാം വിരുദ്ധമായി കൊവിഡ് ബാധിച്ച് മരിച്ചയാളുടെ പേരില്‍, അയാളുടെ അനാഥമായ കുടുംബത്തിന് വേണ്ടി പണപ്പിരിവ് നടത്തുകയാണ് സൗത്ത് മുംബൈയിലെ നാപിയന്‍ സീ റോഡ് നിവാസികള്‍. ഇതിന് പിന്നില്‍ ഇവര്‍ക്ക് വ്യക്തമായ കാരണങ്ങളുമുണ്ട്. 

കഴിഞ്ഞ 46 വര്‍ഷമായി യുപി സ്വദേശിയായ ഭഗ്വതി യാദവ് നാപിയന്‍ സീ റോഡില്‍ കച്ചവടം നടത്തുന്നു. മുംബൈയുടെ ഏറ്റവും പ്രിയപ്പെട്ട 'സ്ട്രീറ്റ് ഫുഡ്' ആയ പാനി പൂരി കച്ചവടമായിരുന്നു യാദവ് ജീക്ക്. മറ്റുള്ള കച്ചവടക്കാരെല്ലാം ലഭ്യമായ സ്ഥലത്ത് നിന്ന് വെള്ളം ശേഖരിച്ച് വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍, യാദവ് ജീ മാത്രം കുപ്പിവെള്ളമുപയോഗിച്ചാണ് പാനി പൂരി തയ്യാറാക്കിയിരുന്നത്. 

ആളുകളുടെ ആരോഗ്യം സംബന്ധിച്ചുള്ള ആശങ്ക മുന്‍നിര്‍ത്തിയാണ് യാദവ് ജീ ഈ പതിവിലേക്ക് മാറിയത്. ഇതോടെ യാദവ് ജീ ആ തെരുവുകാരുടെ സ്വന്തം 'ബിസ്ലേരി പാനി പൂരി വാലാ' ആയി മാറി. ഏറ്റവും രുചിയോടെ, ഏറ്റവും വൃത്തിയായി തയ്യാറാക്കിയ പൂരി നിറഞ്ഞ പുഞ്ചിരിയോടെ വിളമ്പി, തങ്ങളെ ഊട്ടിയിരുന്ന വൃദ്ധനെ ആ നാട്ടുകാര്‍ മറന്നില്ല. 

പത്തും ഇരുപതും കൊല്ലത്തോളമായി മുടങ്ങാതെ യാദവ് ജീയുടെ കൈപുണ്യം രുചിക്കുന്നവരുണ്ട് ഇവരുടെ കൂട്ടത്തില്‍. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ, മുത്തച്ഛനെപ്പോലെ, സുഹൃത്തിനെപ്പോലെയെല്ലാമാണ് ഇവര്‍ക്ക് അദ്ദേഹം.

കൊവിഡ് ബാധിച്ച് അദ്ദേഹം മരിച്ചപ്പോള്‍ അനാഥമായ കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലേക്ക് അങ്ങനെ അവരെത്തി. 'ക്രൗഡ് ഫണ്ടിംഗ് സൈറ്റി'ന്റെ സഹായത്തോടെയാണ് യാദവ് ജീക്ക് വേണ്ടി ഇവര്‍ പണം പിരിക്കുന്നത്. നാട്ടുകാരുടെ ഈ സ്‌നേഹത്തിന് തിരിച്ച് നന്ദി പറയാനല്ലാതെ മറ്റൊന്നുമറിയില്ലെന്നാണ് യാദവ് ജീയുടെ മകള്‍ പറയുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിരിച്ചെടുത്ത പണം യാദവ് ജീയുടെ കുടുംബത്തിന് നല്‍കാനാകുമെന്നാണ് കൂട്ടായ്മ പ്രതീക്ഷിക്കുന്നത്. കൊവിഡ് കാലത്തെ ചേര്‍ത്തുനിര്‍ത്തലുകള്‍ക്ക് ഉദാത്തമായ ഒരു മാതൃകയാവുകയാണ് ഈ കൂട്ടായ്മ.

Also Read:- 'ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉള്ള പൈസയൊക്കെ കൊടുത്ത് വാങ്ങിക്കഴിക്കുന്നത്...'

Latest Videos
Follow Us:
Download App:
  • android
  • ios