60 അടി താഴ്ചയിൽ വെള്ളത്തിനടിയിൽ വച്ച് ചിന്നദുരൈ ശ്വേതയ്ക്ക് മിന്നുകെട്ടി; വെെറലായി വീഡിയോ
തിങ്കളാഴ്ച രാവിലെ 7.30ന് നീലന്‍കാരായി തീരത്ത് കടലിനടിയില്‍ എല്ലാ ആചാരങ്ങളോടും കൂടി ചിന്നദുരൈ ശ്വേതയുടെ കഴുത്തില്‍ താലി കെട്ടുകയായിരുന്നു.
എപ്പോഴും വിവാഹം വ്യത്യസ്തമായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കാറില്ലേ... വെള്ളത്തിനടിയിൽ നടന്ന ഒരു വിവാഹമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലാണ് വിത്യസ്തമായ ഒരു വിവാഹം നടന്നത്.
ചെന്നൈയിലെ നീലന്‍കാരായി തീരത്തുവച്ച് തമിഴ്‌നാട്ടുകാരായ വി ചിന്നദുരൈ യും വധു എസ് ശ്വേതയും വിവാഹിതരായത് വെള്ളത്തിനടിയില്‍ 60 അടി താഴ്ചയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 7.30 ന് നീലന്‍കാരായി തീരത്ത് കടലിനടിയില്‍ എല്ലാ ആചാരങ്ങളോടും കൂടി ചിന്നദുരൈ ശ്വേതയുടെ കഴുത്തില്‍ താലി കെട്ടുകയായിരുന്നു.
സോഫ്റ്റ്‌വേര്‍ എഞ്ചിനീയറും അംഗീകൃത സ്‌കൂബാ ഡൈവറുമാണ് വരന്‍ ചിന്നദുരൈ. വധു ശ്വേത എഞ്ചിനീയറും സ്‌കൂബ ഡൈവിംഗ് പരിശീലനം നേടുന്നയാളും. തങ്ങളുടേത് പാരമ്പര്യ വിധി പ്രകാരമുള്ള വിവാഹമായിരുന്നു പക്ഷേ നടന്നത് കടലിനടിയിലാണെന്ന് മാത്രം. വിവാഹ ചടങ്ങുകളെല്ലാം വിധിപ്രകാരം ക്രമീകരിച്ച ശേഷം താലികെട്ടേണ്ട മുഹൂര്‍ത്ത സമയത്ത് കടലിലേക്ക് ചാടുകയായിരുന്നുവെന്ന് ചിന്നദുരൈ പറഞ്ഞു.
വരന്‍ ലൈസന്‍സോട് കൂടിയ സ്‌കൂബ ഡൈവര്‍ ആണെങ്കിലും വധു ഒരു മാസം മുമ്പ് മാത്രം പരിശീലനം നേടിയയാളാണ്. വിവാഹ ദിവസത്തിന് വേണ്ടി മാത്രമാണ് പരിശീലനം നേടിയതെന്ന് ശ്വേത പറയുന്നു. കടൽജീവികൾക്കിടയിൽ വെള്ളത്തിനടിയിൽ വിവാഹം കഴിക്കുന്നത് വ്യത്യസ്തമായൊരു അനുഭവമാണെന്ന് ചിന്നദുരൈ പറഞ്ഞു.