Alia Bhatt : പനീറില്‍ ആലിയ ഭട്ടിന്റെ മുഖം; യുവ ആര്‍ട്ടിസ്റ്റിന് അഭിനന്ദനങ്ങള്‍...
തീര്‍ച്ചയായും അഭിനന്ദനാര്‍ഹമായൊരു കഴിവാണിതെന്നും ആശംസകളറിയിക്കുന്നതായും വീഡിയോ കണ്ടവരെല്ലാം കമന്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിരവധി പേര്‍ ആലിയ ഭട്ടിനെ പ്രഫുലിന്റെ വീഡിയോയ്ക്ക് താഴെ ടാഗ് ചെയ്തിട്ടുമുണ്ട്
ഭക്ഷണസാധനങ്ങളില്‍ 'കാര്‍വിംഗ്' ( Food Carving ) ചെയ്ത് അതിനെ ഭംഗിയാക്കുന്ന രീതി നമ്മളെല്ലാം കണ്ടിട്ടുണ്ട്. വെറുതെ ഒരു അലങ്കാരം എന്ന രീതിയില്‍ മാത്രമാണ് മിക്കവരും ഇതിനെ സമീപിക്കാറ്. എന്നാല്‍ അതിലുമധികമായി കലയുടെ ( Art of Carving ) വ്യക്തമായ അടയാളപ്പെടുത്തലായി ഇതിനെ കാണാവുന്നതാണ്.
ഭക്ഷണസാധനങ്ങളില്‍ പലതിലും ഇത്തരത്തില്‍ 'കാര്‍വിംഗ്' ചെയ്യുന്നവരുണ്ട് പഴങ്ങളും പച്ചക്കറികളും മുതല്‍ കേക്കിലും മീറ്റിലും വരെ ഇത് ചെയ്യാറുണ്ട്. എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ പനീറില്‍ വളരെ മനോഹരമായൊരു കാര്‍വിംഗ് ചെയ്തിരിക്കുകയാണ് ആര്‍ട്ടിസ്റ്റായ പ്രഫുല്‍ ജെയ്ന്‍. പാലുത്പന്നമായ പനീർ കറിയോ, ഫ്രൈയോ ബിരിയാണിയോ എല്ലാം തയ്യാറാക്കാൻ ഉപയോഗിക്കാറുണ്ട്. എന്നാൽ കാർവിംഗിൽ അധികമാരും പരീക്ഷണങ്ങൾ നടത്താത്തൊരു ഭക്ഷണസാധനമാണിത്. പ്രത്യേകിച്ചും കൈകാര്യം ചെയ്യാൻ അൽപം ബുദ്ധിമുട്ടുള്ള ഒന്നാണ് പനീർ.
പനീറില്‍ പ്രഫുല്‍ ചെയ്തിരിക്കുന്നത് നടി ആലിയ ഭട്ടിന്റെ മുഖമാണ്. ആലിയയുടെ ഏറ്റവും പുതിയ ചിത്രമായ 'ഗംഗുഭായ് കത്തിയവാഡി'യിലെ 'ലുക്ക്' ആണ് പ്രഫുല്‍ കാര്‍വ് ചെയ്‌തെടുത്തിരിക്കുന്നത്. ഇതെങ്ങനെയാണ് ചെയ്തതെന്നും വീഡിയോയിലൂടെ പ്രഫുല്‍ പങ്കുവച്ചിട്ടുണ്ട്.
ആദ്യം ഒരു കത്തി ഉപയോഗിച്ച് വലിയൊരു പനീര്‍ ബ്ലോക്കില്‍ ആലിയയുടെ മുഖം കൊത്തിയെടുക്കുകയാണ് ചെയ്യുന്നത്. ശേഷം സോയ സോസ് ഒഴിച്ചാണ് ഇതിന്റെ ഫിനിഷിംഗ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പ്രഫുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ധാരാളം പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നു.
തീര്‍ച്ചയായും അഭിനന്ദനാര്‍ഹമായൊരു കഴിവാണിതെന്നും ആശംസകളറിയിക്കുന്നതായും വീഡിയോ കണ്ടവരെല്ലാം കമന്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിരവധി പേര്‍ ആലിയ ഭട്ടിനെ പ്രഫുലിന്റെ വീഡിയോയ്ക്ക് താഴെ ടാഗ് ചെയ്തിട്ടുമുണ്ട്.
ഭക്ഷണസാധനങ്ങളില്‍ 'കാര്‍വിംഗ്' ചെയ്യുമ്പോള്‍ അത്രയും ഭക്ഷണം വെറുതെ കളയുകയാണെന്ന് ചിന്തിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ താന്‍ ഇതിന് ശേഷം പനീര്‍ പാകം ചെയ്്ത് കഴിച്ചുവെന്നും പ്രഫുല്‍ വീഡിയോ പങ്കുവച്ചതിനൊപ്പം തന്നെ അറിയിച്ചിട്ടുണ്ട്.
ഇരുപത്തിയൊന്നുകാരനായ പ്രഫുല്‍ പല ക്യാന്‍വാസുകളിലും ആര്‍ട്ട് ചെയ്തിട്ടുള്ളയാളാണ്. എന്നാല്‍ വളരെ ആകസ്മികയാണ് താന്‍ പനീറില്‍ രൂപങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് എത്തിയതെന്ന് പ്രഫുല്‍ പറയുന്നു. ഒരിക്കല്‍ പനീര്‍ കഴിക്കാനെടുത്തപ്പോള്‍ അതിലുണ്ടായിരുന്ന വിള്ളല്‍ ഒരു രൂപം പോലെ തോന്നിയെന്നും ഇതോടെയാണ് പനീറില്‍ രൂപങ്ങള്‍ കൊത്താമെന്ന് മനസിലാക്കിയതെന്നും പ്രഫുല്‍ പറയുന്നു.
ആലിയയുടെ 'ഗംഗുഭായ് കത്തിയവാഡി' വമ്പന്‍ ഹിറ്റുകളുടെ പട്ടികയിലേക്കാണ് കടക്കുന്നത്. റിലീസ് ആയി പതിമൂന്ന് ദിവസത്തിനുള്ളില്‍ തന്നെ 100 കോടി ക്ലബിലേക്ക് ചിത്രം കടന്നു. നായികമാര്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഇത്തരത്തില്‍ വിജയം കൈവരിക്കുന്നത് അപൂര്‍വമാണ്. അത്തരമൊരു നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് ആലിയ.
Also Read:- പ്രണയകുടീരം പശ്ചാത്തലമാക്കി ട്രംപിനെയും മോദിയെയും തണ്ണിമത്തനിൽ കൊത്തിയെടുത്ത് ഇളഞ്ചേശൻ