62 ലക്ഷത്തിന്‍റെ ജീൻസ്; അമ്പരക്കേണ്ട, ഇതിന് പിന്നിലൊരു കഥയുണ്ട്...
ന്യൂ മെക്സിക്കോയില്‍ ഇക്കഴിഞ്ഞ ഒന്നാം തീയ്യതി നടന്നൊരു ലേലത്തില്‍ കേട്ടാല്‍ ഞെട്ടുന്ന വിലയ്ക്കുന്നൊരു ജീൻസ് വില്‍ക്കപ്പെട്ടിരുന്നു. എന്താണ് ഈ ജീൻസിന് ഇത്ര വിലയെന്ന് ചോദിച്ചാല്‍ മറ്റൊന്നുമല്ല കാരണം ഇതിന്‍റെ പഴക്കം തന്നെ.
വര്‍ഷങ്ങളോളം പഴക്കമുള്ള സാധനങ്ങള്‍ക്ക് അവയുടെ പുരാവസ്തു മൂല്യത്തിന് അനുസരിച്ച് വലിയ വില വരാറുണ്ട്. വര്‍ഷങ്ങളെ അതിജീവിച്ചതെന്ന നിലയ്ക്കും, ചരിത്രത്തിന്‍റെ ഭാഗമാണെന്നതുകൊണ്ടുമെല്ലാമാണ് ഇങ്ങനെയുള്ള സാധനങ്ങള്‍ക്ക് വലിയ വില വരുന്നത്.
പ്രധാനമായും ലേലങ്ങളിലൂടെയാണ് ഇത്തരം സാധനങ്ങള്‍ വില്‍പനയ്ക്ക് വയ്ക്കാറ്. ഓരോ സാധനത്തിനും അതത് മേഖലയില്‍ നിന്നുള്ളവരായിരിക്കും താല്‍പര്യപൂര്‍വ്വം ലേലത്തില്‍ വില പറയുക. പലപ്പോഴും പല സാധനങ്ങള്‍ക്കും നിശ്ചയിക്കുന്ന തുകയില്‍ നിന്ന് അപ്രതീക്ഷിതമായി ഇരട്ടിയോ അതിലധികമോ തുകയെല്ലാം ലേലത്തില്‍ വീണുകിട്ടാറുമുണ്ട്. ഇത്തരം സംഭവങ്ങള്‍ വാര്‍ത്തകളിലും കാര്യമായ ഇടം നേടാറുണ്ട്.
സമാനമായൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ന്യൂ മെക്സിക്കോയില്‍ ഇക്കഴിഞ്ഞ ഒന്നാം തീയ്യതി നടന്നൊരു ലേലത്തില്‍ കേട്ടാല്‍ ഞെട്ടുന്ന വിലയ്ക്കുന്നൊരു ജീൻസ് വില്‍ക്കപ്പെട്ടിരുന്നു. എന്താണ് ഈ ജീൻസിന് ഇത്ര വിലയെന്ന് ചോദിച്ചാല്‍ മറ്റൊന്നുമല്ല കാരണം ഇതിന്‍റെ പഴക്കം തന്നെ.
62,46,504 രൂപയ്ക്കാണ് ഈ ജീൻസ് വിറ്റുപോയത്. കണ്ടുകഴിഞ്ഞാല്‍ ഈ ജീൻസിന് എന്തിനാണിത്ര വിലയെന്ന് ചോദിക്കരുത്. കാരണം സംഗതി നേരത്തെ സൂചിപ്പിച്ചത് പോലെ പുരാവസ്തുവാണ്. നൂറിലധികം വര്‍ഷങ്ങള്‍ പഴക്കമുണ്ടത്രേ ഈ ജീൻസിന്. ലോകത്തിലെ തന്നെ ഇന്നുള്ളതില്‍ വച്ചേറ്റവും പഴക്കമുള്ളൊരു ജീൻസ് ആണത്രേ ഇത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎസിലെ പുരാതനമായ ഒരു ഖനി തുരങ്കത്തില്‍ നിന്നുമാണത്രേ ഈ ജീൻസ് കണ്ടുകിട്ടിയത്. പിന്നീടുള്ള വിദഗ്ധ പരിശോധനയിലാണ് ജീൻസിന് ഇത്രയും വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് കണ്ടെത്തപ്പെട്ടത്. ലിവൈസിന്‍റെ വണ്‍ പോക്കറ്റ് ബക്കിള്‍ ബാക്ക് ജീൻസാണിത്.
ബട്ടണുകളും മറ്റും തുരുമ്പെടുത്ത് പോയെങ്കിലും ജീൻസ് വലിയ കേടുപാട് കൂടാതിരിക്കുന്നുവെന്നത് ആശ്ചര്യം തന്നെയാണ്. സാൻഡിയാഗോയില്‍ നിന്നുള്ള ടെക്സ്റ്റെയില്‍ വ്യവസായിയായ കെയില്‍ ഹൂപേര്‍ട്ട് ആണ് വമ്പിച്ച വിലയ്ക്ക് ജീൻസ് സ്വന്തമാക്കിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും വിലയ്ക്ക് ഈ ജീൻസ്സ്വന്തമാക്കിയതെന്ന് ചോദിച്ചാല്‍ കെയിലിന് പ്രത്യേകമായ മറുപടികളൊന്നുമില്ല. താൻ ഇത് ഇത്രയും വിലയ്ക്ക് വാങ്ങുമെന്ന് വിചാരിച്ചതല്ല, എന്നാല്‍ ലേലമല്ലേ അങ്ങനെ സംഭവിച്ചുപോയി എന്നാണിദ്ദേഹത്തിന്‍റെ മറുപടി.
Also Read:- 460 കോടിയുടെ 'മുതല്‍'; അസാധാരണമായ ലേലം...