12 മാമ്പഴത്തിന് 1.2 ലക്ഷം രൂപ; തുളസിക്ക് ഓണ്‍ലൈന്‍ ക്ലാസിന് സ്മാര്‍ട്ട് ഫോണായി...
ലോക്ഡൗണ്‍ കാലത്ത് സ്മാര്‍ട്ട് ഫോണില്ലാഞ്ഞതിനെ തുടര്‍ന്ന് പഠനം മുടങ്ങുന്ന അവസ്ഥയായി. ഇതോടെ പണം സ്വരൂപിക്കാന്‍ മാമ്പഴ കച്ചവടത്തിലേക്കിറങ്ങി തുളസി. നിര്‍ധനരായ മാതാപിതാക്കള്‍ക്ക് തുളസിയെ പിന്തിരിപ്പിക്കാനും സാധിച്ചില്ല. ഇതിനിടെ തുളസിയെ കുറിച്ച് ഒരു പ്രാദേശിക ചാനലില്‍ ഒരു വാര്‍ത്ത വന്നു. അതോടെ പഠനത്തിനായി ഈ കൊച്ചുപെണ്‍കുട്ടി നടത്തുന്ന പോരാട്ടം ഏവരും അറിഞ്ഞു
കൊവിഡ് കാലത്ത് നമ്മുടെ നിത്യജീവിതത്തിലെ പല കാര്യങ്ങളിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ജോലി, സാമൂഹികമായ ജീവിതം, വിദ്യാഭ്യാസം ഇങ്ങനെ വിവിധ മേഖലകളിലും സാരമായ മാറ്റങ്ങളാണുണ്ടായത്. മിക്കവാറും വീട്ടിനകത്ത് തന്നെ തുടരേണ്ടി വന്ന സാഹചര്യത്തില്‍ ജോലിയും പഠനവുമെല്ലാം വീട്ടിനകത്ത് തന്നെ ആയി.
ഇത്തരത്തില്‍ പഠനം വീട്ടിലിരുന്ന് കൊണ്ട് തന്നെ ആയി മാറിയപ്പോള്‍ പല കുടുംബങ്ങളും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണുകളോ ലാപ്‌ടോപ്പോ ഒന്നുമില്ലാത്ത കുട്ടികളുടെ അവസ്ഥ ഏറെ വേദനാജനകമായിരുന്നു. പലയിടങ്ങളിലും സാമ്പത്തികമായി മെച്ചപ്പെട്ട് നില്‍ക്കുന്ന വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം ഇങ്ങനെ പ്രതിസന്ധിയിലായിപ്പോയ കുടുംബങ്ങളെ സഹായിക്കാനായി മുന്നോട്ടുവന്നിരുന്നു.
എങ്കില്‍ക്കൂടിയും സഹായം ലഭ്യമാകാതെ അതേ അവസ്ഥയില്‍ തുടരേണ്ടി വന്നവരും നിരവധിയാണ്. അത്തരത്തില്‍ പഠനത്തിനായി മുന്നില്‍ മാര്‍ഗങ്ങളൊന്നും തെളിയാതെ നിരാശയായ വിദ്യാര്‍ത്ഥിയായിരുന്നു ജംഷഡ്പൂര്‍ സ്വദേശിയായ പതിനൊന്നുകാരി തുളസി കുമാരി.
ലോക്ഡൗണ്‍ കാലത്ത് സ്മാര്‍ട്ട് ഫോണില്ലാഞ്ഞതിനെ തുടര്‍ന്ന് പഠനം മുടങ്ങുന്ന അവസ്ഥയായി. ഇതോടെ പണം സ്വരൂപിക്കാന്‍ മാമ്പഴ കച്ചവടത്തിലേക്കിറങ്ങി തുളസി. നിര്‍ധനരായ മാതാപിതാക്കള്‍ക്ക് തുളസിയെ പിന്തിരിപ്പിക്കാനും സാധിച്ചില്ല. ഇതിനിടെ തുളസിയെ കുറിച്ച് ഒരു പ്രാദേശിക ചാനലില്‍ ഒരു വാര്‍ത്ത വന്നു. അതോടെ പഠനത്തിനായി ഈ കൊച്ചുപെണ്‍കുട്ടി നടത്തുന്ന പോരാട്ടം ഏവരും അറിഞ്ഞു.
ഇക്കൂട്ടത്തില്‍ മുബൈ സ്വദേശിയായ ബിസിനസുകാരന്‍ അമേയ ഹേറ്റെ എന്നയാളും തുളസിയെ കുറിച്ചറിഞ്ഞു. അദ്ദേഹത്തിന് അവളെ സഹായിക്കണമെന്നും ആഗ്രഹം തോന്നി. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനായി പണം സ്വരൂപിക്കാന്‍ സ്വന്തമായി തൊഴില്‍ ചെയ്യുന്ന തുളസിയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താനും അദ്ദേഹം ആഗ്രഹിച്ചില്ല.
അങ്ങനെ തുളസിയുടെ പക്കല്‍ നിന്ന് ഓരോ മാമ്പഴത്തിനും പതിനായിരം രൂപ എന്ന നിരക്കില്‍ പന്ത്രണ്ട് മാമ്പഴം അദ്ദേഹം വാങ്ങി. ഇതിന് ആകെ 1,20,000 രൂപ തുളസിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു. ഇതോടെ തുളസിയുടെ പഠനത്തിന് വഴിയൊരുങ്ങിയിരിക്കുകയാണിപ്പോള്‍. കുടുംബവും സന്തോഷത്തിലാണ്.
നേരിട്ട് പണം നല്‍കാതെ, തുളസിയുടെ തൊഴില്‍ ചെയ്യാനുള്ള മനസിനെ കൂടി പ്രചോദിപ്പിച്ച അമേയ ഹേറ്റെയുടെ നടപടിക്കും പ്രശംസകള്‍ ലഭിക്കുന്നുണ്ട്.. അവരവരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളോട് പോരാടിക്കൊണ്ടിരിക്കണമെന്നും അതിനോട് വഴങ്ങാതിരുന്ന തുളസി വലിയൊരു മാതൃകയാണെന്നും അമേയ ഹേറ്റെ ട്വിറ്ററിലൂടെ പ്രതികരിച്ചു.
Also Read:- രണ്ട് മാമ്പഴത്തിന് 2.7 ലക്ഷം!; കളവ് പോകാതിരിക്കാന്‍ കാവല്‍ക്കാരെ വച്ച് കൃഷി...