വീട്ടിലെ ചുറ്റുപാടുകള്‍ സ്ത്രീകളുടെ ലൈംഗികജീവിതത്തെ ബാധിക്കുമോ?
പങ്കാളികള്‍ തമ്മിലുള്ള ചെറിയ വഴക്കോ അഭിപ്രായവ്യത്യാസമോ പോലും സ്ത്രീയുടെ മനസ്സിനെ വലിയ രീതിയില്‍ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് ശരീരവുമായി ബന്ധപ്പെട്ട് കളിയാക്കുന്നതോ പരിഹസിക്കുന്നതോ എല്ലാം സ്ത്രീയെ എളുപ്പത്തില്‍ കോംപ്ലക്‌സിന് അടിപ്പെടുത്താന്‍ ഇടയാക്കുന്നു. ഇതും സുഖകരമായ ലൈംഗികജീവിതത്തെ ബാധിക്കുന്നു
ശാരീരികമായ ഘടകങ്ങള്‍ മാത്രമല്ല, മാനസികമായ ഘടകങ്ങളും ഒരു വ്യക്തിയുടെ ലൈംഗികജീവിതത്തെ നല്ലരീതിയില്‍ സ്വാധീനിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. പ്രത്യേകിച്ച് സ്ത്രീകളെയാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൂടുതലും അലട്ടുന്നത്. വീട്ടിലെ സാഹചര്യങ്ങള്‍, സാമ്പത്തികമാ പ്രതിസന്ധികള്‍, സാമൂഹികമായ അരക്ഷിതാവസ്ഥകള്‍- ഇവയെല്ലാം പുരുഷനെക്കാള്‍ വേഗത്തില്‍ സ്ത്രീയെ ബാധിക്കുന്നു. അത്തരത്തിലുള്ള ചില സാഹചര്യങ്ങള്‍...
ഒന്ന്...
വീട്ടില്‍ പ്രായമായ ആളുകളെയോ ചെറിയ കുട്ടികളെയോ നോക്കുന്ന സ്ത്രീകളാണെങ്കില്‍ ഇവര്‍ക്ക് ലൈംഗികകാര്യങ്ങളില്‍ താത്പര്യം കുറയും. ഇത് ശാരീരികവും മാനസികവുമായും ഉണ്ടാകുന്ന ക്ഷീണത്തിന്റെയും മടുപ്പിന്റെയും ഭാഗമായി സംഭവിക്കുന്നതാണ്.
രണ്ട്...
ആദ്യം സൂചിപ്പിച്ചത് പോലെ സാമ്പത്തികമായ പ്രയാസങ്ങള്‍, അതുപോലെ തന്നെ വീട്ടിലെ മറ്റ് അസ്വാരസ്യങ്ങള്‍- ഇവയും പുരുഷനെക്കാളേറെ സ്ത്രീയെ ബാധിക്കുന്നു. ആരോഗ്യവിഷയങ്ങളില്‍ ശ്രദ്ധക്കുറവുണ്ടാവാനും ലൈംഗികതാല്‍പര്യം കുറയാനും ഇത് ഇടയാക്കുന്നു.
മൂന്ന്...
പങ്കാളികള്‍ തമ്മിലുള്ള ചെറിയ വഴക്കോ അഭിപ്രായവ്യത്യാസമോ പോലും സ്ത്രീയുടെ മനസ്സിനെ വലിയ രീതിയില്‍ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് ശരീരവുമായി ബന്ധപ്പെട്ട് കളിയാക്കുന്നതോ പരിഹസിക്കുന്നതോ എല്ലാം സ്ത്രീയെ എളുപ്പത്തില്‍ കോംപ്ലക്‌സിന് അടിപ്പെടുത്താന്‍ ഇടയാക്കുന്നു. ഇതും സുഖകരമായ ലൈംഗികജീവിതത്തെ ബാധിക്കുന്നു.
ഇതൊന്നുമല്ലാത്ത കാരണങ്ങളും സ്ത്രീകളുടെ ലൈംഗികജീവിതത്തെ ദോഷകരമായി ബാധിക്കാറുണ്ട്. അത്തരത്തിലുള്ള ചില ഘടകങ്ങള്‍ എന്തെല്ലാമെന്ന് കൂടി നോക്കാം.
ഒന്ന്...
വിവിധ അസുഖങ്ങളുടെ ഭാഗമായി സ്ത്രീകളില്‍ ലൈംഗിക താല്‍പര്യം കുറഞ്ഞുവരാറുണ്ട്. വാതം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ന്യൂറോ പ്രശ്‌നങ്ങള്‍, ക്യാന്‍സര്‍, വന്ധ്യത എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടറെ കണ്ട് ഇത് മറികടക്കാന്‍ വേണ്ട നിര്‍ദേശങ്ങളോ ചികിത്സകളോ എടുക്കാം.
രണ്ട്...
മദ്യപാനമുള്ള സ്ത്രീകളിലും ലൈംഗിക താല്‍പര്യം ക്രമേണ കുറഞ്ഞുവരാറുണ്ട്. പരിപൂര്‍ണ്ണമായും മദ്യത്തിന് അടിപ്പെടാനുള്ള സാധ്യതയും സ്ത്രീകളില്‍ കൂടുതലാണ്.
മൂന്ന്...
വിഷാദരോഗവും, സ്‌ട്രെസ്, ഉത്കണ്ഠ എന്നീ മാനസിക വിഷമതകളും ലൈംഗികജീവിതത്തെ സാരമായി ബാധിക്കുന്നു. ഇതിന് കഴിക്കുന്ന ഗുളികകളും ചെറുതല്ലാത്ത രീതിയില്‍ സ്വകാര്യജീവിതത്തെ ബാധിക്കുന്നു.
നാല്...
ഗര്‍ഭാവസ്ഥയിലും, ചില സ്ത്രീകള്‍ക്ക് പ്രസവത്തിന് ശേഷം കുറച്ചുകാലവും ലൈംഗികതാല്‍പര്യങ്ങള്‍ കുറഞ്ഞുകാണാറുണ്ട്. ഇത് ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഭാഗമായി സംഭവിക്കുന്നതാണ്. സ്വാഭാവികമായി തന്നെ ഇതില്‍ നിന്ന് പുറത്തുകടക്കാവുന്നതേയുളളൂ. ഇതിന് പങ്കാളിയുടെ ക്ഷമയോടും സ്‌നേഹത്തോടും കൂടിയ പരിചരണവും അത്യാവശ്യമാണ്.
അഞ്ച്...
ആര്‍ത്തവവിരാമത്തോട് അടുക്കുമ്പോഴും സ്ത്രീകളില്‍ ലൈംഗികതയോട് വിമുഖതയുണ്ടാകാറുണ്ട്. ഈസ്ട്രജന്‍ എന്ന ഹോര്‍മോണില്‍ വരുന്ന കുറവാണ് ഇതിന് കാരണമാകുന്നത്.
ആറ്...
എപ്പോഴെങ്കിലും ശരീരവുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളോ, ഷോക്കുകളോ ഉള്ളവരിലും പ്രായഭേദമെന്യേ ലൈംഗികതയോട് വിരക്തിയുണ്ടാകാറുണ്ട്. ഇത് കൃത്യമായ കൗണ്‍സിലിംഗിലൂടെയും പങ്കാളിയുടെ സ്‌നേഹ സാമീപ്യത്തിലൂടെയും മറികടക്കാവുന്നതേയുള്ളൂ.