കൗമാരക്കാരായ പെണ്‍കുട്ടികളോട് ലൈംഗികാതിക്രമങ്ങളെ പറ്റി ചര്‍ച്ച ചെയ്യണോ?

പലപ്പോഴും റെയ്പ് പോലുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് അവരോട് പറയണോയെന്ന കാര്യത്തില്‍ അമ്മമാര്‍ക്കുള്‍പ്പെടെ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. ഏതുരീതിയിലാണ് വിഷയം അവതരിപ്പിക്കേണ്ടത്? അവരുടെ മാനസികാവസ്ഥയെ ഇത് ബാധിക്കുമോ?- തുടങ്ങി പല സംശയങ്ങളാണ്

should we discuss about sexual crimes to our teen girls

പല തരത്തിലുള്ള ശാരീരിക-മാനസിക വ്യതിയാനങ്ങളിലൂടെയാണ് കൗമാരക്കാരായ കുട്ടികള്‍ കടന്നുപോവുക. ആണ്‍കുട്ടികളാണെങ്കിലും പെണ്‍കുട്ടികളാണെങ്കിലും അവരവരുടേതായ തലത്തില്‍ അവര്‍ വിവിധ പ്രശ്നങ്ങള്‍ നേരിട്ടേക്കാം. എന്നാല്‍ പെണ്‍കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ അല്‍പം ശ്രദ്ധ കൂടി പുലര്‍ത്തുന്നത് നന്നായിരിക്കും. കാരണം വളരെ ലളിതമാണ്. സ്വന്തം ശരീരത്തിന്‍റെ മാറ്റങ്ങളെ കുറിച്ച് അവര്‍ സ്വയം തിരിച്ചറിയുന്ന കാലമാണ് കൗമാരം. ആ സമയങ്ങളിലാകട്ടെ, അവര്‍ കേള്‍ക്കുന്നതും കാണുന്നതുമെല്ലാം ശരീരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും, ആക്രമണങ്ങളും, ചതികളുമാണ്. മനസ്സ് ആവശ്യത്തിലധികം കുഴപ്പത്തിലാകാൻ ഇത് ധാരാളം മതി.

ഇതിനെല്ലാം പുറമെ മറ്റ് ബന്ധങ്ങളിലേക്ക് പെണ്‍കുട്ടികളെത്തുന്നതും കൗമാരകാലത്താണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ മാതാപിതാക്കളോ ഉത്തരവാദപ്പെട്ടവരോ അറിയില്ല. ഈ ബന്ധങ്ങള്‍ ഏത് രീതിയിലാണ് അവരെ സ്വാധീനിക്കുന്നതെന്നും നമ്മളറിയുന്നില്ല. എന്നാല്‍ മാനസികവും ശാരീരികവുമായി അവര്‍ സുരക്ഷിതരാണോയെന്ന് നമുക്ക് ഉറപ്പിക്കേണ്ടതുണ്ട്. ഇതിനായി ആശ്രയിക്കാവുന്ന ചില മാര്‍ഗങ്ങള്‍....

ഒന്ന്...

കുട്ടികളോട് തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക. ആത്മവിശ്വാസത്തോടും സന്തോഷത്തോടും കൂടി അവരോട് ഒരു സുഹൃത്തിനെ പോലെ വേണം സംസാരിക്കാൻ. മിക്കവാറും അമ്മമാര്‍ക്കാണ് ഇത് കുറച്ചുകൂടി സൗകര്യപ്പെടുക. ശരീരത്തെപ്പറ്റി സംസാരിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായ ഒരുത്കണ്ഠ അവരില്‍ ഒരിക്കലുമുണ്ടാക്കരുത്. 

രണ്ട്...

should we discuss about sexual crimes to our teen girls

പലപ്പോഴും റെയ്പ് പോലുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് അവരോട് പറയണോയെന്ന കാര്യത്തില്‍ അമ്മമാര്‍ക്കുള്‍പ്പെടെ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. ഏതുരീതിയിലാണ് വിഷയം അവതരിപ്പിക്കേണ്ടത്? അതിനെ അവര്‍ എത്തരത്തിലാണ് ഉള്‍ക്കൊള്ളുക? അവരുടെ മാനസികാവസ്ഥയെ ഇത് ബാധിക്കുമോ?- തുടങ്ങി പല സംശയങ്ങളാണ്. എന്നാല്‍ തനിക്കെതിരെ വന്നേക്കാവുന്ന ശാരീരികാതിക്രമങ്ങളെ കുറിച്ച് അവരെ കൃത്യമായി ബോധവത്കരിക്കേണ്ടതുണ്ട്. ഗുരുതരമായ പ്രശ്നമായി അവതരിപ്പിക്കാതെ പരമാവധി സംയമനത്തോടെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക. 

മൂന്ന്...

പെടുന്നനെയുണ്ടാകുന്ന ഒരു അതിക്രമത്തെ ശബ്ദം വച്ചോ, തടഞ്ഞോ, തിരിച്ചും ആക്രമിച്ചോ ഒക്കെ നേരിടാന്‍ നമ്മള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കും. എന്നാല്‍ ബുദ്ധിപരമായി കളിച്ച്, ഒടുക്കം ശരീരം വരെ കളിയെത്തിക്കുന്ന വിരുതന്മാരുണ്ട്. അവരെ തിരിച്ചറിയാനുള്ള പരിശീലനവും പെണ്‍കുട്ടികള്‍ക്ക് നല്‍കുക. ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന രീതിയില്‍ പെണ്‍കുട്ടികളെ അടച്ചിട്ട് വളര്‍ത്താതിരിക്കലാണ് ഇതിലേറ്റവും പ്രധാനം. ചുറ്റുപാടും എന്താണ് നടക്കുന്നതെന്ന് അവര്‍ അറിയട്ടെ. അതിനെപ്പറ്റി വീട്ടില്‍ തുറന്ന ചര്‍ച്ചകളും ഉണ്ടാകട്ടെ. 

നാല്...

ബന്ധങ്ങളെ കുറിച്ച് അവര്‍ക്ക് നല്ല മാതൃകകള്‍ നല്‍കുക. പലപ്പോഴും അവര്‍ കണ്ടുപഠിക്കുന്നതും, അനുകരിക്കുന്നതും കുടുംബത്തിലുള്ള മുതിര്‍ന്നവരെ തന്നെയായിരിക്കും. സ്നേഹത്തിനും കരുതലിനും പുറമെ ശക്തമായ സൗഹൃദവും മനസ്സിലാക്കലും ബന്ധങ്ങള്‍ക്ക് അടിത്തറയായി വേണമെന്ന് അവര്‍ക്ക് സ്വയം തോന്നണം. നല്ല ബന്ധങ്ങളെ, ആലോചിച്ച് തെരഞ്ഞെടുക്കാന്‍ അവരെ പ്രാപ്തരാക്കണം. 

അഞ്ച്...

should we discuss about sexual crimes to our teen girls

മുതിര്‍ന്നവരുടെ സംസാരത്തോട് പൊതുവേ ഒരു വെറുപ്പ് കൗമാരക്കാരില്‍ കാണാറുണ്ട്. ഇത് വളരെ സ്വാഭാവികമായ ഒരു മാറ്റമാണ്. പറഞ്ഞതൊന്നും അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് അവരോട് വഴക്കിടുന്നതിന് പകരം അവരുമായി ചെറിയ സൗഹൃദ സംഭാഷണങ്ങള്‍ നടത്തുക. ഏറ്റവും ചുരുങ്ങിയതും ഊര്‍ജ്ജസ്വലമായതും രസകരമായതുമായ ഭാഷയില്‍ സംസാരിക്കാൻ ശ്രമിക്കുക. അമ്മയ്ക്കോ അച്ഛനോ കഴിയാത്തത് ഒരുപക്ഷേ, വീട്ടിലെ മറ്റ് മുതിര്‍ന്നവര്‍ക്കോ, സുഹൃത്തുക്കള്‍ക്കോ ഒക്കെ ചെയ്യാവുന്നതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios