എന്താ ഇത്ര സിമ്പിളായി ബുള്ളറ്റോടിക്കുന്ന പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്കിഷ്ടമില്ലേ?
വെറുതെയല്ല ലോകം ഇങ്ങനെയെന്നും, ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെന്നും, ടയര്‍ മൊട്ടയാണോ, വണ്ടി സ്റ്റാന്‍ഡിലാണോയെന്നുമൊക്കെയുള്ള കമന്റുകള്‍ ഏറെ വന്നു. അല്‍പം കടന്ന് 'പ്രസവം വരെ ഇനി ആണുങ്ങള്‍ ചെയ്യേണ്ടിവരു'മെന്ന തരത്തിലും കമന്റുകള്‍ കടുത്തു
പെണ്‍കുട്ടികള്‍ ഡ്രൈവ് ചെയ്ത് പോകുന്നത് കണ്ടാല്‍ വായ അല്‍പം തുറന്ന്, കണ്ണ് കടുപ്പിച്ച് 'കലികാലമായി' എന്ന് പിറുപിറുക്കുന്ന കാലമൊക്കെ എന്നേ പോയി. എന്നാലും കാലം പോയതറിയാതെ- ഒരു കാര്യവുമില്ലാതെ ഇതെല്ലാം ചെയ്യുന്നവരുണ്ട്. എന്നാല്‍ അവരോടൊക്കെ 'ഞങ്ങടെ ഉശിര് തകര്‍ക്കാന്‍ വരണ്ടാ' എന്നും പറഞ്ഞ് കൂളായി അടിച്ചുമിന്നിക്കുകയാണ് പുതിയ കാലത്തെ പെണ്‍കുട്ടികള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടിയ 'ബുള്ളറ്റോടിക്കുന്ന പെണ്‍കുട്ടി'യുടെ ചിത്രവും അതുതന്നെയാണ് പ്രഖ്യാപിക്കുന്നത്. യൂണിഫോം ധരിച്ച് കോളേജിലേക്ക് കൂട്ടുകാരിയോടൊപ്പം ബുള്ളറ്റ് ഓടിച്ചെത്തുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ ഒരു ഫേസ്ബുക്ക് പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് നിരവധി പേര്‍ ഫോട്ടോ ഷെയര്‍ ചെയ്തു.
വെറുതെയല്ല ലോകം ഇങ്ങനെയെന്നും, ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെന്നും, ടയര്‍ മൊട്ടയാണോ, വണ്ടി സ്റ്റാന്‍ഡിലാണോയെന്നുമൊക്കെയുള്ള കമന്റുകള്‍ ഏറെ വന്നു. അല്‍പം കടന്ന് 'പ്രസവം വരെ ഇനി ആണുങ്ങള്‍ ചെയ്യേണ്ടിവരു'മെന്ന തരത്തിലും കമന്റുകള്‍ കടുത്തു.
എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് അതിലേറെ പേര്‍ ബുള്ളറ്റോടിക്കുന്ന സുന്ദരിക്ക് പിന്തുണയുമായെത്തി. ബുള്ളറ്റില്‍ സഞ്ചരിക്കുന്ന പെണ്‍കുട്ടികള്‍ ഒരു കൗതുകമോ വാര്‍ത്തയോ ആവാത്ത കാലമാണ് വരേണ്ടത്, അതിലേക്ക് ഇനിയും ദൂരമേറെയുണ്ട് പക്ഷേ ഒരു നാള്‍ നാം അവിടെയെത്തുമെന്ന് പെണ്‍കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒരാള്‍ എഴുതി.
വണ്ടിയോടിക്കുന്ന സ്ത്രീകള്‍ സ്വന്തം അനുഭവങ്ങള്‍ ചേര്‍ത്തെഴുതിയും പെണ്‍കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. വിമര്‍ശകരുടെ കടന്നാക്രമണങ്ങള്‍ നിഷ്പ്രഭമാക്കിക്കൊണ്ട് 'ബുള്ളറ്റോടിക്കുന്ന പെണ്‍കുട്ടി' പിന്നെയും പേജുകളില്‍ നിന്ന് പേജുകളിലേക്കും വാളുകളില്‍ നിന്ന് വാളുകളിലേക്കും ഓടിക്കൊണ്ടിരിക്കുകയാണിപ്പോള്‍.