ഈന്തപ്പഴം ചോക്ലേറ്റ് പായസം തയ്യാറാക്കാം
ചോക്ലേറ്റ് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ചോക്ലേറ്റ് കൊണ്ട് പായസം കഴിച്ചിട്ടുണ്ടോ. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന പായസങ്ങളിലൊന്നാണ് ഇത്. ഈന്തപ്പഴം ചോക്ലേറ്റ് പായസം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഉണ്ടാക്കാൻ വേണ്ട ചേരുവകൾ
1. ഈന്തപഴം - 10 എണ്ണം
2. ചൗവ്വരി - ഒരു ചെറിയ കപ്പ്
3. മിൽക്ക് മെയ്ഡ് - 1 ടിൻ
4. നട്സ് - 10 എണ്ണം
5. ചോക്ലേറ്റ് ഒരു ബാർ ( അമുൽ മിസ്റ്റിക്ക് മോക്കാ ഡാർക് ചോക്കോ )
6. പനം ശർക്കര ( Palm Jaggery ) - 200 ഗ്രാം
7. നെയ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ആദ്യം ചോക്ലേറ്റ് ബാർ കഷ്ണങ്ങൾ ആക്കി ഡബിൾ ബോയ്‌ലിംഗ് വഴി ഉരുക്കി എടുക്കുക.
ശേഷം ചൗവ്വരി വെള്ളത്തിൽ വേവിക്കുക കൂടുതൽ വെള്ളം അരുത്. ഒരു സോസ് പാനിൽ വേവിക്കുന്നതാണ് നല്ലത്.
ശേഷം നെയ്യിൽ നട്സ് ഒന്നു വറത്തു വയ്ക്കുക.
പിന്നീട് ചൗവരി വേവിച്ചതിലേക്ക് കുരുകളഞ്ഞു ക്രഷ് ചെയ്തു വെച്ചിരിക്കുന്ന ഈന്തപ്പഴം ചേർക്കുക. രണ്ടും കൂടി ചേർന്നു വെന്തു വന്നു കഴിഞ്ഞാൽ അതിലേക്ക് പനം ശർക്കര പൊടിച്ചത് ചേർക്കാം.
കുറച്ചു തിളകൾ വന്നു ശർക്കര നന്നായി കൂട്ടുമായി ചേർന്നതിലേക്ക് മിൽക്ക് മെയ്ഡ് പകുതി ഒഴിച്ചു തുടരെ ഇളക്കണം. നന്നായി ഒരു തിള വന്നാൽ ഓഫ് ചെയ്യാം...
പിന്നീട് ചൂടോടെ തന്നെ ചോക്ലേറ്റ് ഉരുക്കിയത് കൂടി ചേർത്തിട്ടു നന്നായി ഇളക്കി യോജിപ്പിച്ചു വിളമ്പാം... മുകളിൽ നേരത്തെ വറത്തു വെച്ച നട്സ് കൊണ്ട് അലങ്കരിക്കാം.
ഈ പായസം ചൂടോടെയും തണുത്തും നല്ല രുചി ആണ്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.
തയ്യാറാക്കിയത്: ഫാത്തിമ സിദ്ധിഖ്