ഒക്ടോബറിലെ പോലെ നവംബറിലും തുലാവർഷം ദുർബലമാകുമോ? അതോ ശക്തിയാർജ്ജിക്കുമോ? 5 ദിവസത്തെ കാലാവസ്ഥ പ്രവചനം ഇങ്ങനെ
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: തുലാവർഷം തുടങ്ങിയ ഒക്ടോബർ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. നവംബർ ആദ്യം മഴ അതിശക്തമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴക്കപ്പുറം സംസ്ഥാനത്താകെ മഴ ശക്തമായിട്ടില്ല. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം നോക്കിയാൽ നവംബർ 10 -ാ തിയതിവരെ സംസ്ഥാനത്ത് മഴ ശക്തമാകില്ലെന്നാണ് വ്യക്തമാകുന്നത്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
അടുത്ത 5 ദിവസത്തേക്കുള്ള യെല്ലോ അലർട്ട്
08/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
09/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
10/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (06/11/2024) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
07/11/2024: മധ്യ - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്ര പ്രദേശ് തീരം അതിനോട് ചേർന്ന വടക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
08/11/2024: തെക്കൻ ആന്ധ്ര പ്രദേശ് തീരം, അതിനോട് ചേർന്ന വടക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കടൽ പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം