വയനാട് പുനരധിവാസം; മോഡൽ ടൗൺഷിപ്പ് ഭൂമി കണ്ടെത്തിയത് രണ്ടിടങ്ങളില്‍, ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി
വയനാട് ഉരുൾപ്പൊട്ടൽ ദുരിതത്തിൽ ഒറ്റപ്പെട്ട് പോയവരെ പുനരധിവസിപ്പിക്കാനാണ് മോഡൽ ടൗൺഷിപ്പുകളൊരുക്കുന്നത്. രണ്ട് എസ്റ്റേറ്റുകളിൽ നിന്നായി 144 ഹെക്ടറാണ് ടൗൺഷിപ്പിനായി ഏറ്റെടുക്കുന്നത്.
തിരുവനന്തപുരം: വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ മോഡൽ ടൗൺഷിപ്പ് ഒരുങ്ങുന്നത് വൈത്തിരി കൽപ്പറ്റ വില്ലേജുകളിൽ. ഉരുൾപ്പൊട്ടൽ ദുരിതത്തിൽ ഒറ്റപ്പെട്ട് പോയവരെ പുനരധിവസിപ്പിക്കാനാണ് മോഡൽ ടൗൺഷിപ്പുകളൊരുക്കുന്നത്. ഇതിനായി ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ രണ്ടിടങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി. രണ്ട് എസ്റ്റേറ്റുകളിൽ നിന്നായി 144 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജിൽ പെട്ട നെടുമ്പാല എസ്റ്റേറ്റിൽ 65.41 ഹെക്ടർ കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ ഭൂമി കൽപ്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റിലാണ്. 78.73 ഹെക്ടറാണ് എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുക്കുന്നത്. ദുരന്തശേഷം വയനാട്ടിലെത്തിയ വിദഗ്ധ സംഘം വാസയോഗ്യവും അല്ലാത്തതുമായ ഭൂമി തരംതിരിച്ച് നൽകിയിട്ടുണ്ട്. പുനരധിവാസത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയാണ് ഭൂമി ഏറ്റെടുക്കൽ അടക്കം നടപടികളിലേക്ക് കടന്നത്.
ഒന്നാം ഘട്ടത്തിൽ വീടും സ്ഥലവും നഷ്ടമായവരേയും വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരെ രണ്ടാം ഘട്ടത്തിലും പുനരധിവസിപ്പിക്കാനാണ് പദ്ധതി. കരട് പട്ടിക കളക്ടര്‍ തയ്യാറാക്കും. ഇതിനായി വിശദമായ നിർദ്ദേശങ്ങൾ റവന്യു വകുപ്പ് തയ്യാറാക്കും. നേരത്തെ ടൗൺഷിപ്പിന് കണ്ടെത്തിയ ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി സിവിൽ കേസുകൾ ഫയൽ ചെയ്യാൻ റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു. പുനരധിവാസം നിയമക്കുരിക്കിലാകുമോ എന്ന ആശങ്കകൾക്ക് പിന്നാലെയാണ് ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതും അതിന് ഉത്തരവിറക്കിയതും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം