പ്രതിരോധത്തിന് തിരിച്ചടിയായി വഴിയരികിലെ ഉപേക്ഷിച്ച മാസ്കുകൾ; നിരീക്ഷണം ശക്തമാക്കി പൊലീസ്
രോഗ വ്യാപനം തുടരുമ്പോഴും മാസ്ക് വഴിയരികിൽ ഉപേക്ഷിക്കുന്ന രീതി തുടരുകയാണ്. ഇവ നശിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ നിർദേശമുണ്ടായിട്ടും പലരും പാലിക്കുന്നില്ല.
തൃശൂർ: ഉപയോഗിച്ച മാസ്കുകൾ വഴിയരികിൽ ഉപേക്ഷിക്കുന്നത് കൊവിഡ് രോഗ പ്രതിരോധത്തിന് വലിയ തിരിച്ചടിയാണുണ്ടാക്കുക. നിരത്തുകളില്‍ ഉപേക്ഷിക്കപ്പെട്ട മാസ്കുകൾ ഇന്ന് സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു. തൃശൂരിൽ നിയമ ലംഘകർക്കെതിരായ നിരീക്ഷണം പൊലീസ് ശക്തമാക്കി.
രോഗ വ്യാപനം തുടരുമ്പോഴും മാസ്ക് വഴിയരികിൽ ഉപേക്ഷിക്കുന്ന രീതി തുടരുകയാണ്. ഇവ നശിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ നിർദേശമുണ്ടായിട്ടും പലരും പാലിച്ചിട്ടുമില്ല. തൃശ്ശൂർ സ്വരാജ് റൗണ്ടിന് ചുറ്റും മാത്രം കഴിഞ്ഞ ദിവസം അൻപതോളം മാസ്കുകളാണ് കണ്ടെത്തിയത്. മാസ്ക് നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള അജ്ഞതയും ഇതിന് പ്രധാന കാരണമാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ക്യാമറകളിലൂടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. നഗര പരിധിയിൽ മാത്രം കൊവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ 13,000ത്തില്‍ അധികം കേസുകൾ റജിസ്റ്റർ ചെയ്തു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാസ്കുകൾ ശേഖരിച്ച് നശിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇപ്പോൾ തന്നെ ഇത്തരം നടപടികൾ വൈകിയെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.