Asianet News MalayalamAsianet News Malayalam

അൻവറിൻ്റെ രാഷ്ട്രീയ നീക്കം എങ്ങോട്ട്? ചർച്ച ചെയ്യാനൊരുങ്ങി യുഡിഎഫ്, ഇന്നത്തെ യോ​ഗത്തിൽ ചർച്ച ചെയ്യും

എൽഡിഎഫുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച അൻവർ ഞായറാഴ്ച്ച നിലമ്പൂരിൽ പൊതുസമ്മേളനവും വിളിക്കുന്നുണ്ട്. 
 

UDF ready to discuss allegations by PV Anwar MLA
Author
First Published Sep 26, 2024, 8:21 PM IST | Last Updated Sep 26, 2024, 8:28 PM IST

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ചർച്ച ചെയ്യാനൊരുങ്ങി യുഡിഎഫ്. ഇന്ന് രാത്രി 8 മണിക്ക് ചേരുന്ന യുഡിഎഫിൻ്റെ ഓൺലൈൻ യോഗം വിവാദം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ രാജിക്കായി സമരം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനിക്കുക. എന്നാൽ ഓൺലൈൻ യോ​ഗം നേരത്തെ തീരുമാനിച്ചതാണെങ്കിലും അൻവറിൻ്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിട്ടുള്ളത്. എൽഡിഎഫുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച അൻവർ ഞായറാഴ്ച്ച നിലമ്പൂരിൽ പൊതുസമ്മേളനവും വിളിക്കുന്നുണ്ട്. 

അതേസമയം, മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച പിവി അൻവർ എംഎൽഎ മുന്നണി സംവിധാനത്തിൽ നിന്ന് പുറത്തേക്ക് കടക്കുകയാണ്. മുന്നണി സംവിധാനത്തിൽ തുടരാൻ അൻവറിനോ അൻവറുമായി യോജിച്ച് പോകാൻ എൽഡിഎഫിനോ കഴിയാത്ത സാഹചര്യമാണ് നിലവിൽ. പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് അൻവറിനെ ഉടൻ മാറ്റിനിർത്തും. 

മിണ്ടിപ്പോകരുതെന്ന മുഖ്യമന്ത്രിയുടേയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും വിലക്ക് ലംഘിച്ചാണ് പിവി അൻവർ ആഞ്ഞടിച്ചത്. അതും പ്രതിപക്ഷം പോലും പറയാൻ മടിക്കുന്ന തരത്തിൽ പിണറായിക്കെതിരെ രണ്ടും കൽപ്പിച്ച്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കാൻ മുഖ്യമന്ത്രി യോഗ്യനല്ലെന്ന് കൂടി തുറന്നടിച്ചതോടെ അൻവറും സിപിഎമ്മും തമ്മിലെ ബന്ധം മുറിഞ്ഞു. മുന്നണി അച്ചടക്കത്തിന്റെ പരിധിയെല്ലാം ലംഘിച്ച പിവി അൻവറിനെതിരെ സിപിഎം നിലപാട്  കൂടുതൽ കടുപ്പിക്കും. ഇടതു സ്വതന്ത്രനെന്ന പരിഗണനയോ പരിവേഷമോ ഇനി പിവി അൻവറിനുണ്ടാകില്ല. നിയമസഭാ സമ്മേളനം നാലിന് തുടങ്ങാനിരിക്കെ ർലമിന്ററി പാർട്ടിയിലും അൻവറുന്റെ സാന്നിധ്യം ഉണ്ടാകില്ല. സ്വതന്ത്ര എംഎൽഎ ആയതിനാൽ സാങ്കേതിക നടപടികൾക്ക് സിപിഎമ്മിന് പരിമിതിയുണ്ട്. പാർലമെൻറി യോഗത്തിൽ നിന്ന് മാറ്റിനിർത്തും. പാർട്ടി സംവിധാനം അടിമുടി ഇറങ്ങി അൻവറിനെ പ്രതിരോധിക്കും.  

മുഖ്യമന്ത്രി, പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ നേരിട്ട് ലക്ഷ്യം വച്ച പിവി അൻവർ സിപിഎം രാഷ്ട്രീയത്തിലും വരും ദുവസങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കും. പ്രത്യേകിച്ച് പാർട്ടി സമ്മേളന കാലത്ത് വലിയ ചേരി തിരിവിന് ഇടയാക്കും. എംഎൽഎ സ്ഥാനം രാജിവെക്കാതെ രണ്ടും കല്പിച്ചുള്ള പോരിനാണ് അൻവറിൻ്റെ നീക്കം. എല്ലാ അതൃപ്തികൾക്കും അപ്പുറത്ത് പാർട്ടിക്കും സർക്കാരിനും തീരാ തലവേദനയാകും ഇനി പിവി അൻവർ. മുഖ്യമന്ത്രിയുടെയും സിപിഐ സൈബർ പോരാളികളുടെയും എക്കാലത്തെയും പ്രിയങ്കരനായിരുന്ന അൻവർ ഒറ്റയടിക്ക് പ്രധാനശത്രുവായി. ഇനി വരുന്നത് വലിയ പോരാട്ടങ്ങളായിരിക്കും. 

'ഒത്തു പോകാനാകില്ല, പുറത്താക്കാനും', അന്‍വറിന്റെ ആരോപണങ്ങളില്‍ വെട്ടിലായി സിപിഎം, നടപടി ഉടന്‍

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios