Asianet News MalayalamAsianet News Malayalam

'ഇത്തരം കുറേ പല്ലികളെ നമ്മൾ കണ്ടിട്ടുണ്ട്, ആ പല്ലികൾ താഴെ വീണതാണ് ചരിത്രം', പേരു പറയാതെ ഡിവൈഎഫ്ഐയുടെ വിമ‍ർശനം

ഇത്തരം കുറേ പല്ലികളെ നമ്മൾ കണ്ടിട്ടുണ്ടെന്നും കെട്ടിടം വീഴ്ത്താൻ ഉത്തരത്തിൽ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് 'ചരിത്രം

DYFI compares PV Anvar with lizard VK Sanoj says We have seen many such lizards like PV Anwar latest news
Author
First Published Sep 26, 2024, 8:18 PM IST | Last Updated Sep 26, 2024, 9:03 PM IST

കണ്ണൂർ: നിലമ്പൂർ എം എൽ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് ഡി വൈ എഫ് ഐ രംഗത്ത്. 'ഉത്തരം താങ്ങി നിർത്തുന്നത് താനാണെന്ന് കരുതുന്ന പല്ലി'യോട് ഉപമിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അൻവറിന്‍റെ പേര് എടുത്ത് വിമർശിക്കാതെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം കുറേ പല്ലികളെ നമ്മൾ കണ്ടിട്ടുണ്ടെന്നും കെട്ടിടം വീഴ്ത്താൻ ഉത്തരത്തിൽ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് 'ചരിത്രം' എന്നാണ് സനോജിന്‍റെ ഓർമ്മപ്പെടുത്തൽ.

'ഇന്നോവ, മാഷാ അള്ള', പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെകെ രമ

വി കെ സനോജിന്‍റെ കുറിപ്പ് ഇപ്രകാരം

'താൻ താങ്ങി നിർത്തുന്നത് കൊണ്ടാണ് ഉത്തരം ഇങ്ങനെ നിൽക്കുന്നതെന്ന തോന്നൽ ചില പല്ലികൾക്കുണ്ടാകാം. താൻ കൈവിട്ടാൽ ഉത്തരം താഴെവീഴുമെന്ന് ആ പല്ലി കരുതിയേക്കാം. ഇത്തരം കുറേ പല്ലികളെ നമ്മൾ കണ്ടിട്ടുണ്ട്. കെട്ടിടം വീഴ്ത്താൻ ഉത്തരത്തിൽ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് ചരിത്രം. ഉത്തരം അന്നുമിന്നും ഇവിടെയുണ്ട്. നാളെയും അതിങ്ങനെ ഉയർന്നു നിൽക്കും. കെട്ടിടത്തിന്റെ ബലം ഈ മണ്ണിൽ കെട്ടിയ അടിത്തറയാണ്. ഉത്തരത്തിലെ പല്ലികളല്ല'.

'രാഹുൽ ഗാന്ധിയോട് ഭയങ്കര ബഹുമാനം', രാഹുലിനെതിരായ ഡിഎൻഎ പരാമർശത്തിന്‍റെ കാരണവും പറഞ്ഞ് അൻവർ

അതിനിടെ പി വി അൻവർ എം എൽ എ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന പ്രതികരണവുമായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണെന്നും ആർക്കും അത് കെടുത്താനാകില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുന്നു. ജനങ്ങൾ നൽകിയ സൂര്യശോഭയാണ്. അൻവറിന്റെ ഈ വർത്തമാനം കൊണ്ട് അത് കെടുത്താനാവില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടാണ്. മുഖ്യമന്ത്രി സി പി എമ്മിൻ്റെ പൊളിറ്റ് ബ്യൂറോ അംഗമാണ്. അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണ്. അൻവറിൻ്റെ ചെയ്തികൾ തെറ്റാണ്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും നേടിയ അംഗീകാരമാണ്. ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിർമ്മിച്ചതല്ല. മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതമാണെന്നും എൽ ഡി എഫ് കൺവീനർ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios