തിരുവനന്തപുരത്ത് രണ്ട് പേര്‍ കൂടി കൊവിഡിന് കീഴടങ്ങി; സംസ്ഥാനത്ത് ഇന്ന് മാത്രം സ്ഥിരീകരിച്ചത് ഏഴ് കൊവിഡ് മരണം
തമിഴ് നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപൻ ചന്ദ്രൻ (62) എന്നിവരാണ് മരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ഇന്ന് കൊവിഡിന് കീഴടങ്ങിയവരുടെ എണ്ണം ഏഴായി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കൊവിഡ് മരണം കൂടി. തമിഴ്നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപൻ ചന്ദ്രൻ (62) എന്നിവരാണ് മരിച്ചത്. എസ്എടി ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു വിജയുടെ മരണം. ചെന്നൈ സ്വദേശിയായ വിജയ വിഴിഞ്ഞതാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിജയ പെണ്‍കുഞ്ഞിന് ജന്മം നൽകിയിരുന്നു. കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചു. മെഡിക്കൽ കോളജിൽ വച്ച് ഇന്ന് രാവിലെയാണ് പ്രതാപന് മരിച്ചത്. ഹൃദയ, ശ്വാസകോശ രോഗങ്ങൾ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ ഒമ്പത് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതോടെ, സംസ്ഥാനത്ത് ഇന്ന് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചവരുടെ എണ്ണം ഏഴായി. മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഇല്യാസ് (47) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. എറണാകുളത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേരാണ് ഇന്ന് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ തായ്‌ക്കാട്ടുകാര സദാനന്ദൻ(57), മൂത്തകുന്നം കോട്ടുവള്ളിക്കാട് തറയിൽ വൃന്ദ ജീവൻ (54) എന്നിവരാണ് മരിച്ചത്. സദാനന്ദന് ഹൃദ്രോഗവും രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. വൃന്ദ അർബുദബാധിതയായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു.
കോഴിക്കോട് ജില്ലയിലാണ് മറ്റ് രണ്ട് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. വടകര റൂറൽ എസ്പി ഓഫീസ് ജീവനക്കാരനായ ബാലുശ്ശേരി സ്വദേശി ഷാഹിൻ ബാബുവും മാവൂർ സ്വദേശിയായ സുലുവുമാണ് കോഴിക്കോട് മരിച്ചത്. നാല് ദിവസം മുമ്പാണ് ഷാഹിൻ ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. സുലു അർബുദ രോഗിയായിരുന്നു.