Asianet News MalayalamAsianet News Malayalam

ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട 31ാം പ്രതി ഉടൻ കീഴടങ്ങേണ്ട: അപ്പീൽ നൽകാൻ സുപ്രീം കോടതി സാവകാശം നൽകി

പ്രതികൾ സഞ്ചരിച്ച ഇന്നോവ കാര്‍, ടാക്സി സ്റ്റാൻഡിൽ എത്തിയപ്പോൾ ഇയാളുടെ സാന്നിധ്യത്തിന് തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി

TP Murder case 31st accused has been given time to surrender
Author
First Published Jul 8, 2024, 2:46 PM IST | Last Updated Jul 8, 2024, 4:46 PM IST

ദില്ലി: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ 31ാം പ്രതി പ്രദീപ് ഉടൻ കീഴടങ്ങേണ്ട. ഇയാൾക്ക് സുപ്രീം കോടതി സാവകാശം അനുവദിച്ചു. ഇതോടെ അപ്പീൽ നടപടികളുമായി പ്രദീപിന് മുന്നോട്ട് പോകാനാവും. കേസിൽ ഇയാൾക്ക് ഹൈക്കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ടി.പി കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ആയുധം ഒളിപ്പിക്കാൻ സഹായിച്ചെന്ന കുറ്റമാണ് പ്രദീപിന് എതിരെ ചുമത്തിയത്. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാര്‍, ടാക്സി സ്റ്റാൻഡിൽ എത്തിയപ്പോൾ ഇയാളുടെ സാന്നിധ്യത്തിന് തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇയാളോട് 15000 രൂപ ബോണ്ടായി വിചാരണ കോടതിയിൽ കെട്ടിവയ്ക്കാൻ സുപ്രീം കോടതി നിര്‍ദ്ദേശം നൽകി. 

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ കുറ്റവാളികള്‍ നല്‍കിയ ഹർജികളിലും അപ്പീലുകളിലും സുപ്രീം കോടതി നോട്ടീസ്. സംസ്ഥാന സര്‍ക്കാരിനും കെ.കെ രമ ഉള്‍പ്പടെയുള്ള എതിര്‍ ക്ഷികള്‍ക്കുമാണ് നോട്ടീസ് അയച്ചത്. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകളിലും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, എസ്.സി ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ്  നോട്ടീസ് അയച്ചത്. അപ്പീൽ അംഗീകരിക്കണമെന്ന് പ്രതികളുടെ അഭിഭാഷകർ  കോടതിയോട് ആവശ്യപ്പെട്ടെങ്കിലും എതിർ ഭാഗത്തെ കേൾക്കാതെ ഇത് സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. ആറ് ആഴ്ച്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദ്ദേശം.

കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെയും വിചാരണക്കോടതിയുടെയും പരിഗണനയിലുള്ള എല്ലാ രേഖകളും സുപ്രീം കോടതിയിലേക്ക് വിളിപ്പിച്ചു. വിശദമായി വാദം കേള്‍ക്കേണ്ട കേസാണിതെന്ന്  ജസ്റ്റിസ് ബേല എം. ത്രിവേദി നീരീക്ഷിച്ചു. വെറും ഒരു പ്രസംഗത്തിന്റെ പേരിലാണ് കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയതെന്ന് കെ.കെ കൃഷ്ണനും ജ്യോതി ബാബുവിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ എസ്. നാഗമുത്തു വാദിച്ചു. മറ്റു പ്രതികൾക്കായി മുതിർന്ന അഭിഭാഷകരായ രഞ്ജിത്ത് കുമാർ, ജി. പ്രകാശ് എന്നിവർ ഹാജരായി. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ സ്റ്റാന്റിങ് കോണ്‍സല്‍ കൂടിയാണ് ജി. പ്രകാശ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios