കാലിക്കുടവുമായി മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്; ജലപീരങ്കിക്കിടെ വെള്ളം നിന്ന് കുഴങ്ങി പൊലീസ്, കൂക്കിവിളി
ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള മന്ത്രി റോഷി അഗസ്റ്റിൻ്റെ വസതി ലക്ഷ്യമാക്കിയായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ മാർച്ച്. വെള്ളം ആവശ്യപ്പെട്ട ബക്കറ്റും പാത്രവുമായുള്ള മാർച്ചിനെ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.
തിരുവനന്തപുരം: തലസ്ഥാനത്തെ കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻെറ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനെ ജലപീരങ്കി കൊണ്ട് നേരിടാനാകാതെ പൊലീസ്. ഒറ്റ പ്രാവശ്യം സമരക്കാരെ നേരിട്ടതോടെ ജലപീരങ്കിയിലെ വെളളം തീർന്ന പൊലീസ് പിന്നീട് സമരക്കാരുടെ കൂവലേറ്റുവാങ്ങുകയായിരുന്നു. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള മന്ത്രി റോഷി അഗസ്റ്റിൻ്റെ വസതി ലക്ഷ്യമാക്കിയായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ മാർച്ച്.
വെള്ളം ആവശ്യപ്പെട്ട് ബക്കറ്റും പാത്രവുമായുള്ള മാർച്ചിനെ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. സംഘർഷമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വൻ പൊലീസ് സന്നാഹങ്ങളായിരുന്നു പ്രദേശത്ത് വിന്യസിച്ചിരുന്നത്. ഇതിനിടെ ബാരിക്കേഡ് മറിച്ചിട്ട് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് നേരിടാൻ തീരുമാനിച്ചു. വെള്ളം ചോദിച്ചു വന്നവരെ വെള്ളമടിച്ച് പറഞ്ഞയക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ആദ്യം കുറച്ചുവെള്ളം ചീറ്റിയെങ്കിലും പിന്നീട് വെള്ളം നിന്നു.
ജലപീരങ്കിയിൽ നിന്നും വീണ വെള്ളമെടുത്ത് പൊലീസിന് നേരെ ഒഴിച്ച് യൂത്ത് കോൺഗ്രസും സമരം തുടർന്നു. വീണ്ടും ബാരിക്കേഡ് പിടിച്ചു വലിച്ചതോടെ ദാ, കേള്‍ക്കുന്നു ജലപീരങ്കിയുടെ സൈറണ്‍, ഇപ്പോള്‍ വെള്ളം വീഴുമെന്ന ആക്ഷനിൽ സമരക്കാരും തയ്യാർ. എന്നാൽ ശബ്ദം മാത്രമായിരുന്നു പുറത്തേക്ക് വന്നത്. എന്തായാലും പൊലീസുകാരുടെ നിസ്സഹായാവസ്ഥയിൽ കൂവി മുദ്രാവാക്യം വിളിച്ച് പ്രതിഷേധമറിയിച്ച് പ്രതിഷേധക്കാർ പിൻവാങ്ങി. അധികം പ്രതിഷേധമില്ലാത്തിനാൽ മാനം കാത്ത് പൊലീസും രക്ഷപ്പെട്ടു.
https://www.youtube.com/watch?v=Ko18SgceYX8