ദിലീപിന് ശബരിമല സന്നിധാനത്ത് 'വിഐപി പരിഗണന' നൽകിയതിൽ ഹൈക്കോടതിയുടെ നടപടിയെന്ത്? ഇന്നറിയാം

ഭക്തരെ ബുദ്ധിമുട്ടിച്ച് ദിലീപിന് ഏറെ സമയം സോപാനത്തിന് മുന്നിൽ നിൽക്കാൻ അവസരം നൽകിയതിനെ ദേവസ്വം ബെഞ്ച് കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു

Actor Dileep Sabarimala temple visit Controversy Kerala HC will consider today 12 december news

കൊച്ചി: നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് അധിക പരിഗണന നൽകിയ സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിന് സാധാരണയിൽ കവി‌ഞ്ഞ് പരിഗണന നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ തിരുവിതാംകൂർ ദേവസ്വം ബോർഡും ധരിപ്പിക്കും. ഭക്തരെ ബുദ്ധിമുട്ടിച്ച് ദിലീപിന് ഏറെ സമയം സോപാനത്തിന് മുന്നിൽ നിൽക്കാൻ അവസരം നൽകിയതിനെ ദേവസ്വം ബെഞ്ച് കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു.

ദിലീപിന് ശബരിമല സന്നിധാനത്ത് പ്രത്യേക പരിഗണന നൽകി ദ‍ർശന സൗകര്യം ഒരുക്കിയത് തങ്ങളല്ലെന്നാണ് ശബരിമല സ്പെഷ്യൽ പൊലീസ് ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻനിരയിൽ അവസരം ഒരുക്കിയത്, വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്, ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

സോപാനത്തിനു മുന്നിലെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ചീഫ് കോർഡിനേറ്റർ ഹൈക്കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ദേവസ്വം ബെഞ്ച് ഉയർത്തിയത്. എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തിൽ തുടർന്നുവെന്ന് ചോദ്യമുന്നയിച്ച ഹൈക്കോടതി ഇത് കാരണം മറ്റ് ഭക്തർക്ക്  മുന്നോട്ടു പോകാനായില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. പൊലീസുകാരടക്കം അകമ്പടി പോയി നടന് തൊഴാൻ അവസരം നൽകിയത് എന്തിനെന്ന ചോദ്യമടക്കം കഴിഞ്ഞ ദിവസം  കോടതി ഉയർത്തിയിരുന്നു. ഇതിലാണ് ദിലീപിന് തങ്ങൾ സൗകര്യം നൽകിയില്ലെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

ദേവസ്വം നൽകിയ വിശദീകരണം

ദിലീപിന് ശബരിമല സന്നിധാനത്ത് വി ഐ പി ദർശനത്തിന് അവസരമൊരുക്കിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് നൽകിയ വിശദീകരണം. കോടതി എന്ത് പറയുന്നു എന്ന് നോക്കിയ ശേഷം വീഴ്ച വരുത്തിയവർക്ക് എതിരെ മാതൃകാപരമായ നടപടി എടുക്കുമെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios