Asianet News MalayalamAsianet News Malayalam

'ഏകമകൻ ലഹരിക്ക് അടിമയായതിന്റെ മനോവിഷമം'; കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്

ഇവരുടെ മകൻ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും പോലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും കുറപ്പിൽ പറയുന്നു

Suicide note of couple found dead in car thiruvall vengal
Author
First Published Jul 26, 2024, 5:14 PM IST | Last Updated Jul 26, 2024, 5:19 PM IST

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഏകമകൻ ലഹരിക്ക് അടിമ ആയതിൻ്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്.

ഇവരുടെ മകൻ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും പോലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും കുറപ്പിൽ പറയുന്നു. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ദമ്പതികൾ ആത്മഹത്യാക്കുറിപ്പിൽ വെളിപ്പെടുത്തുന്നു. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. 

തിരുവല്ല വേങ്ങലിൽ പാടത്തോട് ചേര്‍ന്ന ഒറ്റപ്പെട്ട റോഡിലാണ് തീപിടിച്ച കാർ കണ്ടെത്തിയത്. കാറിനുള്ളിൽ നിന്നു തന്നെയാണ് തീ പടർന്നതെന്നാണ് പോലീസ് പറയുന്നത്. ആളൊഴിഞ്ഞ പ്രദേശത്തേക്ക് ദമ്പതികൾ എന്തിനെത്തി എന്നതിൽ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇവർ ജീവനൊടുക്കിയതാവാനാണ് സാധ്യതയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

മകനുമായി രാജു തോമസും ഭാര്യയും തർക്കത്തിലായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഡിവൈഎസ്‌പി വ്യക്തമാക്കിയത്. മകൻ്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, മദ്യപാന ശീലം, വീട് ജപ്തി തുടങ്ങിയ പ്രശ്നങ്ങളാണ് ദമ്പതികളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ന് ഉച്ചയോടെ വേങ്ങലിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് കാറിന് തീപിടിച്ചത് കണ്ടത്. പിന്നാലെ വിവരം ഫയർ ഫോഴ്സിനെ അറിയിച്ചു. ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു. ഈ സമയത്താണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തിയത്. കാറിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യ ലൈജിയുമാണെന്ന് തിരിച്ചറിഞ്ഞത്.

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056.)

Latest Videos
Follow Us:
Download App:
  • android
  • ios