Asianet News MalayalamAsianet News Malayalam

എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

ഇന്നലെ രാത്രി ദിവ്യയെ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഎം ഒഴിവാക്കിയിരുന്നു. പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെയായിരുന്നു നടപടി.

ADM Naveen Babu death PP Divya move to High Court for anticipatory bail
Author
First Published Oct 18, 2024, 7:53 AM IST | Last Updated Oct 18, 2024, 7:53 AM IST

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകും. അതേസമയം, കേസില്‍ ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട്‌ നൽകിയിരുന്നു. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. കൂടുതൽ പേരെ പ്രതി ചേർക്കുന്ന കാര്യവും ആലോചനയിലുണ്ട്. 

ഇന്നലെ രാത്രി ദിവ്യയെ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഎം ഒഴിവാക്കിയിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടക്കം ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് രാജിയെന്നാണ് വിവരം. നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്നും പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും പിപി ദിവ്യ ഇന്നലെ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. അതേസമയം, പ്രശാന്തൻ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്പ് അപേക്ഷ നൽകിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിലും വിജിലൻസിന്റെ കോഴിക്കോട് യൂണിറ്റിന്റെ അന്വേഷണവും ഇന്ന് തുടങ്ങും.

അതിനിടെ, ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. പെട്രോള്‍ പമ്പിന് എൻഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ടാണെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ടൗൺ പ്ലാനർ റിപ്പോർട്ട്‌ നൽകി ഒൻപതാം ദിവസം എൻഒസി നൽകിയെന്നാണ് കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios