പമ്പിനുള്ള അപേക്ഷ നൽകിയത് ഡിസംബർ 2ന്, ഫയൽ നീങ്ങിയതിങ്ങനെ; നവീൻ ബാബുവിന് ഒരു വീഴ്ചയുമുണ്ടായില്ല, റിപ്പോർട്ട്
പെട്രോൾ ബങ്കിനായി ടി വി പ്രാശാന്തൻ അപേക്ഷ നൽകിയത് 2023 ഡിസംബര്‍ രണ്ടിനാണ്. ചെങ്ങളായി പഞ്ചായത്ത് അനുകൂല റിപ്പോര്‍ട്ട് നൽകിയത് 2024 ഫെബ്രുവരി 21നാണ്. പിന്നീട് കൃത്യമായ രീതിയില്‍ വൈകൽ ഇല്ലാതെ തന്നെ നടപടിക്രമങ്ങൾ മുന്നോട്ട് പോയി
കണ്ണൂര്‍: കണ്ണൂർ എഡിഎം നവീൻ ബാബുവിന് പമ്പ് അനുവദിക്കുന്നതിനുള്ള ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. പെട്രോൾ ബങ്കിനായി ടി വി പ്രശാന്തൻ അപേക്ഷ നൽകിയത് 2023 ഡിസംബര്‍ രണ്ടിനാണ്. ചെങ്ങളായി പഞ്ചായത്ത് അനുകൂല റിപ്പോര്‍ട്ട് നൽകിയത് 2024 ഫെബ്രുവരി 21നാണ്. പിന്നീട് കൃത്യമായ രീതിയില്‍ വൈകൽ ഇല്ലാതെ തന്നെ നടപടിക്രമങ്ങൾ മുന്നോട്ട് പോയി. മാർച്ച് 31ന് ജില്ലാ സപ്ലൈ ഓഫീസർ അനുകൂല റിപ്പോർട്ട് നൽകി.
ജില്ലാ സപ്ലൈ ഓഫീസർ അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും റോഡിലെ വളവ് കാരണം ജില്ലാ പൊലീസ് മേധാവി എൻഒസി എതിർത്തിരുന്നു. ഇതോടെ എഡിഎം ടൗൺ പ്ലാനറുടെ റിപ്പോർട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയ ശേഷം അനുമതി നൽകാമെന്നായിരുന്നു ടൗൺ പ്ലാനറുടെ റിപ്പോർട്ട്. ഈ റിപ്പോര്‍ട്ട് കിട്ടിയത് സെപ്റ്റംബര്‍ 30നാണ്. ഈ റിപ്പോര്‍ട്ട് കിട്ടി ഒമ്പത് ദിവസത്തിനുള്ളില്‍ തന്നെ എഡിഎം നവീൻ ബാബു സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി ഫയലില്‍ ഒപ്പിട്ടുവെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പമ്പ് അനുവദിക്കുന്നതിലെ നടപടികൾ നീങ്ങിയത് ഇങ്ങനെ
ഡിസംബർ 2, 2023
പെട്രോൾ ബങ്കിനായി ടി വി പ്രശാന്തൻ അപേക്ഷ നൽകി
ഫെബ്രുവരി 21, 2024
ചെങ്ങളായി പഞ്ചായത്ത് അനുകൂല റിപ്പോർട്ട് നൽകി
ഫെബ്രുവരി 22, 2024
ജില്ലാ ഫയർ ഓഫിസർ അനുകൂല റിപ്പോർട്ട് നൽകി
ഫെബ്രുവരി 28, 2024
ജില്ലാ റൂറൽ പൊലീസ് മേധാവി എതിർത്ത് റിപ്പോർട്ട് നൽകി
മാർച്ച് 30, 2024
തളിപ്പറമ്പ് തഹസിൽദാർ അനുകൂല റിപ്പോർട്ട് നൽകി
മാർച്ച് 31, 2024
ജില്ലാ സപ്ലൈ ഓഫീസർ അനുകൂല റിപ്പോർട്ട് നൽകി
സെപ്റ്റംബർ 30, 2024
സ്ഥലത്തിന്‍റെ ചെരിവ് നികത്തി അനുമതി നൽകാമെന്ന് ടൗൺ പ്ലാനറുടെ റിപ്പോർട്ട്
ഒക്ടോബർ 9, 2024
എഡിഎം നവീൻ ബാബു നിരാക്ഷേപ പത്രം അനുവദിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം