സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് 'തക്കുടു' ഭാഗ്യചിഹ്നം; മേള നവംബറിൽ എറണാകുളത്ത്, രാത്രിയും പകലും മത്സരങ്ങൾ

ഈ വർഷം എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുമെന്നും ഓൾ പ്രൊമോഷനിൽ മാറ്റം വരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു

State school sports meet scheduled to be held between Nov 4-11 at Kochi

കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേള എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബർ  4 മുതൽ 11 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മമ്മൂട്ടി കായികമേളയുടെ ഉദ്ഘാടന വേദിയിൽ എത്തും. 24000 കായികതാരങ്ങൾ പങ്കെടുക്കുമെന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫി സമ്മാനമായി നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തക്കുടു (അണ്ണാറകണ്ണൻ) ആണ് മേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലുമായി മത്സരങ്ങൾ നടക്കും. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ (ഭിന്നശേഷി) കൂടി ഉൾപ്പെടുത്തിയാകും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

കായികമേള സ്കൂൾ ഒളിംപിക്‌സ് എന്ന് പേര് മാറ്റാനായി ഒളിംപിക്സ് അസോസിയേഷനെ സമീപിച്ചെങ്കിലും സംഘടനയിലെ വിഭാഗീയതയെ തുടർന്ന് മറുപടി ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ നിയമ പ്രശ്‌നം വരാതിരിക്കാൻ സ്കൂൾ ഒളിമ്പിക്സ് എന്ന പേര് ഇത്തവണ ഉപയോഗിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇൻക്ലൂസീവ് സ്പോർട്സ് ഇന്ത്യയിൽ തന്നെ ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനം ആണ് കേരളം. ആദ്യ ഘട്ടത്തിൽ 1600 ഓളം കുട്ടികൾ പങ്കെടുക്കും. സവിശേഷ പരിഗണന അർഹിക്കുന്ന കൂടുതൽ കുട്ടികളെ അടുത്ത വർഷം മുതൽ മേളയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

'അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾ പൂട്ടും'

എസ്.എസ്.എൽസി പരീക്ഷയുടെ നിലവാരം വർധിപ്പിക്കണമെന്നത് കൊണ്ടാണ് സബ്ജെക്ട് മിനിമം നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ വർഷം എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കും. ഓൾ പ്രൊമോഷനിൽ മാറ്റം വരുത്തും.  ഏതെങ്കിലും വിഷയത്തിൽ മാർക്ക് കുറഞ്ഞാൽ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവും. വിദ്യാഭ്യാസ ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്കൂളുകൾ പൂട്ടും. സംസ്ഥാന വ്യാപകമായി പരിശോധന നടത്തേണ്ടതുണ്ട്. ഒരു മാസത്തിനകം ഇത് പൂർത്തിയാക്കണം. അനുവാദം ഇല്ലാതെ എത്ര സ്കൂളുകൾ പ്രവർത്തിക്കുന്നുവെന്ന കാര്യത്തിൽ ഒരു മാസത്തിനകം റിപ്പോർട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. കോഴ കൊടുക്കുന്നവർ ആലോചിക്കണമെന്നും പരാതി ലഭിച്ചാൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios