ദിലീപിനൊപ്പം കോണ്‍ഗ്രസിന്റെ എംപി സ്ഥാനാര്‍ത്ഥി ജെബി മേത്തറിന്റെ സെൽഫി; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

സഹപ്രവര്‍ത്തകയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കാനായി ക്വട്ടേഷന്‍ കൊടുത്ത നടനെ ആഘോഷിക്കുന്ന വനിതയാണോ കോണ്‍ഗ്രസിന്‍റെ എംപി സ്ഥാനാര്‍ത്ഥി എന്നാണ് നവമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.  

social media Criticise congress Rajya Sabha mp candidate Jebi Mather

കൊച്ചി: കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി  മേത്തറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനൊപ്പമുള്ള സെല്‍ഫി ഉയര്‍ത്തിക്കാട്ടിയാണ് ജെബിക്കെതിരെയുള്ള വിമര്‍ശനം. 2021ല്‍ ദിലീപിനൊപ്പമെടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സഹപ്രവര്‍ത്തകയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കാനായി ക്വട്ടേഷന്‍ കൊടുത്ത നടനെ ആഘോഷിക്കുന്ന വനിതയാണോ കോണ്‍ഗ്രസിന്‍റെ എംപി സ്ഥാനാര്‍ത്ഥി എന്നാണ് നവമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.  2021 നവംബറിൽ നടന്ന ആലുവ ന​ഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാൻ ദിലീപ് എത്തിയപ്പോൾ ജെബി മാത്യു എടുത്ത സെല്‍ഫിയാണ് സാമൂഹിക  മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആലുവ ന​ഗരസഭയുടെ വൈസ് ചെയർമാനായ ജെബി മേത്തറും മറ്റ് അംഗങ്ങളും  സെൽഫിയിലുണ്ട്.
 
നടിയെ ആക്രമിക്കപ്പെട്ട കേസില് പ്രതിയായ ശേഷം ദിലീപ്, ഒരുപാട് നാളുകള്‍ക്ക് ശേഷം പങ്കെടുത്ത  പൊതു പരിപാടി കൂടിയായിരുന്നു അത്. താൻ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. എല്ലാവരുടേയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് അന്നത്തെ ചടങ്ങിൽ ദിലീപ് പറഞ്ഞിരുന്നു. ദിലീപിനെ പോലുള്ളവരെ വേദിയില്‍ വിളിച്ച് വരുത്തിയ വനിതാ നേതാവിനെ ജനം സ്ത്രീകളടക്കമുള്ള കോണ്‍ഗ്രസിലെ പ്രവര്‍ത്തകര്‍ അംഗീകരിക്കുന്നുണ്ടോ എന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.


മുൻ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളും കോൺഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തർ. ആലുവ നഗരസഭ വൈസ് ചെയർപേഴ്സണായി ജെബി മേത്തർ പ്രവർത്തിച്ചിട്ടുണ്ട്. 2010 മുതൽ ആലുവ നഗരസഭാ കൗൺസിലറാണ് ഇവർ. 42 വർഷത്തിന് ശേഷമാണ് കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് ജെമി മേത്തറിന്‍റെ സ്ഥാനാര്‍ത്ഥിത്വം.  കെപിസിസി സമർപ്പിച്ച അന്തിമ പട്ടികയിൽ നിന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം. 

മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തർ. എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരിശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയിൽ അവസാനം ഇടംപിടിച്ച ജെബി മേത്തർ സ്ഥാനാർത്ഥിയായി വരുന്നത്. മുസ്ലിം, യുവത്വം, വനിത എന്നീ പരിഗണനകൾ ജെബി മേത്തറിന് അനുകൂലമായി. കെസി വേണുഗോപാൽ ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തിയതായാണ് വിവരം.

1980 ന് ശേഷം ആദ്യമായാണ് കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. പാർട്ടിയുടെ സംസ്ഥാന നേതാക്കൾക്കിടയിൽ ഗ്രൂപ്പ് പോരിന് ഇടയാകും ഈ തീരുമാനമെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷം പാർട്ടിയെ കൈവിട്ടുവെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിൽ മുസ്ലിം വനിതയെന്ന പരിഗണനയും ജെബി മേത്തറിന് കിട്ടിയിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios