Russia Ukraine Crisis : യുക്രൈനിലെ മലയാളി വിദ്യാർത്ഥികളെ രക്ഷിക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം : യുക്രൈനിൽ സ്ഥിതി വഷളാവുന്നതിനിടെ മലയാളി വിദ്യാർത്ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ കത്ത്.
കേരളത്തിൽ നിന്നുള്ള 2320 വിദ്യാർത്ഥികൾ യുക്രൈനിലുണ്ടെന്നും ഇവരുടെ സുരക്ഷ മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നത്. പല വിദ്യാർത്ഥികളും അവരുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകരുതെന്ന് കരുതി അവിടെ തങ്ങുന്നുണ്ട്. അധികൃതർ ഇവരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ കൈക്കൊള്ളണം. മുഖ്യമന്ത്രി ജയശങ്കറിന് അയച്ച കത്തിൽ പറയുന്നു.
പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.
ഒഴിപ്പിക്കൽ നടപടികൾ ഉടൻ
ഒഴിപ്പിക്കലിലുള്ള നടപടി ഉടൻ നടക്കുമെന്നാണ് ഇന്ത്യൻ എംബസി അറിയിക്കുന്നത്. വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നാണ് വിശദീകരണം. ഇന്ത്യക്കാർ പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തേണ്ടി വരും. പാസ്പോർട്ട് കയ്യിൽ ഉറപ്പാക്കാനും നിദ്ദേശം നൽകിയിട്ടുണ്ട്.
യുക്രൈനിലെ MEA ഹെൽപ് ലൈൻ
1800118797 (ടോൾ ഫ്രീ)
നമ്പറുകൾ
+91 11 23012113
+91 11 23014104
+91 11 23017905
ഫാക്സ്:
+91 11 23088124
ഇ-മെയിൽ:
situationroom@mea.gov.in
യുക്രൈനിലെ ഇന്ത്യൻ എംബസി 24*7 ഹെൽപ് ലൈൻ
+380 997300428
+380 997300483
ഇ-മെയിൽ: cons1.kyiv@mea.gov.in
വെബ്സൈറ്റ്: www.eoiukraine.gov.in
എംബസി ഏതെങ്കിലും തരത്തിൽ വാഹനങ്ങൾ സംഘടിപ്പിച്ച് പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തിക്കാൻ സഹായിക്കണമെന്നാണ് പല വിദ്യാർത്ഥികളും ആവശ്യപ്പെടുന്നത്. പലരും ഓഫ്‍ലൈൻ ക്ലാസുകൾ നഷ്ടമാകും എന്ന ഭയത്താലാണ് രാജ്യത്തേക്ക് തിരികെ മടങ്ങാതിരുന്നത്. വലിയ തുക മുടക്കിയാണ് പഠിക്കാനെത്തിയത്. ഇവിടെ നിന്ന് നാട്ടിലേക്ക് പോയാൽ പിന്നെ തിരികെ വരുന്നത് ബുദ്ധിമുട്ടാകും. അതിന് വലിയ പണച്ചെലവും വരും. അതിനാൽത്തന്നെ നിരവധി കുട്ടികൾ നാട്ടിലേക്ക് മടങ്ങാതെ യുക്രൈനിൽത്തന്നെ തുടർന്നു.
യുദ്ധമുണ്ടാകില്ല എന്ന പ്രതീക്ഷയിൽത്തന്നെയായിരുന്നു കുട്ടികളിൽ പലരും. സമാധാനശ്രമങ്ങൾ ലക്ഷ്യം കാണും എന്നാണ് പല ഇന്ത്യൻ പൗരൻമാരും കരുതിയിരുന്നത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായി സമാധാനചർച്ചകൾ പലതും നടക്കുന്നതിനിടെയും, യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേരുന്നതിനിടെയും പുടിൻ അപ്രതീക്ഷിതയുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
യുദ്ധം !
രാവിലെ അഞ്ചുമണിയോടെ (ഇന്ത്യൻ സമയം എട്ടര)യാണ് യുക്രൈനിൽ റഷ്യൻ ആക്രമണം ആരംഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ യുദ്ധപ്രഖ്യാപനത്തോടെയാണ് സൈനിക നടപടിയുണ്ടായത്. മണിക്കൂറുകള്‍ക്കുള്ളില്‍ കര, വ്യോമ മാര്‍ഗങ്ങളിലൂടെ റഷ്യ യുക്രൈനെ ആക്രമിച്ചു. പുലർച്ചെ കിഴക്കന്‍ യുക്രൈവ് വഴിയും സഖ്യരാജ്യമായ ബലാറസുമായി ചേര്‍ന്നുമായിരുന്നു ആക്രമണം. രണ്ടുലക്ഷം സൈനികരെയാണ് യുദ്ധഭൂമിയില്‍ റഷ്യ സജ്ജരാക്കിയത്. വ്യോമമാര്‍ഗമുള്ള പട ആദ്യം യുദ്ധം ആരംഭിച്ചു. സമാന്തരമായി യുക്രൈനിലെ ഡോൺബാസിലേക്ക് റഷ്യൻ സൈന്യവും കടന്നു.
തലസ്ഥാനമായ കീവിൽ ആറിടത്ത് മിസൈല്‍ ആക്രമണമുണ്ടായി. യുക്രൈൻ നഗരമായ ക്രമറ്റോസ്കിലും വ്യോമാക്രമണം നടന്നു. വിറങ്ങലിച്ച യുക്രൈനെ കരമാര്‍ഗവും റഷ്യ ശക്തമായി ആക്രമിച്ചു. സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈലാക്രമണമുണ്ടായതോടെ വ്യോമതാവളങ്ങളെല്ലാം അടച്ചു.
ഇന്ത്യൻ ഒഴിപ്പിക്കൽ ദൗത്യത്തിന് തിരിച്ചടി
യുക്രൈനെതിരെ റഷ്യ സൈനിക നടപടികൾ തുടങ്ങിയതോടെ ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടികൾ മുടങ്ങിയിരിക്കുകയാണ്. വിമാനത്താവളങ്ങൾ അടച്ച സാഹചര്യത്തിൽ കീവിലേക്ക് പോയ രണ്ടാമത്തെ പ്രത്യേക വിമാനം തിരികെ ഇന്ത്യ വിളിച്ചു. സാഹചര്യം നീരീക്ഷിച്ച് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് ഇന്ത്യൻ തീരുമാനം.
യുക്രൈനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ഈ ആഴ്ച്ച മൂന്ന് വിമാനങ്ങളാണ് ഇന്ത്യ തയ്യാറാക്കിയിരുന്നത്. ഇതിൽ ആദ്യ വിമാനം കഴിഞ്ഞ ദിവസം 241 യാത്രക്കാരുമായി തിരികെ എത്തിയിരുന്നു. രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ 7.40 കീവിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും യുക്രൈൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ,തിരികെ വിളിക്കേണ്ടി വരികയായിരുന്നു. ഇതോടെ വിമാനത്താവളത്തിൽ എത്തിയ മലയാളികൾ അടക്കം ഉള്ളവർ കുടുങ്ങിക്കിടക്കുകയാണ്. റഷ്യ പല വിമാനത്താവളങ്ങളിൽ അടക്കം ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഒഴിപ്പിക്കൽ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരാനാണ് നിലവിൽ എംബസിയുടെ നിർദ്ദേശം. തുടർനടപടികൾ ഉടൻ അറിയിക്കാമെന്നാണ് എംബസി അറിയിക്കുന്നത്. അതെസമയം 182 യാത്രക്കാരുമായി കീവിൽ നിന്ന് പുറപ്പെട്ട് യുക്രൈയിൻ എയർലൈൻസ് വിമാനം ദില്ലിയിൽ എത്തി. ശനിയാഴ്ച്ച നടത്താനിരുന്ന സർവീസുകളുടെ കാര്യവും അനിശ്ചിത്വത്തിലാണ്