60 വയസുകാരി വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു; രക്ഷകരായി അഗ്നിശമന സേന
45 അടിയോളം ആഴമുള്ള കിണറിൽ പത്തടിയോളം ആഴത്തിൽ വെള്ളവുണ്ടായിരുന്നു. എന്നാൽ മോട്ടോറിന്റെ ഹോസിൽ പിടിച്ചിരുന്ന് രക്ഷപ്പെടുകയായിരുന്നു ജയശ്രീ.
എറണാകുളം: വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ 60 വയസുകാരിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. പെരുമ്പാവൂർ മുൻസിപ്പാലിറ്റിയിലെ പതിനെട്ടാം വാർഡിൽ മരുതു കവലയിലുള്ള ശ്രീരംഗം വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ എം. ജെ. ജയശ്രീയെ(60) ആണ് രക്ഷിച്ചത്. മാർത്തോമൻ കോളേജിൽ ഹിന്ദി പ്രഫസറായി സർവീസിൽ നിന്ന് വിരമിച്ചയാളാണ് ജയശ്രീ.
തിങ്കളാഴ്ച രാവിലെ വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണു. 45 അടിയോളം ആഴമുള്ള കിണറ്റിൽ 10 അടിയോളം ആഴത്തിൽ വെള്ളമുണ്ടായിരുന്നു. എന്നാൽ മോട്ടോറിന്റെ ഹോസിൽ പിടിച്ചുകിടന്നാണ് ജയശ്രീ രക്ഷപ്പെട്ടത്. വിവരം ലഭിച്ച് സ്ഥലത്തെത്തിയ പെരുമ്പാവൂർ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിണറ്റിൽ ഇറങ്ങിയ അഗ്നിശരക്ഷാ സേനാ ഉദ്യോഗസ്ഥൻ വല ഉപയോഗിച്ച് ജയശ്രീയെ ഉയർത്തി കിണറിന് പുറത്തെത്തിച്ചു.
ഗ്രേഡ് അസ്സിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസറായ എം.സി. ബേബിയുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ എം.കെ. നാസ്സർ, കെ.എം .ഇബ്രാഹിം, എം.കെ മണികണ്ഠൻ ഹോംഗാർഡ്മാരായ എൽദോ ഏലിയാസ്, കെ.വി. റെജി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം