വടക്കന്‍ ജില്ലകളിലെ ജയിലുകളില്‍ ആശ്വാസം; പരിശോധനകളിൽ ആർക്കും കൊവിഡില്ല

വടക്കന്‍ ജില്ലകളിലെ ജയിലുകളില്‍ നടത്തിയ കൊവിഡ് പരിശോധനകളില്‍ ആശ്വാസം. ജയില്‍ അന്തേവാസികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നടത്തിയ പരിശോധയില്‍ ആര്‍ക്കും കൊവിഡ് രോഗമില്ല

Relief in prisons in northern districts None of the tests showed Covid positive

കോഴിക്കോട്: വടക്കന്‍ ജില്ലകളിലെ ജയിലുകളില്‍ നടത്തിയ കൊവിഡ് പരിശോധനകളില്‍ ആശ്വാസം. ജയില്‍ അന്തേവാസികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നടത്തിയ പരിശോധയില്‍ ആര്‍ക്കും കൊവിഡ് രോഗമില്ല.  1020 പേരെയാണ് പരിശോധിച്ചത്. 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 750 പേരേയും  കോഴിക്കോട് ജില്ലാ ജയിലില്‍ 150 പേരേയും സ്പെഷ്യല്‍ ജയിലില്‍ 30 പേരേയും പരിശോധിച്ചു. ചിറ്റൂര്‍, പെരിന്തല്‍മണ്ണ ജയിലുകളില്‍ 40 പേരെ വീതമാണ് പരിശോധിച്ചത്. 

വരും ദിവസങ്ങളിലും ചീമേനിയിലെ തുറന്ന ജയില്‍ അടക്കമുള്ള എല്ലാ ജയിലുകളിലും കൊവിഡ് പരിശോധനകള്‍ നടത്തും. പാലക്കാട് മുതല്‍ കാസർകോട് വരെയുള്ള എല്ലാ ജയിലുകളിലും ഈ ആഴ്ച തന്നെ കൊവിഡ് പരിശോധന പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം.

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ വൻ തോതിൽ രോഗം പടർന്നുപിടിച്ച സാഹചര്യത്തിലാണ് മറ്റു ജയിലുകളിലും പരിശോധന നടത്തിയത്. ഇന്നലെ വരെ 477 പേർക്കാണ് പൂജപ്പുര ക്ലസ്റ്ററിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. 

ആഗസ്റ്റ് 11-നാണ് ആദ്യമായി പൂജപ്പുര ജയിലിൽ ഒരു തടവുകാരന് രോഗം സ്ഥിരീകരിച്ചത്. 72-കാരനായ ഈ ജയിൽ പുള്ളി ഞായറാഴ്ച മരിച്ചു. തുടർന്ന് പി ബ്ലോക്ക് ഏഴിലെ മുഴുവൻ തടവുകാരെയും പരിശോധനയ്ക്ക് വിധേയരാക്കി. ഓഗസ്റ്റ് 12ന് നടത്തിയ ഈ പരിശോധനയിൽ 59 തടവുകാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ഓഗസ്റ്റ് 14-ന് ജയിൽ ആസ്ഥാനം ശുചീകരിക്കാനെത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ജയിൽ ആസ്ഥാനം അടച്ചു. ഓഗസ്റ്റ് 16ന് 145 തടവുകാർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 17 ആയപ്പോൾ ജയിലിൽ ആകെ രോഗികൾ 477 ആയി. തിരുവനന്തപുരം ജില്ലാ ജയിലിലെ 36 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 130 പേരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios