റഷ്യയിൽ കുടുങ്ങിയ മലയാളികളുടെ മോചനം ഉടൻ സാധ്യമാകുമെന്ന് പ്രതീക്ഷ: ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ
റഷ്യയിൽ കുടുങ്ങിയവരെ ഒരാഴ്ചക്കകം നാട്ടിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കാതോലിക്ക ബാവ പറഞ്ഞു.
തിരുവനന്തപുരം: റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളികളുടെ മോചനത്തിനായി റഷ്യൻ എമ്പസിക്ക് നൽകിയ അപേക്ഷയിൽ വലിയ പ്രതീക്ഷയുണ്ടെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഏഷ്യാനെറ്റ് ന്യൂസിനോട്. ഒരാഴ്ചക്കകം ഇവരെ നാട്ടിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എംബസിയിൽ വിവരങ്ങൾ ഫോളോഅപ്പ് ചെയ്യാൻ ദില്ലി ഭദ്രസനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ അംബാസഡറെ നേരിട്ട് കണ്ട് നേരത്തെ തയ്യാറാക്കി കൊണ്ടുപോയിരുന്ന അപേക്ഷ കൊടുത്തെന്ന് കാതോലിക്ക ബാവ പറഞ്ഞു. അത് എന്താണെന്ന് പഠിച്ച ശേഷം കഴിയുന്നതെല്ലാം ചെയ്യാം എന്നാണ് അംബാസഡർ പറഞ്ഞത്. അപേക്ഷ പരിഗണിച്ച റഷ്യൻ എംബസി അനുകൂല നിലപാട് എടുത്തു. പിന്നീട് യുവാക്കളുടെ പാസ്പോർട്ട് വിവരങ്ങൾ ദില്ലി ഭദ്രാസനത്തിൽ നിന്ന് തേടിയെന്ന് അറിയാൻ കഴിഞ്ഞു. കേന്ദ്ര സർക്കാരും ശ്രമങ്ങൾ നടത്തുന്നു എന്നാണ് കരുതുന്നതെന്നും യുവാക്കളുടെ കുടുംബവും വലിയ പ്രതീക്ഷയിലാണെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
റഷ്യൻ സർക്കാരിന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ഏറ്റുവാങ്ങിയ ചടങ്ങിലാണ് കാതോലിക്ക ബാവ റഷ്യൻ അംബാസിഡറോട് സഹായം അഭ്യർത്ഥിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു ബാവയുടെ ഇടപെടൽ. റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികൾ കഴിഞ്ഞ കുറേ നാളുകളായി കുടുങ്ങിക്കിടക്കുകയാണ്. ജെയിൻ, ബിനിൽ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്.
READ MORE: ലോക്സഭയിലേയ്ക്ക് ഉറ്റുനോക്കി രാജ്യം, ഇന്ന് മോദി vs രാഹുൽ; ഭരണഘടന ചർച്ച തുടരും