പ്രകാശ് എന്നും ഓർമ്മിക്കപ്പെടുമെന്ന് രാഹുൽ, അഗാധ ദു:ഖമെന്ന് ചെന്നിത്തല; അനുശോചിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർ
സ്വാര്‍ത്ഥ താല്‍പ്പര്യമില്ലാത്ത നേതാവെന്ന് ഇ ടി മുഹമ്മദ് ബഷീറും യുഡിഎഫിന് കനത്ത നഷ്ടമെന്ന് സാദിഖ് അലി ശിഹാബ് തങ്ങളും പറഞ്ഞു.
തിരുവനന്തപുരം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി വി പ്രകാശിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ. സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് തനിക്കെന്ന് ചെന്നിത്തല പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫിന് വൻ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിന് വിട പറയേണ്ടി വന്നെന്നത് വളരെ ദുഖകരമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും വി വി പ്രകാശിന്‍റെ മരണത്തില്‍ അനുശോചിച്ചു.
കഠിനാധ്വാനിയും സത്യസന്ധനുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില് വി വി പ്രകാശ് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സ്വാര്‍ത്ഥ താല്‍പ്പര്യമില്ലാത്ത നേതാവെന്ന് ഇ ടി മുഹമ്മദ് ബഷീറും യുഡിഎഫിന് കനത്ത നഷ്ടമെന്ന് സാദിഖ് അലി ശിഹാബ് തങ്ങളും പറഞ്ഞു. തീരാ നഷ്ടമെന്നായിരുന്നു പി ജെ ജോസഫിന്‍റെ പ്രതികരണം.
വി വി പ്രകാശ് ആദര്‍ശ ദീപ്തമായ ജീവിതത്തിന് ഉടമയെന്ന് മുല്ലപ്പള്ളിയും
രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായിരുന്നു വി വി പ്രകാശെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു.
നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറും വി വി പ്രകാശിന്‍റെ മരണത്തില്‍ അനുശോചിച്ചു. അവിശ്വസനീയമെന്നും പ്രിയ സുഹൃത്തിന് കണ്ണീരോടെ വിടയെന്നുമായിരുന്നു പി വി അന്‍വറിന്‍റെ അനുശോചനം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.