Asianet News MalayalamAsianet News Malayalam

ജാമ്യ നടപടികൾ വേഗത്തിലാക്കാൻ പള്‍സര്‍ സുനിയുടെ നീക്കം; വിചാരണ കോടതിയെ ഉടൻ സമീപിക്കും

കര്‍ശന വ്യവസ്ഥകളോടെയാകും ജാമ്യം നല്‍കുക. പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്നുളള നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ച ശേഷമാകും ജാമ്യ വ്യവസ്ഥകളിൽ വിചാരണ കോടതി അന്തിമ തീരുമാനമെടുക്കുക.

pulsar suni to approach trial court after supreme court order in actress assault case bail condition will be decided  by trial court
Author
First Published Sep 18, 2024, 8:19 AM IST | Last Updated Sep 18, 2024, 8:25 AM IST

കൊച്ചി: സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് കിട്ടിയതോടെ ജാമ്യത്തിനായി വേഗത്തില്‍ വിചാരണ കോടതിയെ സമീപിക്കാന്‍ പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനിക്ക് വിചാരണ കോടതി തീരുമാനിക്കുന്ന വ്യവസ്ഥകളോടെ ജാമ്യം നല്‍കാമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഒരാഴ്ചയ്ക്കകം ജാമ്യം നല്‍കാമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.

ഇതിന്റെ പിൻബലത്തിൽ ഈയാഴ്ച തന്നെ സുനിയെ പുറത്തിറക്കാനാണ് അഭിഭാഷകരുടെ നീക്കം. കര്‍ശന വ്യവസ്ഥകളോടെയാകും ജാമ്യം നല്‍കുക. പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്നുളള നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ച ശേഷമാകും ജാമ്യ വ്യവസ്ഥകളിൽ വിചാരണ കോടതി അന്തിമ തീരുമാനമെടുക്കുക.

ഏഴര വര്‍ഷത്തിനുശേഷം ജാമ്യം നല്‍കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയിൽ വിചാരണ കോടതിക്ക് നേരെ രൂക്ഷ വിമര്‍ശനമുണ്ട്. ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. കടുത്ത ഉപാധികള്‍ക്കായി സംസ്ഥാനത്തിന് വാദിക്കാം. എന്നാല്‍ വിചാരണ ഇത്രയും വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇതെന്ത് വിചാരണ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. 

വിചാരണത്തടവുകാരനായ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പത്ത് തവണ തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ച് പ്രതി ജാമ്യം നേടിയത്. തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്യുന്നതിൽ ഉന്നത ഇടപെടൽ സംശയിച്ച ഹൈക്കോടതി, കഴിഞ്ഞ ജൂണിൽ പ്രതിക്ക് 25,000 രൂപ പിഴയുമിട്ടിരുന്നു. കേസിന്‍റെ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങുന്ന പൾസർ സുനിയുടെ  തുടർനീക്കങ്ങൾ ഇനി നിർണായകമാകും.

പൾസർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തു. നടിയെ ആക്രമിച്ചത് പൾസർ സുനിയാണെന്നും ഈ ദ്യശ്യങ്ങൾ മറ്റുള്ളവർക്ക് നൽകിയെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പൾസർ സുനി പുറത്തിറങ്ങുന്നത് ഉചിതമല്ലെന്ന് സംസ്ഥാനത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചു. എന്നാൽ ഏഴര വർഷമായി ജയിലിലാണെന്നും വിചാരണ നീണ്ടു പോകുന്നതിനാൽ ജയിലിൽ ഇടുന്നത് ശരിയല്ലെന്നും പൾസർ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.

2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയിൽ കാറിൽ ആക്രമിക്കപ്പെട്ടത്. നടൻ ദിലീപിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നു എന്നായിരുന്നു സുനിയുടെ മൊഴി. ദിലീപിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പൾസർ സുനിക്കായി കെ പരമേശ്വർ, ശ്രീറാം പാറക്കാട്ട് എന്നീ അഭിഭാഷകരും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരും ഹാജരായി.

വിദേശത്ത് നിന്നെത്തിയ 38കാരന് എംപോക്സ് ലക്ഷണങ്ങൾ; പരിശോധനാഫലം ഇന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios