കേരളം ഐസിസ് റിക്രൂട്ട്‌മെന്‍റ് കേന്ദ്രമെന്ന ജയരാജന്‍റെ അഭിപ്രായത്തിൽ മുഖ്യമന്ത്രിയുടെ നിലപാടെന്ത്? സതീശൻ

സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ഇതു സംബന്ധിച്ച് ആധികാരികമായ വിവരങ്ങളോ ഇന്റലിജന്‍സ് റിപ്പോര്‍ട്ടോ ഉണ്ടോയെന്നും സതീശൻ ചോദിച്ചു.

What is the stand of CM Pinarayi on P Jayarajan opinion that Kerala is a recruitment center for ISIS

തിരുവനന്തപുരം: തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളം മാറിയെന്ന സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ പ്രസ്താവന അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി ജയരാജന്‍ പറയുന്നതു പോലെ ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളം മാറിയെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ഇതു സംബന്ധിച്ച് ആധികാരികമായ വിവരങ്ങളോ ഇന്റലിജന്‍സ് റിപ്പോര്‍ട്ടോ ഉണ്ടോയെന്നും സതീശൻ ചോദിച്ചു.

സി പി എമ്മിന്റെ ഉന്നതനായ നേതാവ് ഉന്നയിച്ചിരിക്കുന്ന ഗുരുതര ആരോപണം സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും എതിരെയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരില്‍ ഇത്തരം റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന് ജില്ലയില്‍ നിന്നു തന്നെയുള്ള സംസ്ഥാന സമിതി അംഗം ആരോപികുന്നുവെന്നതും ഏറെ ഗൗരവതരമാണെന്നും സതീശൻ ചൂണ്ടികാട്ടി.

അടിസ്ഥാനരഹിതമായ ആരോപണമാണ് പി ജയരാജന്‍ ഉന്നയിച്ചതെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണം. ആരോപണത്തിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ പൊതുസമൂഹത്തിന് താല്‍പര്യമുണ്ട്. ആരോപണം ശരിയോ തെറ്റോ എന്ന് പറയേണ്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണ്. പി ജയരാജന്റെ നിലപാട് തന്നെയാണോ സി പി എമ്മിനെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

അതിനിടെ പൊളിറ്റിക്കൽ ഇസ്ലാം പ്രസ്താവന വിവാദത്തില്‍ പ്രതികരണവുമായി പി ജയരാജൻ രാത്രി രംഗത്തെത്തി. അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ചുവെന്നാണ് പി ജയരാജന്റെ വിശദീകരണം. ഐ എസിലേക്ക് ഇപ്പോൾ കേരളത്തിൽ നിന്ന് റിക്രൂട്ട്മെന്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ല. മുമ്പ് വിരലിൽ എണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തു എന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം എപ്പോഴും അകറ്റിനിർത്തിയിട്ടുണ്ട്. ആഗോള സമാധാനത്തിന്റെ യഥാർത്ഥ ഭീഷണി ഇസ്ലാമിക തീവ്രവാദമെന്ന വാചകത്തോട് ശക്തമായ വിയോജിപ്പാണുള്ളത്. ഇങ്ങനെ പറയുന്നത് മരം മറഞ്ഞു കാട് കാണാതിരിക്കലെന്നും ജയരാജൻ പ്രതികരിച്ചു.

10 വർഷം കഴിഞ്ഞവർക്കടക്കം ആധാർ കാർഡിൽ ആശ്വാസ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, പുതുക്കലിലെ 'ഫ്രീ' നീട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios