പാലക്കാട് മണ്ഡലത്തിൽ നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു ഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചെന്നാണ് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചിരിക്കുന്നത്.

Public Holiday in Palakkad Assembly Constituency on november 20 Holiday for schools and Government and Public Sector offices

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ നാളെ (നവംബര്‍ 20) പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു ഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചെന്നാണ് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നാളെ വേതനത്തോടുകൂടിയുള്ള അവധിയായിരിക്കും.

നാളെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാല് പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 2445 കന്നിവോട്ടര്‍മാരും 229 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ  5.30 ന് മോക് പോള്‍ ആരംഭിക്കും. 

വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂര്‍ത്തിയായി. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ കേന്ദ്രത്തില്‍ വെച്ചാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തത്. വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന്  രാത്രിയോടെ തന്നെ കോളേജിലെ ന്യൂ തമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.

നാല് ഓക്സിലറി ബുത്തുകള്‍ ഉള്‍പ്പെടെ ആകെ 184 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. ആകെ 736 പോളിങ് ഓഫീസര്‍മാരെയാണ് ഇവിടേക്ക് നിയമിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഒരു പോളിങ് സ്റ്റേഷനും ഒമ്പത് മാതൃകാ പോളിങ് ബൂത്തുകളും മണ്ഡലത്തില്‍ ഉണ്ടാവും. എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് നടപടികള്‍ വെബ്കാസ്റ്റിങ് നടത്തുന്നുണ്ട്.

മണ്ഡലത്തില്‍ മൂന്ന് ഇടങ്ങളിലായി ആകെ ഏഴ് വോട്ടെടുപ്പ് കേന്ദ്രങ്ങളെയാണ് പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. 58 എണ്ണം പ്രശ്‌ന സാധ്യതാ പട്ടികയിലുണ്ട്. ഇത്തരം ബൂത്തുകളില്‍ കേന്ദ്ര സുരക്ഷാ സേന (സി.എ.പി.എഫ്) യുടെയും പൊലീസിന്റെ നേതൃത്വത്തില്‍ അധിക സുരക്ഷയൊരുക്കും.

പോളിങ് സ്റ്റേഷനുകളിലേക്കായി റിസര്‍വ് അടക്കം 220 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും 239 വി.വി.പാറ്റ് യൂണിറ്റുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകള്‍ 20 ശതമാനവും വിവിപാറ്റ് യൂണിറ്റുകള്‍ 30 ശതമാനവുമാണ് അധികമായി തയ്യാറാക്കി വെച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios