Asianet News MalayalamAsianet News Malayalam

കേരളത്തിലെ കോൺഗ്രസ് എംപിമാർക്ക് 'പ്രോഗ്രസ് റിപ്പോർട്ട്', സർവ്വേ 10 ദിവസത്തിനകം, പ്രൊഫഷണല്‍ ടീം പണി തുടങ്ങി

എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ തൃപ്തരാണോ? ആരൊക്കെ മത്സരിച്ചാല്‍ ജയസാധ്യതയുണ്ട്? മാറേണ്ടവര്‍ ആരൊക്കെ? അടിമുടി പരിശോധിക്കുന്നതാണ് സര്‍വേ. 

professional team starts evaluation work for the progress report of Congress MPs for the parliment election in kerala vkv
Author
First Published Oct 6, 2023, 11:21 AM IST | Last Updated Oct 6, 2023, 11:33 AM IST

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സമ്പൂര്‍ണ സര്‍വേ പത്തുദിവസത്തിനകം തയ്യാറാകും. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്‍റെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ ടീം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറും. സംഘടന ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കും.

എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ തൃപ്തരാണോ? ആരൊക്കെ മത്സരിച്ചാല്‍ ജയസാധ്യതയുണ്ട്? മാറേണ്ടവര്‍ ആരൊക്കെ? അടിമുടി പരിശോധിക്കുന്നതാണ് സര്‍വേ. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്‍റെ നേതൃത്വത്തിലുള്ള ടീം സംസ്ഥാനമാകെ സഞ്ചരിച്ചാണ് സര്‍വേ തയ്യാറാക്കുന്നത്. ഈ റിപ്പോര്‍ട്ട് അനുസരിച്ചാകും ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് കടക്കുക. കർണാടകയിൽ കോൺഗ്രസ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച  സുനിൽ കനുഗോലു നയിക്കുന്ന 'മൈന്‍ഡ് ഷെയര്‍ അനലിറ്റിക്‌സ്' ടീം കോണ്‍ഗ്രസിനായി കേരളത്തിലെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

അഴിമതി തുറന്നുകാട്ടുന്നതാവണം തെരഞ്ഞെടുപ്പിന്‍റെ പ്രചാരണമെന്നും സഹകരണമേഖലയിലെ പ്രതിസന്ധി പ്രധാന ഇനമായി മാറ്റണമെന്നും നിര്‍ദേശമുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിന്‍റെ പേരിലാണെങ്കിലും നിക്ഷേപകര്‍ ബുദ്ധിമുട്ടിലായിട്ടുണ്ടെങ്കില്‍ ജനപക്ഷത്തുതന്നെ നില്‍ക്കണമെന്ന കര്‍ശന നിര്‍ദേശമാണ് കെസി വേണുഗോപാല്‍ കെപിസിസിക്ക് നല്‍കിയിരിക്കുന്നത്. 

രാഷ്ട്രീയകാര്യസമിതിയിലെ അഞ്ച് ഒഴിവുകള്‍ നികത്തുന്നതിനൊപ്പം ആകെ അംഗങ്ങളുടെ എണ്ണം 25 ആയി ഉയര്‍ത്താനാണ് സാധ്യത. കെപിസിസിയില്‍ കാര്യക്ഷതയുള്ള ഭാരവാഹികളുടെ എണ്ണം കുറവാണെന്ന വിലയിരുത്തലിലാണ് കുറച്ചുനേതാക്കളെ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കം. എം ലിജു ഉള്‍പ്പടെയുളള നേതാക്കള്‍ പ്രധാന പദവിയിലേക്ക് എത്തുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം മാത്രം ലക്ഷ്യം വെച്ച് സമൂല മാറ്റത്തിനൊരുങ്ങുകയാണ് കോൺഗ്രസ്.

Read More : ഹെർണിയ ഓപ്പറേഷന് തീയതി കിട്ടാൻ 2000 രൂപ കൈക്കൂലി; സർക്കാർ ഡോക്ടറെ കൈയ്യോടെ പൊക്കി വിജിലൻസ്

Latest Videos
Follow Us:
Download App:
  • android
  • ios