തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നം; കോൺഗ്രസ്-സിപിഎം ജനപ്രതിനിധികൾക്കെതിരെ വിമര്‍ശനവുമായി രാജിവ് ചന്ദ്രശേഖര്‍
രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാൽവിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെ അനിശ്ചിതത്വം കനത്തു.
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്നത്തിൽ എംപിയടക്കമുള്ള ജനപ്രതിനിധികളെയും തിരുവനന്തപുരം കോര്‍പ്പറേഷനെയും വിമര്‍ശിച്ച് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. 'ബാര്‍സലോണ കോൺഗ്രസ് എംപി'യുടെയും, ഇൻഡി അലയൻസ് സഖ്യകക്ഷി സിപിഎം നിയന്ത്രിക്കുന്ന കോര്‍പ്പറേഷന്റെയും ബസിന് പിന്നാലെ ഓടുന്ന മേയറുടെയും ആറ് എംഎംൽഎമാരുടെയും 'എനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന' നിലപാടുകൊണ്ട് ദുരിതം പേറുന്നത് തിരുവനന്തപുരത്തെ ജനങ്ങളാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
തിരുവനന്തപുരം കന്യാകുമാരി റെയിൽവെ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. നാൽപ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീരാതായതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തിരുവനന്തപുരം നഗരസഭയിലെ നാൽപ്പത്തിനാല് വാര്‍ഡുകളിൽ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയില്ല. കനത്ത പ്രതിഷേധങ്ങൾക്കിടെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാൽവിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെ അനിശ്ചിതത്വം കനത്തു.
ടാങ്കറിൽ വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനം പലയിടങ്ങളിലും വെറുംവാക്കായി. വെള്ളമില്ലാതെ വീടുപേക്ഷിച്ച് പോകേണ്ട ഗതികേടിലേക്ക് വരെ നാട്ടുകാരെത്തി. ജനപ്രതിനിധികളടക്കം പ്രതിഷേധമുയര്‍ത്തി. മണിക്കൂറുകളെടുത്താണ് ചോര്‍ച്ചയുള്ള വാൽവിൽ അറ്റകുറ്റപ്പണി നടത്തിയത്. പൈപ്പ് മാറ്റിയിടുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കി വേണം പമ്പിംഗ് തുടങ്ങാൻ. ആദ്യ മണിക്കൂറിൽ പൈപ്പ് ലൈൻ വൃത്തിയാക്കും. പിന്നീട് വേണം കുടിവെള്ളം എത്തിക്കാൻ. അതേസമയം, പമ്പിങ് തുടങ്ങിയതായി മേയര‍് ആര്യ രാജേന്ദ്രൻ അറിയിച്ചു. എന്നാൽ ചോര്‍ച്ചയടക്കമുള്ള മറ്റ് പ്രശ്നങ്ങൾ ഇല്ലെങ്കിൽ എല്ലായിടത്തും വെള്ളമെത്തി നഗരത്തിലെ കുടിവെള്ള പ്രതിസന്ധി പൂര്‍ണ്ണമായും പരിഹരിക്കാൻ ഇനിയും മണിക്കൂറുകളെടുക്കുമെന്നാണ് കരുതുന്നത്.