ഗര്‍ഭിണികളും രോഗികളും പ്രത്യേകം ശ്രദ്ധിക്കണം, പനി, ചുമ, വിറയലും ഒക്കെയാണ് ലക്ഷണങ്ങൾ, ഇൻഫ്ലുവൻസ പനി പടരുന്നു
ജലദോഷം, ചുമ, പനിതൊണ്ട വേദന തലവേദന ശരീര വേദന, ക്ഷീണം, വിറയൽ, എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ
കാസര്‍കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ളുവൻസ പനി പടരുന്നതായി റിപ്പോർട്ട്. കാസർകോട് ജില്ലയിലെ പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ ശേഖരണത്തിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസാ എ വിഭാഗത്തിൽ പ്പെട്ട പനിയാണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം. എച്ച്1എൻ1, എച്ച്3എൻ2 എന്നീ വിഭാഗത്തിൽ പ്പെട്ട വൈറസുകളാണ് പനിക്ക് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ ഒരു കുട്ടിക്ക് കൂടി എച്ച്1എൻ1 ഉണ്ട് എന്ന് തിരിച്ചറിഞ്ഞിരുന്നു. പനി ബാധിച്ച് ആശുപത്രിയെ സമീപിക്കുന്ന രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് ചികിത്സ ഉറപ്പാക്കണമെന്നും ജില്ല മെഡിക്കൽ ഓഫീസർ ഡോ ഏ വി രാംദാസ് അറിയിച്ചു.
കുട്ടികൾക്ക് പനി ബാധിച്ചത് അറിഞ്ഞ ഉടനെ ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ടീം അവിടെ സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. രോഗ ലക്ഷണങ്ങൾ പ്രകടമാക്കിയ എല്ലാ കുട്ടികൾക്കും ഹോസ്റ്റലിൽ തന്നെ പ്രത്യേക താമസ സൗകര്യം ഏർപ്പെടുത്തുകയും ആവശ്യമായ ബോധവൽകരണം നൽകുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ ടീം ആവശ്യമായ പരിശോധന നടത്തുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന കുട്ടികൾ ആണ് ഇവിടെ പഠിക്കുന്നത്.
നാട്ടിൽ പനി പടരാൻ സാധ്യത നിലനിൽക്കുന്നതിനാൽ ഗർഭിണികൾ കിടപ്പുരോഗികൾ, മറ്റ് ഗുരുതര രോഗമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ജലദോഷം, ചുമ, പനിതൊണ്ട വേദന തലവേദന ശരീര വേദന, ക്ഷീണം, വിറയൽ, എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ ഛർദ്ദിയും വയറിളക്കവും കൂടെ ഉണ്ടാകും. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ച് വായും മൂക്കും മറക്കുക, കൈകൾ സോപ്പിട്ട് കൂടെ കൂടെ കഴുകുക. മാസ്ക് ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുക, പോഷക ആഹാരം കഴിക്കുക തുങ്ങിയവ അനുവർത്തിക്കണം.
രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേക്ക് വൈറസ് വ്യാപിക്കുന്നു. ഇത് ശ്വസിക്കുമ്പോഴും വൈറസിനാൽ മലിനമിക്കപ്പെട്ട വസ്തുക്കളുമായി സന്ധർക്കമുണ്ടാകുമ്പോഴു മാണ് രോഗപകർച്ച ഉണ്ടാകുന്നത്.എച്ച്1എൻ1 രോഗ നിയന്ത്രണത്തിനായും ചികിത്സക്കുമായി ആരോഗ്യ വകുപ് പ്രത്യേക മാർഗനിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട്. ഗർഭിണികൾ, പ്രായമുള്ളവർ രോഗപ്രതിരോധശേഷി കുറഞ്ഞവർ മറ്റ് പ്രത്യേക അസുഖമുള്ളവർ എന്നിവർക്ക് കാറ്റഗറി അനുസരിച്ച് ആൻ്റി വൈറൽ മരുന്ന് ഒസൾട്ടാമിവിർ ഗുളിക നൽകും.
എല്ലാവർക്കും ഇത് ആവശ്യമില്ല.. ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ഒസർട്ടാമിവിർ ഗുളിക സ്റ്റോക്ക് ഉണ്ട്. പനി രോഗികൾ ഇളം ചൂടുള്ളതും പോഷക ഗുണമുള്ളതുമായ പാനീയങ്ങൾ ധാരാളമായി കുടിക്കുക, പോഷക ആഹാരം കഴിക്കുക, പൂർണ്ണ വിശ്രമം എടുക്കുക തുടങ്ങിയവ ചെയ്യണം. വൈറൽ പനിയായതിനാൽ ഒരാഴ്ചയോളം നീണ്ടു നിന്നേക്കാം. രോഗ ബാധിതരെ കഴിവതും സന്ദർശിക്കാതിരിക്കുക. സന്ദർശിച്ചാൽ ഒരു മീറ്റർ അകലം പാലിക്കുക എന്നിവ ചെയ്യണം. പനിയുണ്ടായാൽ സ്വയം ചികിത്സ നേടാതെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ സന്ദർശിക്കണം.
സ്കൂളിലെ സൗജന്യ മെഡിക്കൽ ക്യാംപിൽ ലൈംഗികാതിക്രമം, 12 പെൺകുട്ടികളുടെ പരാതി, 28കാരനായ ഡോക്ടർ അറസ്റ്റിൽ