'അൻവറിന് കുമാരപിള്ള സിന്‍ഡ്രോം, വിരട്ടൽ മുഖ്യമന്ത്രിയോട് മതി'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷിയാസ്
കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉണ്ടെങ്കിൽ അൻവർ തെളിവ് ഹാജരാകട്ടെയെന്നും മുഹമ്മദ് ഷിയാസ് വെല്ലുവിളിച്ചു
കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. അൻവർ വീണ്ടും തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുകയാണെന്നും നാവിനു എല്ലില്ലാത്ത വ്യക്തിയാണെന്നും ഷിയാസ് ആരോപിച്ചു. ഇന്ന് അൻവർ ഉയർത്തിയ ആരോപണം യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ്. നേരത്തെ ഉയർത്തിയ ആരോപണങ്ങളിൽ നടപടി ഇല്ലാത്തതും വസ്തുത ഇല്ലാത്തതു കൊണ്ടാകാം വീണ്ടും ആരോപണം ഉയര്‍ത്തുന്നത്.
എന്തെങ്കിലും അടിസ്ഥാനം ഉണ്ടെങ്കിൽ സ്വന്തം പാർട്ടി എങ്കിലും ഗൗനിക്കണം. അൻവർ ഒരുപാട് കേസുകളിലെ പ്രതി ആണ്. താൻ ക്വട്ടേഷൻ സംഘാംഗം എന്ന ആരോപണം ബാലിശമാണ്. സ്വന്തം പാർട്ടി പോലും ആരോപണങ്ങൾ പരിഗണിക്കുന്നല്ലെങ്കിൽ ആ പാർട്ടിയിൽ നിന്ന് ഇറങ്ങണം.
പി വി അൻവർ കുരയ്ക്കുകയെ ഉള്ളു കടിക്കില്ല. ഷിയാസിനെ വിരട്ടാൻ അൻവർ ആളായിട്ടില്ല. കുമാരപിള്ള സിൻഡ്രോം ആണ് അൻവറിനെന്നും നല്ല നേതാക്കൾക്കെതിരെ അനാവശ്യ ആരോപണം ഉന്നയിക്കുകയാണെന്നും ഷിയാസ് ആരോപിച്ചു. സന്ദേശം സിനിമയിലെ കുമാരപിള്ള സഖാവിന്‍റെ സിന്‍ഡ്രോം ആണ് ഇപ്പോള്‍ അന്‍വറിനെ ബാധിച്ചിരിക്കുന്നത്. നാട്ടിലെ നല്ലവരായ ആളുകളെ കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന സിനിമയിലെ കുമാരപിള്ള സഖാവിന്‍റെ രീതിയാണ് അൻവര്‍ ഇപ്പോള്‍ തുടരുന്നത്.
അൻവറിന്‍റെ വിരട്ടൽ കോൺഗ്രസിനോട് വേണ്ട, മുഖ്യമന്ത്രിയോട് മതി. കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉണ്ടെങ്കിൽ അൻവർ തെളിവ് ഹാജരാകട്ടെ. തെളിവ് ഉണ്ടെകിൽ മറുപടി നൽകാം. ദുരാരോപണം നടത്തുന്നത് രാഷ്ട്രീയ നേട്ടത്തിനാണ്. വനിത പ്രവർത്തകയുടെ പരാതിയിൽ കെപിസിസി അന്വേഷണം നടത്തുന്നുണ്ട്. വേണമെങ്കിൽ പൊലീസിൽ പരാതി നൽകാം. കോൺഗ്രസ് സഹായം നൽകും. സിപിഎം പോലെ പാർട്ടി കോടതി കോൺഗ്രസിൽ ഇല്ല. സിപിഎം നേതാവിന്‍റെ മുറിയിൽ ഒളിക്യാമറ വെച്ച പാർട്ടിയാണ് സിപിഎം ഇത്തരം കാര്യങ്ങളൊക്കെ അന്വേഷിക്കാൻ അൻവർ പറയണമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഹോം നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; പ്രതിയായ യുവാവ് അറസ്റ്റിൽ